സമൂഹമാധ്യമങ്ങ‌ളിലൂടെ അപകീർത്തി: രമേശിന്റെ പരാതി പരിശോധിക്കുന്നത് ഒന്നരവർഷം കഴിഞ്ഞ്

letter-chennithala
SHARE

തിരുവനന്തപുരം∙ സമൂഹ മാധ്യമങ്ങളിലൂടെ അപകർത്തിപ്പെടുത്തിയവർക്ക് എതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതി പൊലീസ് പരിശോധിക്കുന്നത് ഒന്നര വർഷത്തിനു ശേഷം. 2017 മാർച്ചിൽ നൽകിയ പരാതിക്ക് കാരണമായ ഫെയ്സ്‌ബുക് പോസ്റ്റുകളുടെ ലിങ്ക് ഹാജരാക്കാൻ കഴിഞ്ഞ 14നാണ് പൊലീസ് ചെന്നിത്തലയ്ക്ക് കത്തു നൽകിയത്.

പ്രതിപക്ഷ നേതാവ് സമർപ്പിച്ച പരാതിയിൽ ഹൈടെക് ക്രൈം എൻക്വയറി സെൽ അന്വേഷണം നടത്തിയെന്നും, പരാതിയിൽ പറയുന്ന ‘പോരാളി ഷാജി’, ചെഗുവേര ഫാൻസ്.കോം എന്നീ ഫെയ്സ്ബുക് പേജുകളിൽ ഇപ്പോൾ പോസ്റ്റുകൾ കാണാനില്ലെന്നും പൊലീസ് നൽകിയ കത്തിൽ പറയുന്നു. പ്രതിപക്ഷ നേതാവെന്ന പദവിയെ അവഹേളിക്കുന്ന രീതിയിലാണ് പൊലീസ് പെരുമാറുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് ആരോപിച്ചു.

മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ ആക്ഷേപിക്കുന്ന തരത്തിൽ സമൂഹ മാധ്യമത്തിൽ പോസ്റ്റിടുന്നവരെ ദിവസങ്ങൾക്കുള്ളിൽ അറസ്റ്റു ചെയ്യുന്ന പൊലീസ് പ്രതിപക്ഷ നേതാവിന്റെ പരാതികൾ മുഖവിലയ്ക്കെടുത്തില്ല. പ്രതിപക്ഷ നേതാവിന്റെ പരാതിക്ക് വർഷങ്ങൾക്കുശേഷം മറുപടി നൽകുന്നത് ഇതിനു തെളിവാണ്. നിയമസഭയിലടക്കം ഈ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA