തലസ്ഥാനത്ത് ഇന്ന് അയ്യപ്പഭക്ത സംഗമം

SHARE

തിരുവനന്തപുരം ∙ ആചാര സംരക്ഷണം ആവശ്യപ്പെട്ടു ശബരിമല കർമസമിതി ഇന്നു പുത്തരിക്കണ്ടം മൈതാനിയിൽ അയ്യപ്പഭക്തരുടെ വൻ സംഗമം ഒരുക്കും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നായി രണ്ടു ലക്ഷം പേർ പങ്കെടുക്കുമെന്നു സംഘാടകർ അറിയിച്ചു. മ്യൂസിയം, പിഎംജി എന്നിവിടങ്ങളിൽ നിന്നു മൂന്നു മണിക്കു നാമജപ ഘോഷയാത്രകൾ ആരംഭിക്കും. ഇവ എൽഎംഎസ് ജംക്‌ഷനിൽ ഒന്നിച്ചു പുത്തരിക്കണ്ടം മൈതാനിയിലേക്ക്. ഇതിനു പുറമേ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നാമജപയാത്രകൾ എത്തും. നാമജപ ഘോഷയാത്രകൾ നഗരം ചുറ്റുന്നതിനിടയിൽത്തന്നെ 4നു യോഗം ആരംഭിക്കും.

മാതാ അമൃതാനന്ദമയി സംഗമം ഉദ്ഘാടനം ചെയ്യും. കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷനായിരിക്കും. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തും. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ മഠങ്ങളിലെയും ആശ്രമങ്ങളിലെയും ആചാര്യന്മാരും സന്യാസിമാരും സംഗമത്തിനെത്തും. 200 സമുദായ സംഘടനാ നേതാക്കളും സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണു കർമസമിതിയുടെ തീരുമാനം. ഇതിനു മുന്നോടിയായിട്ടാണ് അയ്യപ്പഭക്ത സംഗമം.

നേരത്തെ കൂടുതൽ പ്രവർത്തകരെ അണിനിരത്തി സെക്രട്ടേറിയറ്റ് വളയാൻ കർമസമിതിയും ബിജെപിയും തീരുമാനിച്ചിരുന്നു. അതുപേക്ഷിച്ചാണു 2 ലക്ഷം പേരെ പങ്കെടുപ്പിച്ച് ഭക്തസംഗമം തീരുമാനിച്ചത്. നഗരത്തിൽ ഉച്ചയ്ക്ക് ഒരുമണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.

നൂറിലേറെ ദിവസമായി അയ്യപ്പഭക്തന്മാർ സഹന സമരത്തിലാണെന്നും ഭക്തസംഗമം ചരിത്രമാകുമെന്നും കർമസമിതി ദേശീയ കൺവീനർ എസ്.െജ.ആർ.കുമാർ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA