നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്യാതെ കടകംപള്ളി; ശരിവയ്ക്കുന്നു, തെളിവില്ലെന്ന് ദേവസ്വം ബോർഡ്

Kadakampalli-Surendran
SHARE

തിരുവനന്തപുരം ∙ ശബരിമലയിലെ വെർച്വൽ ക്യു സംവിധാനം ഉപയോഗിച്ച 51 യുവതികൾ സന്നിധാനത്തേക്കല്ലാതെ പിന്നെയെവിടെ പോകാനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്നാൽ ഇവർ സന്നിധാനത്തെത്തിയോ എന്ന ചോദ്യത്തിന് അതെങ്ങനെ ഉറപ്പിക്കാൻ കഴിയുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. 

വെർച്വൽ ക്യൂവിൽ എത്തിയവരുമായി ബന്ധപ്പെട്ട രേഖകളിലുള്ള വിവരങ്ങളുടെ പട്ടികയാണത്. സുപ്രീംകോടതി വിധിയെത്തുടർന്ന്, കഴിഞ്ഞ സെപ്റ്റംബർ 28 മുതൽ പ്രായം പരിശോധിക്കുന്ന സംവിധാനം ശബരിമലയിലില്ല. അതിനു ശേഷം ആരൊക്കെ കടന്നുപോയെന്നു വ്യക്തമായ ചിത്രം സർക്കാരിന്റെ പക്കലില്ല. 

അതു പരിശോധിക്കേണ്ട കാര്യവും സർക്കാരിനില്ല. വേറെയും യുവതികൾ കടന്നുപോയിട്ടുണ്ടാകാം. ആകെയുള്ളതു  വെർച്വൽ ക്യൂവിൽ നിന്നുള്ള വിവരമാണ്. എന്നാൽ ബിന്ദുവും കനകദുർഗയും ഓൺലൈനായി റജിസ്റ്റർ ചെയ്തവരല്ല.

തിരുവനന്തപുരം ∙ സർക്കാർ പട്ടികയെ ദേവസ്വം ബോർഡും ശരിവയ്ക്കുകയാണ്. സർക്കാർ പറയുന്നത് വിശ്വസിക്കാതെ തരമില്ലെന്നും ബോർഡിന്റെ കൈവശം കണക്കോ തെളിവുകളോ ഇല്ലെന്നും ബോർഡ് അംഗങ്ങളായ കെ.പി.ശങ്കരദാസും എൻ.വിജയകുമാറും വ്യക്തമാക്കി. 

സർക്കാർ കണക്ക് അവിശ്വസിക്കേണ്ട കാര്യമില്ല. ഈ യുവതികളാരും തങ്ങൾ പ്രചാരണത്തിനായി ശബരിമലയിലെത്തിയവരല്ല. അതിനാലാകും ഇവരുടെ വിവരം പുറത്ത് അറിയാതിരുന്നത്.

 ദേവസ്വം ബോർഡിനു കണക്കെടുക്കാൻ സംവിധാനങ്ങളില്ല. സർക്കാർ പട്ടിക പ്രകാരം സുപ്രീംകോടതി വിധി നടപ്പായി എന്നു കരുതാം. –അവർ പറഞ്ഞു.

സർക്കാർ കണക്ക് അസത്യം: പന്തളം കൊട്ടാരം

ശബരിമല ∙ സർക്കാർ കണക്കിൽ വിശ്വസിക്കുന്നില്ലെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി ജനറൽ സെക്രട്ടറി പി എൻ. നാരായണവർമ. ഓൺലൈനിൽ ബുക്ക് ചെയ്ത സ്ത്രീകളുടെ പട്ടിക മാത്രമാണിത്. മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാവരും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു. അതിനാൽ എത്ര പേർ കയറിയെന്ന് എല്ലാവർക്കും അറിയാം. വേഷം മാറ്റി 2 പേരെ എത്തിച്ചു. കുറുക്കുവഴിയിലൂടെ തിരുമുറ്റത്ത് കയറ്റി ഇറക്കി. അതല്ലാതെ ഒന്നും നടന്നതായി ആരും പറഞ്ഞു കേൾക്കുന്നില്ല. ശബരിമലയുടെ കാര്യത്തിൽ മാത്രം സർക്കാരിന് എന്താണ് ഇത്ര പിടിവാശിയെന്ന് മനസ്സിലാകുന്നില്ല.

സർക്കാർ കണക്കിൽ വിശ്വസിക്കുന്നില്ലെന്നും അയ്യപ്പസന്നിധിയിലെ ചടങ്ങുകൾക്കു വന്നതിനാൽ പ്രതികരിക്കുന്നില്ലെന്നും രാജപ്രതിനിധി മൂലംനാൾ രാഘവവർമ രാജാ പറഞ്ഞു.

പട്ടിക അസംബന്ധമാണെന്നു പന്തളം കൊട്ടാര നിർവാഹകസംഘം പ്രസിഡന്റ് പി. ജി. ശശികുമാരവർമ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA