മാന്ദാമംഗലം പള്ളി: സമാധാന വ്യവസ്ഥകൾ അംഗീകരിച്ച് ഇരുപക്ഷവും

SHARE

തൃശൂർ ∙ മാന്ദാമംഗലം പള്ളിത്തർക്കത്തിൽ സമാധാന ധാരണയ്ക്കുള്ള ഉപാധികൾ യാക്കോബായ സഭയും അംഗീകരിച്ചതോടെ പ്രശ്നത്തിനു താൽക്കാലിക പരിഹാരം. ആരാധനയ്ക്കുള്ള അവകാശം സംബന്ധിച്ചു ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ വിധിവരുന്നതു വരെ സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കില്ലെന്ന് അവർ കലക്ടർക്കു രേഖാമൂലം ഉറപ്പുനൽകി. പള്ളിയിൽ പ്രവേശിക്കില്ലെന്നു കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭയും ഉറപ്പുനൽകിയിരുന്നു. 

അവകാശത്തർക്കത്തെത്തുടർന്നു വ്യാഴാഴ്ച രാത്രി കല്ലേറും സംഘർഷവുമുണ്ടായ മാന്ദാമംഗലം പള്ളിയിൽ സ്ഥിതി ശാന്തമാക്കാൻ കഴിഞ്ഞദിവസം കലക്ടർ യോഗം നടത്തിയെങ്കിലും ആരാധനാസ്വാതന്ത്ര്യം സംബന്ധിച്ചു ധാരണയിലെത്താൻ കഴിഞ്ഞില്ല. സഭാനേതൃത്വവുമായി ആലോചിക്കുന്നതിന് ഇന്നലെ ഉച്ചവരെ യാക്കോബായ സഭാംഗങ്ങൾ സാവകാശം തേടിയിരുന്നു. ഇന്നു പള്ളിയിൽ പതിവു കുർബാന നടത്താൻ അനുവദിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ, ഇന്നലെ കലക്ടറുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ അവർ ഉപാധികൾ അംഗീകരിച്ചു. 

യാക്കോബായ, ഓർത്ത‍ഡോക്സ് സഭാംഗങ്ങൾ ഹൈക്കോടതി ഉത്തരവു വരുന്നതുവരെ പള്ളിയിൽ ആരാധനയ്ക്കോ മറ്റാവശ്യങ്ങൾക്കോ പ്രവേശിക്കില്ല. ഹൈക്കോടതിയിൽ യാക്കോബായ വിഭാഗം നിയമ നടപടികൾ തുടരും. ഇന്നു നടത്തേണ്ട കുർബാനയ്ക്കു ബദൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ അറിവോടെയല്ലാതെ ഇരു സഭാംഗങ്ങളും സെന്റ് മേരീസ് പള്ളിയിലെത്തില്ല എന്നും ധാരണയായി. കല്ലേറിനെത്തുടർന്നു ഹൃദയാഘാതമുണ്ടായി ഗുരുതരാവസ്ഥയിൽ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യാക്കോബായ സഭാംഗം ഏബ്രഹാം പാറയ്ക്കലിന്റെ നിലയിൽ നേരിയ പുരോഗതിയുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA