രേഷ്മയും ഷാനിലയും വീണ്ടുമെത്തി; നിലയ്ക്കലിൽനിന്നു തിരിച്ചയച്ചു

reshma-shanila
SHARE

ശബരിമല ∙ സന്നിധാനത്തേക്കു പോകാനായി വീണ്ടും എത്തിയ കണ്ണൂർ സ്വദേശികളായ രേഷ്മ നിശാന്തിനെയും ഷാനില സജേഷിനെയും പൊലീസ് നിലയ്ക്കലിൽ നിന്നു നാടകീയമായി തിരിച്ചയച്ചു. പുല്ലുമേട് വഴി എത്തുമെന്ന സൂചനയെ തുടർന്നു തടയാനായി ഭക്തരും സംഘടിച്ചു. ബുധനാഴ്ച തീർഥാടകരുടെ പ്രതിഷേധത്തെ തുടർന്ന് തിരികെ പോയ ഇരുവരും ഇന്നലെ പുലർച്ചെ 5.15 ന് ആണ് 8 അംഗ സംഘത്തിനൊപ്പം 2 കാറുകളിലായി നിലയ്ക്കലിൽ എത്തിയത്. അപ്പോൾ പ്രതിഷേധക്കാർ ഉണ്ടായിരുന്നില്ല. എന്നാൽ പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ ശബരിമല കർമസമിതി പ്രവർത്തകരും തീർഥാടകരും തടയാനായി കാത്തുനിന്നു. 

യുവതികളെ സന്നിധാനത്തേക്കു കൊണ്ടുപോയാൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നു പൊലീസിനു സൂചന ലഭിച്ചു. നിലയ്ക്കൽ പൊലീസ് സ്പെഷൽ ഓഫിസറും ആന്റി ടെററിസ്റ്റ് ഫോഴ്സ് എസ്പിയുമായ എ.കെ. ജമാലുദീൻ ഇവരുമായി ചർച്ച നടത്തിയെങ്കിലും യുവതികൾ ഉറച്ചുനിന്നു. 

വേണമെങ്കിൽ പമ്പ വരെ കൊണ്ടുപോകാമെന്നും തീർഥാടകർ തടഞ്ഞാൽ അവരെ അറസ്റ്റ് ചെയ്തു നീക്കി മുന്നോട്ടു പോകുക ബുദ്ധിമുട്ടാണെന്നും അറിയിച്ചു. തടഞ്ഞാൽ അവിടെ നിന്ന് തിരിച്ചു പോരണമെന്നും അല്ലാതെ പൊലീസ് അകമ്പടിയോടെ സന്നിധാനത്ത് എത്തിക്കാൻ കഴിയില്ലെന്നും എസ്പി അറിയിച്ചെങ്കിലും അത് അവർക്ക് സ്വീകാര്യമായില്ല. തുടർന്ന് ഡിജിപിയെ വിവരം അറിയിച്ച ശേഷമാണ് ഇവരെ തിരിച്ചയയ്ക്കാൻ തീരുമാനിച്ചത്. 

നാടകീയം തിരിച്ചുപോക്ക് 

നാടകീയ രംഗങ്ങളിലൂടെ എല്ലാവരുടെയും ശ്രദ്ധതിരിച്ച ശേഷമാണ് ഇവരെ തിരികെ കൊണ്ടുപോയത്. ആദ്യം വനിതാ പൊലീസുകാരെ വേഷം മാറ്റിച്ച് മുഖംമറച്ച് ഇവരാണെന്നു തെറ്റിദ്ധരിപ്പിക്കും വിധം പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോയി. എല്ലാവരുടെയും ശ്രദ്ധ അതിലേക്ക് തിരിഞ്ഞതിനു ശേഷം രേഷ്മയെയും ഷാനിലയെയും മുഖംമറച്ച് വേറെ വാഹനത്തിൽ കൊണ്ടുപോവുകയായിരുന്നു.

പുല്ലുമേട് വഴി ഇവരെ കൊണ്ടുവരാൻ പൊലീസ് നീക്കം നടത്തുന്നതറിഞ്ഞ് പാണ്ടിത്താവളം മുതൽ പോടംപ്ലാവ് വരെ കർമസമിതി പ്രവർത്തകരും ഭക്തരും സംഘടിച്ചു. 2 മണിക്ക് വനപാലകർ പുല്ലുമേട്ടിൽ പാത അടച്ചതിനു ശേഷമാണ് ഭക്തർ മടങ്ങിയത്. 

‘പൊലീസ് വാക്കുമാറി’ 

ശബരിമല ∙ പൊലീസിലെ ഉന്നതരും രാഷ്ട്രീയ നേതാക്കളും ഉറപ്പുനൽകിയതനുസരിച്ചാണ് ഇന്നലെ വീണ്ടും എത്തിയതെന്ന് രേഷ്മ, ഷാനില എന്നിവരോടൊപ്പം ഉണ്ടായിരുന്ന ശ്രേയസ് കണാരൻ പറഞ്ഞു. പൊലീസിനെ വിശ്വസിച്ചാണ് വീണ്ടും വന്നത്. വാക്കുമാറുമെന്ന് അറിയില്ലായിരുന്നു. തങ്ങൾ വരുന്ന വിവരം ഒന്നോ രണ്ടോ പൊലീസ് ഓഫിസർമാർക്ക് അല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു. ഇതെങ്ങനെ ചോർന്നുവെന്ന് അന്വേഷിക്കേണ്ടതാണന്നും അദ്ദേഹം പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA