പട്ടികയിൽ പുരുഷന്മാരും 50 പിന്നിട്ട സ്ത്രീകളും; തിടുക്കം കാട്ടി; അബദ്ധമായി

sabarimala-supreme-court
SHARE

തിരുവനന്തപുരം/പത്തനംതിട്ട ∙ ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി വിജയകരമായി നടപ്പാക്കിയെന്നു കാണിക്കാൻ സംസ്ഥാനസർക്കാർ കാണിച്ച വ്യഗ്രതയാണ് 51 പേരുടെ പട്ടികയുമായി സുപ്രീംകോടതിയെ സമീപിക്കുന്നതിലേക്കു നയിച്ചത്. എന്നാൽ, ഇതിൽ പുരുഷനും അൻപതിലേറെ പ്രായക്കാരായ സ്ത്രീകളും ഉൾപ്പെട്ടത് സർക്കാരിനു തിരിച്ചടിയായി.

സുപ്രീംകോടതിയിൽ സമർപ്പിക്കാനായി തയാറാക്കുകയും സമർപ്പിക്കാമെനന്ന് കോടതിയിൽ പറയുകയും ചെയ്ത ആധികാരിക പട്ടികയാണ് ഇതെന്നത് ഗൗരവം വർധിപ്പിക്കുന്നു. മണ്ഡലകാലം അവസാനിപ്പിക്കുന്നതിനു മുൻപുതന്നെ ശബരിമലയിൽ യുവതീപ്രവേശം വേണമെന്ന് സർക്കാരിന് നിർബന്ധബുദ്ധിയുള്ളതായി നേരത്തേതന്നെ ആക്ഷേപമുയർന്നിരുന്നു. ജാഗ്രതയും സൂക്ഷ്മതയും ഇല്ലാതെ പട്ടിക തയാറാക്കിയത് ഇടതു മുന്നണിയിൽ തന്നെ ഇതിനകം വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

പട്ടികയിലെ 43 പേരും നാൽപത്തഞ്ചിനു മുകളിൽ പ്രായമുള്ളവരാണ്. മിക്കവരും ഓൺലൈൻ രജിസ്ട്രേഷനിൽ ആധാറിലെ പ്രായമാണു നൽകിയത്. ഇപ്പോൾ പ്രായം 50 കടന്നുവെന്നാണ് മിക്കവരും പറയുന്നത്. പട്ടികയിലെ ഏതാനും സ്ത്രീകളുടെ ഫോൺ നമ്പരുകളിൽ ബന്ധപ്പെട്ടപ്പോൾ സംസാരിക്കുന്നതു പുരുഷന്മാരാണ്. തങ്ങളുടെ കുടുംബത്തിലെ സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ടെന്നും പ്രായം 50 നു മേൽ ആണെന്നും അവർ പറയുന്നു. ഫോൺ നമ്പരുകൾ‍ ഇപ്രകാരം പരസ്യമാക്കിയതിൽ ചിലർക്കു പ്രതിഷേധവുമുണ്ട്.

പൊലീസും മുഖ്യമന്ത്രിയുടെ ഓഫിസും ഇതുവരെ പറഞ്ഞിരുന്നത് ബിന്ദുവും കനകദുർഗയും ഒരു ശ്രീലങ്കൻ യുവതിയുമുൾപ്പെടെ സന്നിധാനത്ത് എത്തിയെന്നായിരുന്നു. മുഖ്യമന്ത്രി തന്നെ സ്ഥിരീകരിച്ചവരുടെ പേരില്ലാത്ത പട്ടിക തയാറാക്കിയത് എന്തിന് എന്ന ചോദ്യവുമുയരുന്നുണ്ട്. കനകദുർഗ എന്ന പേരുണ്ടെങ്കിലും വിലാസം ചെന്നൈയിലേതാണ്.

സർക്കാർ നൽകിയ പട്ടികയിൽ ഉത്തരവാദിത്തമില്ലെന്ന് ദേവസ്വം ബോർഡും ഓരോ സമയത്തും ഡ്യൂട്ടിയിലുണ്ടായിരുന്നു പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞതും തിരിച്ചടിയായി. ഇതിനിടെ, പരംജ്യോതി മാത്രമല്ല പട്ടികയിലെ മറ്റു രണ്ടു പേർ കൂടി പുരഷന്മാരാണ് എന്ന വാദവും ഉയരുന്നുണ്ട്. പുതുച്ചേരി സ്വദേശി കലാവതി മനോഹർ, തമിഴ്നാട് വിളിപ്പുറം സ്വദേശി ദേവ ശിഖാമണി എന്നിവർ പുരുഷന്മാരാണ് എന്നാണു വെളിപ്പെടുത്തൽ. ഇതിൽ രണ്ടുപേർ ശബരിമലയിൽ എത്തിയിട്ടിലേയില്ലെന്നും പറയുന്നു.

പട്ടികയിൽ 23ാമതുള്ള കാഞ്ചിപുരം സ്വദേശി സീതയ്ക്ക് 45 വയസ്സെന്നാണു പട്ടികയിൽ; 53 വയസു കഴിഞ്ഞെന്നും ഇതിനു മുൻപും ശബരിമലയിലെത്തിയിട്ടുണ്ടെന്നും സീത പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA