ശബരിമല: ഹൈക്കോടതി തെറ്റായി ചെയ്തതു സുപ്രീം കോടതി തിരുത്തിയെന്ന് പിണറായി

pinarayi-vijayan-4
SHARE

തിരുവനന്തപുരം∙ ശബരിമലയിൽ യുവതീപ്രവേശം നിരോധിച്ച 1991 ലെ ഹൈക്കോടതി വിധി നിയമപ്രകാരമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതി തെറ്റായി ചെയ്തതു സുപ്രീം കോടതി തിരുത്തി. വിശ്വാസികൾക്കെതിരായി സുപ്രീം കോടതി ഒന്നും പറഞ്ഞിട്ടില്ല. ഭരണഘടന അനുശാസിക്കുന്ന സ്ത്രീപുരുഷ സമത്വം നടപ്പാക്കണമെന്നേ വിധിയിലുള്ളൂ. കോടതിയുടെ മെക്കിട്ടു കയറാൻ സാധിക്കാത്തതുകൊണ്ടാണു ചിലർ സർക്കാരിനെതിരെ തിരിയുന്നതെന്നും പിണറായി പറഞ്ഞു. ‘കേരളീയ സമൂഹത്തിന്റെ വലതുപക്ഷവൽക്കരണം’ എന്ന വിഷയത്തിൽ ഇഎംഎസ് അക്കാദമി സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1991 വരെ ശബരിമലയിൽ യുവതീപ്രവേശത്തിനു വിലക്കുണ്ടായിരുന്നില്ല. വലിയ തിരക്കിനിടെ ദർശനത്തിനു പോയില്ലെങ്കിലും മാസാദ്യ പൂജയിൽ സ്ത്രീകൾ പങ്കെടുത്തിട്ടുണ്ട്. അപ്പോഴാണു യുവതീപ്രവേശം വിലക്കി ഹൈക്കോടതിയിലെ ഒരു ജഡ്ജി ബോധപൂർവം ഉത്തരവിറക്കിയത്. ആ ബെഞ്ചിലെ മറ്റൊരു ജഡ്ജി ഇതിന് അനുകൂലമായിരുന്നില്ല. അദ്ദേഹം ഒഴിഞ്ഞുപോകുന്നതു വരെ കേസ് നീട്ടിവച്ചു. പിന്നീടു തന്നെപ്പോലെ ചിന്തിക്കുന്ന ജഡ്ജി എത്തിയപ്പോൾ യുവതീപ്രവേശം വിലക്കി ഉത്തരവിറക്കി.

തുടർന്ന് 2006 വരെ മാത്രം നിലനിന്നിരുന്ന ഒരു ആചാരം നാടിന്റെയാകെ ആചാരമായി മാറില്ല. സിപിഎമ്മിനൊപ്പം നിൽക്കുന്നവരിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. സർക്കാർ ഒരിക്കലും വിശ്വാസികൾക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിട്ടില്ല. ഈ വിഷയത്തിൽ സമരം ചെയ്ത സംഘടനകളുടെ ഉത്തരവാദപ്പെട്ടവർ തന്നെ അതു പരാജയമാണെന്നു സമ്മതിക്കുന്നു. എങ്കിലും സമൂഹത്തിൽ വർഗീയ ധ്രുവീകരണത്തിന് അവർ ശ്രമിക്കുന്നുണ്ട്. അശുദ്ധി ആരോപിച്ചു സ്ത്രീകളെ മാറ്റി നിർത്താനുള്ള നീക്കം പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും പിണറായി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA