പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട കേരളത്തെ ഭിന്നിപ്പിക്കാൻ ശ്രമമെന്നു പിണറായി

nregs
SHARE

കൊല്ലം ∙ പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട കേരളത്തെ ഭിന്നിപ്പിക്കാനാണു കോൺഗ്രസും ബിജെപിയും ശ്രമിച്ചതെന്നും ഇതിന്റെ തുടർച്ചയാണു ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിക്കു ശേഷമുള്ള നീക്കമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ഗ്രാമീണ തൊഴിലുറപ്പു തൊഴിലാളി (എൻആർഇജിഎസ് വർക്കേഴ്സ്) യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിഭേദമെന്യേ എല്ലാവരും ഒന്നിച്ചു പ്രള‍‍യത്തെ നേരിട്ടു ദിവസങ്ങൾ കഴിയും മുൻപേ അതു മനുഷ്യനിർമിത ദുരന്തമാണെന്നു വരുത്തിത്തീർത്തു. കേരളത്തെ സഹായിക്കേണ്ട സാഹചര്യം വന്നപ്പോൾ കേന്ദ്രം അറച്ചുനിന്നു. യുഎഇ 700 കോടി രൂപ വാഗ്ദാനം ചെയ്തപ്പോൾ അതു സ്വീകരിക്കേണ്ടെന്നു വച്ചു. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നു ഗഡുക്കളായി സംഭാവന പിരിക്കാനുള്ള ശ്രമങ്ങളെ യുഡിഎഫും ബിജെപിയും അവരുടെ സംഘടനകളും എതിർത്തു.

ശബരിമല യുവതീപ്രവേശം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. ലിംഗസമത്വം ഭരണഘടന ഉറപ്പു നൽകിയിട്ടുണ്ട്. അത്തരമൊരു രാജ്യത്തിലാണു സ്ത്രീകളെ പഴയ അവസ്ഥയിലേക്കു തള്ളിവിടുന്നത്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്കായി സമഗ്ര ക്ഷേമപദ്ധതി നടപ്പാക്കുന്നതു സർക്കാർ ഗൗരവമായി പരിഗണിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

എം.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻആർഇജിഎസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.രാജേന്ദ്രൻ, കെ.എൻ.ബാലഗോപാൽ, പി.കെ.ഗുരുദാസൻ, മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, എസ്.സുദേവൻ, സൂസൻ കോടി, മേയർ വി.രാജേന്ദ്രബാബു, എം.നൗഷാദ് എംഎൽഎ, വി.ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA