കോൺഗ്രസ് സമിതികൾ ഉടൻ; ചർച്ച തുടങ്ങി

congress-flag-1
SHARE

തിരുവനന്തപുരം∙ പുനഃസംഘടനയ്ക്കു ബദലായി സംസ്ഥാന കോൺഗ്രസ് നേതൃത്വം നിർദേശിച്ച പാർട്ടി സമിതികൾ ഉടൻ. ഇതു സംബന്ധിച്ച നിർദേശം ഇവിടെ അന്തിമമാക്കാൻ ചർച്ചകളാരംഭിച്ചു. തിരഞ്ഞെടുപ്പ് ഏകോപന സമിതി, തിരഞ്ഞെടുപ്പ് സമിതി, പ്രചാരണസമിതി, മാധ്യമപ്രചാരണ സമിതി എന്നിവയാണ് ഉദ്ദേശിക്കുന്നത്. ഇതിനു മുകളിൽ പൊതു മേൽനോട്ടത്തിന് അഞ്ചംഗ സമിതിയും ഉണ്ടാകും.

ഏകോപന സമിതിക്കായിരിക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുചുമതല. തിരഞ്ഞെടുപ്പ് സമിതി സ്ഥാനാർഥികളെ സംബന്ധിച്ച നിർദേശം അന്തിമമാക്കി ഇവിടെ നിന്നു ഹൈക്കമാൻഡിന് അയയ്ക്കും. കെ. മുരളീധരൻ അധ്യക്ഷനായ പ്രചാരണ സമിതി തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട തയാറെടുപ്പും ഏകോപനവും നിർവഹിക്കും. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഫലപ്രദമായി ഇടപെട്ടു പാർട്ടിക്കും യുഡിഎഫിനും വേണ്ട പ്രചാരണം ഉറപ്പാക്കുകയാണു നാലാമത്തെ സമിതിയുടെ കടമ.

20–25 പേരായിരിക്കും ഓരോ സമിതിയിലും. പൊതു മേൽനോട്ടത്തിന് ഉന്നതനേതാക്കൾ മാത്രമടങ്ങുന്ന ചെറിയ സമിതി വേണമെന്നാണു ഹൈക്കമാൻഡ് നിർദേശം. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഉറപ്പായും ഈ സമിതിയിലുണ്ടാകും. കെപിസിസി പുനഃസംഘടന അവതാളത്തിലായതോടെയാണു പകരം തിരഞ്ഞെടുപ്പു സമിതികളെന്ന ഫോർമുല ഉരുത്തിരിയുന്നത്.

പുനഃസംഘടനയിൽ പദവികളാഗ്രഹിക്കുന്ന വലിയ വിഭാഗത്തെ ഇതിൽ ഉൾപ്പെടുത്താനാണു ശ്രമം. സമിതികളിലേക്കു പേരുകൾ ഇവിടെ നിന്നു നൽകാൻ ഹൈക്കമാൻഡ് നിർദേശിച്ച സമയം കഴിഞ്ഞതിനാൽ വരുംദിവസങ്ങളിൽ തന്നെ അതു നൽകിയേക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA