ചിന്നക്കനാൽ ഇരട്ടക്കൊലപാതകം: പ്രതി വീണ്ടും കൊലപാതകത്തിന് പദ്ധതിയിട്ടു

bobin
SHARE

രാജകുമാരി(ഇടുക്കി) ∙ ചിന്നക്കനാൽ നടുപ്പാറയിൽ ഏലത്തോട്ടം ഉടമയെയും തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ  എസ്റ്റേറ്റ് സൂപ്പർവൈസർ കുളപ്പാറച്ചാൽ പഞ്ഞിപ്പറമ്പിൽ ബോബിൻ (36) മൂന്നാമതൊരു കൊലപാതകം കൂടി ആസൂത്രണം ചെയ്തിരുന്നതായി പൊലീസ്.

ബോബിനെ സഹായിച്ചതിന് അറസ്റ്റിലായ ചേരിയാർ കറുപ്പൻ കോളനി സ്വദേശി ഇസ്രബേലിനെ കൊലപ്പെടുത്താനായിരുന്നു ബോബിന്റെ പദ്ധതി.  ഇസ്രബേലിന്റെ ഭാര്യ കപിലയുമായി ബോബിൻ അടുപ്പത്തിലായിരുന്നു. സ്റ്റോറിലെ ഏലയ്ക്ക മോഷ്ടിച്ച് വിറ്റു കിട്ടുന്ന പണവുമായി മധുരയിൽ  പോയി കപിലയുമൊത്തു ജീവിക്കാനും ബോബിൻ തീരുമാനിച്ചിരുന്നതായും പൊലീസ് പറഞ്ഞു.  കേസിൽ ബോബിനെ സഹായിച്ചതിന് ഇസ്രബേലിനെയും ഭാര്യ കപിലയെയും പൊലീസ് രണ്ടു ദിവസം മുൻപ് അറസ്റ്റു ചെയ്തിരുന്നു. ഇരുവരും റിമാൻഡിലാണ്.

ഏലത്തോട്ടം ഉടമ കോട്ടയം മാങ്ങാനം കൊച്ചാക്കെൻ (കൈതയിൽ) ജേക്കബ് വർഗീസ് (രാജേഷ്–40), തൊഴിലാളി ചിന്നക്കനാൽ പവർഹൗസ് സ്വദേശി മുത്തയ്യ (55) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ബോബിനെ വ്യാഴാഴ്ച രാത്രി മധുരയിൽ നിന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു.

ഒരടി നീളമുള്ള നായാട്ട് കത്തി ഉപയോഗിച്ചാണു ജേക്കബിനെ കൊലപ്പെടുത്തിയതെന്നും  കൂടം കൊണ്ടു തലയ്ക്കടിച്ചും കമ്പി വടി കൊണ്ടും, തോക്കിന്റെ പാത്തി കൊണ്ടും അടിച്ചുമാണു മുത്തയ്യയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. ആദ്യം മുത്തയ്യയെയും പിന്നീട് ജേക്കബിനെയുമാണു കൊലപ്പെടുത്തിയത്. മുത്തയ്യയും ബോബിനും  തമ്മിൽ അര മണിക്കൂറോളം ഏറ്റുമുട്ടലുണ്ടായി. 

രണ്ടര മാസം മുൻപാണു കപിലയെ ബോബിൻ കുരുവിളാസിറ്റിയിലെ ആശുപത്രിയിൽ വച്ച് ആദ്യം കണ്ടത്.  കുട്ടിക്കു മരുന്നു വാങ്ങാനാണ് കപില ആശുപത്രിയിൽ എത്തിയത്. അന്ന് ഇരുവരും പരിചയപ്പെട്ട ശേഷം ബോബിൻ ഫോൺ നമ്പർ വാങ്ങി. പിന്നീട് കപിലയുടെ സുഹൃത്താണെന്ന പേരിൽ ഇസ്രബേലിനെയും ഫോണിൽ വിളിച്ച് പരിചയപ്പെട്ടു. പിന്നീട് പല തവണ ബോബിൻ ഇവരുടെ വീട്ടിലെത്തി. ഒറ്റയ്ക്കാണു കൊലപാതകങ്ങൾ നടത്തിയതെന്നു ബോബിൻ സമ്മതിച്ചു. കപിലയും ബോബിനും തമ്മിലുള്ള അടുപ്പം ഇസ്രബേലിന് അറിയില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

ജേക്കബ് വർഗീസിനെ  കുത്തുന്നതിനിടെ ബോബിന്റെ ഇടതു കൈയ്ക്കു മുറിവേറ്റതിനാലാണു, ഇസ്രബേലിനെ കൊലപ്പെടുത്തുന്ന പദ്ധതി ഉപേക്ഷിച്ചത്.  തമിഴ്നാട്ടിലേക്ക് രക്ഷപെട്ടതിന് ശേഷം കപിലയെ ഫോണിൽ വിളിച്ച് വരുത്താനായിരുന്നു തീരുമാനം. മധുരയിലെത്തുന്ന കപിലയുമായി വേളാങ്കണ്ണിയിലേക്ക് പോകാനും പദ്ധതിയിട്ടു. ബോബിൻ കപിലയെ ഫോണിൽ വിളിക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് ഇവരുടെ ഫോൺ കസ്റ്റഡിയിൽ വാങ്ങി.  മധുരയിലെത്തിയ ശേഷം ബോബിൻ പുതിയ ഫോൺ വാങ്ങി കപിലയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. ഇൗ ഫോൺ കോൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ബോബിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഇസ്രബേലിനും ഭാര്യ കപിലക്കുമെതിരെ കൊലപാതകത്തിന് കൂട്ടു നിന്നതിനൊപ്പം ഗൂഢാലോചന നടത്തിയതിനും തെളിവു നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA