മുനമ്പത്തുനിന്നു പുറപ്പെട്ട ബോട്ട് കണ്ടെത്താൻ ഓസ്ട്രേലിയൻ സേനയ്ക്കു നിർദേശം

Human-Trafficking-Bags
SHARE

കൊച്ചി ∙ മുനമ്പം മനുഷ്യക്കടത്ത് രാജ്യാന്തര അഭയാർഥിക്കുടിയേറ്റ വിഷയമായി മാറുന്നു. 12നു മുനമ്പത്തു നിന്നു ബോട്ടിൽ തിരിച്ച സംഘത്തിന്റെ ലഭ്യമായ വിവരങ്ങൾ ഇന്ത്യ അനൗദ്യോഗികമായി ഓസ്ട്രേലിയൻ സർക്കാർ ഏജൻസിക്കു കൈമാറി. ശ്രീലങ്കൻ അഭയാർഥികളും ഇന്ത്യക്കാരുമായി മുനമ്പത്തുനിന്നു തിരിച്ച ദയാമാതാ ബോട്ടു കണ്ടെത്താൻ ഓസ്ട്രേലിയയുടെ കുടിയേറ്റ നിയന്ത്രണ ഏജൻസിയായ ഡിപ്പാർട്‌മെന്റ് ഓഫ് ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ (ഡിഐബിപി) അതിർത്തി സുരക്ഷാ സേനയ്ക്ക് (ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ്) നിർദേശം നൽകിയതായി വിവരം ലഭിച്ചു. 2 മാസം മുൻപും മുനമ്പത്തു നിന്നു മനുഷ്യക്കടത്തു നടന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. 75 പേരടങ്ങുന്ന സംഘമാണ് അന്നു പോയത്.

കേരള പൊലീസിന്റെ കസ്റ്റഡിയിലുള്ള മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണി പ്രഭു ദണ്ഡവാണിയുടെ മൊഴിയനുസരിച്ച് ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റത്തിന്റെ ഇടത്താവളം ഇന്തൊനീഷ്യയിലെ ജാവയാണ്. ജാവയ്ക്കു സമീപം ചെറുദ്വീപുകളിലാണു മനുഷ്യക്കടത്തുകാരുടെ ബോട്ടുകൾ സുരക്ഷിതമായി അടുപ്പിക്കുക. കടൽ കടന്നെത്തുന്ന ശ്രീലങ്കൻ അഭയാർഥികളെ അവരുടെതന്നെ യാത്രാരേഖകളിലും ബംഗ്ലദേശ്, റോഹിൻഗ്യൻ അഭയാർഥികളെ വ്യാജ മലേഷ്യൻ പാസ്പോർട്ടിലുമാണു ജാവയിൽനിന്നു ചെറുസംഘങ്ങളായി ചരക്കുകപ്പലുകളിൽ ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ എത്തിക്കുന്നത്. ഡ്രൈവിങ് ലൈസൻസുള്ള ശ്രീലങ്കൻ അഭയാർഥികൾക്കും ആപ്പിൾത്തോട്ടം, ഡെയറി ഫാം എന്നിവിടങ്ങളിൽ പണിയെടുക്കാൻ താൽപര്യമുള്ളവർക്കും എളുപ്പം താൽക്കാലിക ജോലി ലഭിക്കും.

പിടിയിൽപെട്ടാൽ ജീവിതം പുനരധിവാസ ക്യാംപിൽ

കൊച്ചി ∙ അനധികൃത കുടിയേറ്റത്തിനായി ബോട്ടുകളിൽ എത്തുന്ന അഭയാർഥികൾ ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സിന്റെ പിടിയിൽ അകപ്പെട്ടാൽ ജീവിതം തുറന്ന ജയിലിനു തുല്യമായ പുനരധിവാസ ക്യാംപുകളിൽ തീരും. പപുവാ ന്യൂഗിനിയിലെ മേനസ് ദ്വീപ്, സ്വതന്ത്ര ഭരണാധികാരമുള്ള നാഉുറു ദ്വീപ് എന്നിവിടങ്ങളിലാണ് ഓസ്ട്രേലിയൻ സർക്കാർ അഭയാർഥി പുനരധിവാസ കേന്ദ്രങ്ങൾ നടത്തുന്നത്. സ്വന്തം രാജ്യത്തേക്കു മടങ്ങാൻ ഇവർ തയാറാകുന്നതുവരെ പുനരധിവാസ ക്യാംപുകളിൽ ഭക്ഷണം, വസ്ത്രം, ചികിത്സ എന്നിവ ലഭിക്കും. സ്വയം തൊഴിൽ കണ്ടെത്താനോ ദ്വീപിനു പുറത്തേക്കു സ്വതന്ത്രമായി സഞ്ചരിക്കാനോ അവകാശമില്ല.

പലപ്പോഴും പകർച്ചവ്യാധികൾ പിടിപെട്ട് ഇത്തരം ക്യാംപുകളിൽ കൂട്ടമരണങ്ങൾ സംഭവിക്കാറുണ്ടെങ്കിലും അതിന്റെ റിപ്പോർട്ടുകൾ പുറത്തുവരാറില്ല. ഐക്യരാഷ്ട്ര സംഘടനയും രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും ഇടപെട്ടതിനുശേഷം വിദേശരാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് അഭയാർഥി പുനരധിവാസ ക്യാംപുകൾ സന്ദർശിക്കാൻ നിയന്ത്രിത അനുമതി നൽകുന്നുണ്ട്. പക്ഷേ, അതിനായി 8000 യുഎസ് ഡോളർ( 5.70 ലക്ഷം രൂപ) കെട്ടിവയ്ക്കണം. 2011 ഡിസംബറിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ടു മുങ്ങി 250 പേരെ കാണാതായ സംഭവത്തിനു ശേഷമാണ് ഈ വിഷയത്തിൽ ഐക്യരാഷ്ട്ര സംഘടന ഇടപെട്ടത്. 2012 ജൂണിൽ ബോട്ടു മുങ്ങി 200 അഭയാർഥികളെയും കാണാതായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA