ഇനി തിരഞ്ഞെടുപ്പിന്റെ ശംഖൊലി: പുനര്‍നിര്‍മാണത്തിന്റെ ചൂടില്‍ എല്‍ഡിഎഫ്‌; ശബരിമല വിടാതെ ബിജെപിയും കോണ്‍ഗ്രസും

party
SHARE

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശം സംബന്ധിച്ച വിവാദങ്ങൾക്കും അതിനുള്ള ശ്രമങ്ങൾ സംസ്ഥാനമാകെ സൃഷ്ടിച്ച അനിശ്ചിതത്വത്തിനും താൽക്കാലികമായെങ്കിലും വിട. നട അടച്ചതോടെ പൊതുതിരഞ്ഞെടുപ്പിനുളള തയാറെടുപ്പുകളിലേക്കു 3 മുന്നണികളും കടക്കും. ശബരിമല തിരഞ്ഞെടുപ്പു സാധ്യതകളെ സ്വാധീനിക്കുന്ന വിഷയമായി തുടരുകയും ചെയ്യും. 

യുവതീപ്രവേശത്തിനെതിരായ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം ബിജെപി ഇന്നലെ അവസാനിപ്പിച്ചു. ലക്ഷ്യങ്ങളൊന്നും നേടിയില്ലെന്നു വിമർശിക്കുന്നവരോട് അതൊരു രാഷ്ട്രീയസമരം കൂടിയായിരുന്നില്ലേയെന്ന മറുചോദ്യമാണു ബിജെപി നേതാക്കളുടേത്. രാഷ്ട്രീയം മാത്രമാണ് എന്നതിനാലാണു തിരിഞ്ഞുനോക്കാതിരുന്നതെന്നു സർക്കാരും ചൂണ്ടിക്കാട്ടുന്നു.

49 ദിവസം നീണ്ട റിലേ ഉപവാസത്തിന്റെ പേരിൽ വിവാദങ്ങളും പരിഹാസങ്ങളും ഉയർന്നു. സമരം ഇടയ്ക്കു നിർത്താൻ ബിജെപി ആലോചിച്ചെങ്കിലും തുടരാനുള്ള നിർദേശം ആർഎസ്എസിന്റേതായിരുന്നു. ശബരിമലയിൽ യുവതികളാരും കയറില്ലെന്ന് ഉറപ്പാക്കി സമരം വിജയകരമായി തീർക്കാനായിരുന്നു ലക്ഷ്യമെങ്കിലും അതിനു സാധിച്ചില്ല. സമാപനദിനത്തിൽ തലസ്ഥാനത്തു മാതാ അമൃതാനന്ദമയിയുടെ ഐക്യദാർഢ്യം ലഭിച്ചുവെന്ന് ആശ്വസിക്കാനായി. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ഞായറാഴ്ച തൃശൂരിലെത്തുകയും പിന്നാലെ അമിത് ഷാ വരികയും ചെയ്യുന്നതോടെ തിരഞ്ഞെടുപ്പു സന്നാഹങ്ങളിലേക്കു ബിജെപി കടക്കും. ശബരിമല വിഷയം ചൂടോടെ നിർത്താൻ സാധ്യമായതെല്ലാം പാർട്ടി തുടരും. 

പുറത്തെ രാഷ്ട്രീയ കോലാഹലമൊന്നും സിപിഎമ്മിന്റെ സംഘടനായന്ത്രത്തിന്റെ ചലനത്തെ ബാധിക്കാറില്ലെങ്കിലും ശബരിമല അങ്ങനെയായിരുന്നില്ല. തുടങ്ങിവച്ച തിരഞ്ഞെടുപ്പു തയാറെടുപ്പുകൾ രണ്ടാമതും ശിൽപശാല നടത്തി ആവർത്തിക്കേണ്ടിവന്നു പാർട്ടിക്ക്. വിശ്വാസിസമൂഹത്തിലുള്ള എതിർപ്പിനെക്കുറിച്ചുളള ആശങ്ക മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസംഗത്തിലും പ്രകടമായി. നട അടച്ചതോടെ തിരഞ്ഞെടുപ്പിലേക്കു പാർട്ടിയും നവകേരള നിർമിതിയിലേക്കു സർക്കാരും ഗൗരവത്തോടെ കടക്കണമെന്നാണു ധാരണ. 

പുനർ‍നിർമാണം എങ്ങുമെത്തിയില്ലെന്ന പ്രതിപക്ഷ വിമർശനത്തിനു 3 മാസം കൊണ്ടു മറുപടി നൽകണമെന്നാണു തീരുമാനം. ഫെബ്രുവരി ആദ്യം കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും നയിക്കുന്ന മേഖലാ ജാഥകളിൽ ഇവ രണ്ടും വിശദീകരിക്കും. 

ശബരിമലയ്ക്കപ്പുറമുള്ള രാഷ്ട്രീയം ജനങ്ങളിലേക്കെത്തിക്കണമെന്ന തീരുമാനത്തിലാണു കോൺഗ്രസും യുഡിഎഫും. മോദി–പിണറായി സർക്കാരുകളെ തുറന്നുകാട്ടുന്ന പ്രചാരണത്തിനാണ് ഒരുങ്ങുന്നതെന്നു നേതാക്കൾ വ്യക്തമാക്കി. 29 ന് കൊച്ചിയിലെത്തുന്ന രാഹുൽഗാന്ധി കേരളത്തിലെ യുഡിഎഫിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനൗദ്യോഗിക തുടക്കം കുറിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ ഫെബ്രുവരി 3ന് ആരംഭിക്കുന്ന കേരളയാത്ര വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾക്കായി എല്ലാ ജില്ലകളിലും നേതൃയോഗങ്ങൾ നടക്കുകയാണ്. ശബരിമലയുടെ അലയൊലി അവസാനിക്കുന്നില്ലെന്നു കോൺഗ്രസും തിരിച്ചറിയുന്നു. അതേസമയം അതിന്റെ നേട്ടവും കോട്ടവും ഇഴപിരിച്ചെടുക്കാൻ തൽക്കാലം സാധിക്കുന്നുമില്ല. 

ശ്രദ്ധ സുപ്രീം കോടതിയിലേക്ക് 

ശബരിമല വിഷയത്തിൽ വീണ്ടും സുപ്രീം കോടതിയിലേക്കു ശ്രദ്ധ തിരിയുകയാണ്. യുവതീപ്രവേശ വിഷയത്തിലെ പുനഃപരിശോധനാഹർജികൾ അടക്കം അൻപതോളം ഹർജികൾ ശബരിമലയുമായി ബന്ധപ്പെട്ടു കോടതിയുടെ പരിഗണനയിലുണ്ട്. ഇതെല്ലാം നാളെ പരിഗണിക്കാനിരുന്നതാണെങ്കിലും ജസ്റ്റിസ് ഇന്ദുമൽഹോത്ര ചികിത്സയിലായതിനാൽ ഒരാഴ്ചയെങ്കിലും നീട്ടിവയ്ക്കുമെന്നാണ് അറിയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA