പ്രേമചന്ദ്രന‌ വേട്ടയാടാനുള്ള ശ്രമം ചെറുക്കും: ഉമ്മൻ ചാണ്ടി

oommen-chandy-and-nk-premachandran-1
SHARE

തിരുവനന്തപുരം ∙ എൻ.കെ.പ്രേമചന്ദ്രൻ എംപിയെ ഒറ്റപ്പെടുത്തി വേട്ടയാടാനുള്ള സിപിഎമ്മിന്റെ ശ്രമത്തെ കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. സിപിഎം പ‌ൊളിറ്റ് ബ്യൂറോ അംഗത്തെ തോൽപിച്ചു പാർലമെന്റിലെത്തിയ പ്രേമചന്ദ്രൻ സംഘപരിവാറിനെതിരെ പാർലമെന്റിലും പുറത്തും നടത്തിയ പോരാട്ടം രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടതാണ്. അത്തരമൊരു വ്യക്തിയെ സംഘിയാക്കാനുള്ള ശ്രമം കൊല്ലത്തും കേരളത്തിലും വിലപ്പോകില്ല. ആ വെള്ളം അങ്ങു വാങ്ങിവച്ചാൽ മതി. കൊല്ലം ബൈപാസിനുവേണ്ടിയുള്ള മൂന്നു ദശാബ്ദത്തിലധികം നീണ്ട കാത്തിരിപ്പാണു പ്രേമചന്ദ്രന്റെ ഇടപെടൽ മൂലം സഫലമായത്. ജനങ്ങൾക്ക് അതു ബോധ്യപ്പെട്ടതോടെ സിപിഎമ്മിനു വെറളിപിടിച്ചു.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതാണു പ്രശ്നമെങ്കിൽ കൊച്ചി മെട്രോ മൂന്നു തവണ മാറ്റിവയ്പ്പിച്ച് ആറുമാസം കാലവിളംബം വരുത്തി പ്രധാനമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച മുഖ്യമന്ത്രി പിണറായി വിജയനും കുറ്റക്കാരനാണ്. മെട്രോയുടെ ഉദ്ഘാടനത്തിനു മോദിയുടേതല്ലാതെ മറ്റൊരു പേരും ചിന്തിക്കാൻ പോലും കഴിയില്ലെന്നാണ് മുഖ്യമന്ത്രി അന്ന് അവിടെ പ്രസംഗിച്ചത്. യുപിഎ സർക്കാരിന്റെ കാലത്ത് ഡോ. മൻമോഹൻ സിങ് അനുമതിയും ഫണ്ടും നൽകിയ പദ്ധതിയിൽ മോദിക്ക് ഒരു പങ്കുമില്ലെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

മുത്തലാഖ് ബില്ലിൽ പ്രേമചന്ദ്രൻ പാർലമെന്റിൽ നടത്തിയ പ്രസംഗം രാജ്യവ്യാപകമായി ശ്രദ്ധിച്ചു. പൊതുസമൂഹത്തിലും മുസ്‌ലിം സമുദായത്തിലുമൊക്കെ പരക്കെ സ്വീകാര്യമായി. അതുകൊണ്ടാണു പ്രേമചന്ദ്രനെ സംഘിയാക്കാൻ സിപിഎം വ്യാജപ്രചാരണം നടത്തുന്നത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രേമചന്ദ്രനെതിരെ മോശം പദാവലി പ്രയോഗിച്ചപ്പോൾ അതിനു കൊല്ലത്തുകാർ നൽകിയ ചുട്ടമറുപടി സിപിഎം ഓർക്കുന്നതു നന്നായിരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA