അരികടത്തു തടയുന്നതിനു പകരം തമിഴ്നാട് മുഖ്യമന്ത്രിക്കു കത്തെഴുതിയിട്ട് എന്തുകാര്യം: രമേശ് ചെന്നിത്തല

Ramesh-Chennithala-4
SHARE

തിരുവനന്തപുരം∙ സപ്ലൈകോയുടെ പ്രളയത്തിൽ നശിച്ച അരി തമിഴ്നാട്ടിൽ നിന്നു വീണ്ടും കേരള വിപണിയിൽ എത്തുന്നതു തടയാൻ ഇവിടെ നിന്നുള്ള അരി കടത്തു പൂർണമായും തടയണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതി ഉത്തരവും സപ്ലൈകോ നിബന്ധനകളും ലംഘിച്ചു തമിഴ്‌നാട്ടിലെ അരി മില്ലുകളിലേക്കും കാലിത്തീറ്റ ഫാക്ടറികളിലേക്കും കേടായ അരി കടത്തുന്ന സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയും കടത്തു തടയുകയും ചെയ്യുന്നതിനു പകരം മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാടു മുഖ്യമന്ത്രിക്കു കത്തെഴുതിയിട്ട് എന്താണു പ്രയോജനമെന്നു രമേശ് ചോദിച്ചു.

തമിഴ്‌നാടു മുഖ്യമന്ത്രിക്കു കത്തെഴുതി ഉത്തരവാദിത്തം ആ സർക്കാരിന്റെ തലയിൽ കെട്ടി വച്ച ശേഷം മിണ്ടാതിരിക്കുകയാണു പിണറായി. നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്നതിനുള്ള വിദ്യ മാത്രമാണിത്. ഇതു സംബന്ധിച്ച വാർത്ത പുറത്തു വന്നതിനു ശേഷവും മില്ലുകളിൽ നിന്ന് യഥേഷ്ടം കേടായ അരി തമിഴ്‌നാട്ടിലെ അരി മില്ലുകളിലേക്കും മറ്റും പോകുന്നുണ്ട്. അതു തടയാൻ സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിബന്ധനകൾ ലംഘിച്ച കരാർ റദ്ദാക്കുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല. ഇതിനു വഴി വച്ചു കൊടുത്ത സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുത്തില്ല. ഒരു മില്ലിലെ വിവരം മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. ഇതു പോലെ 27 മില്ലുകളിൽ നിർബാധം ചീഞ്ഞ അരിയുടെ കടത്തു നടക്കുകയാണെന്നു രമേശ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA