ശബരിമല ക്ഷേത്രഭൂമി ബോർഡിന് കൈമാറാൻ തീരുമാനം

SHARE

തിരുവനന്തപുരം ∙ ശബരിമല ക്ഷേത്രം നിൽക്കുന്നതുൾപ്പെടെയുള്ള വനഭൂമിയെപ്പറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡും വനം വകുപ്പും തമ്മിൽ പതിറ്റാണ്ടുകളായി നിലനിന്ന തർക്കത്തിനു പരിഹാരമായി. ക്ഷേത്രം നിൽക്കുന്ന 13.5 ഏക്കർ ഭൂമി ദേവസ്വം ബോർഡിനു കൈമാറാൻ വനംവകുപ്പു തീരുമാനിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ. രാജു എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നടന്ന ചർച്ചയിലാണു തീരുമാനം.

ശബരിമല ക്ഷേത്രവും അനുബന്ധപ്രദേശങ്ങളും ഉൾപ്പെടെ 63.5 ഏക്കർ സ്ഥലമാണു ദേവസ്വം ബോർഡ് കൈവശം വച്ചിരുന്നത്. ഇതിൽ ക്ഷേത്രം നിൽക്കുന്ന സ്ഥലത്തെച്ചൊല്ലിയായിരുന്നു പ്രധാനമായും തർക്കമുണ്ടായിരുന്നത്.  രേഖകൾ പ്രകാരമുള്ള സ്ഥലം താമസിയാതെ ദേവസ്വം ബോർഡിനു വനംവകുപ്പു വിട്ടുനൽകും.  വനഭൂമിയിൽ പുതിയ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്നു ധാരണയുണ്ട്. മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നിർമാണ പ്രവർത്തനങ്ങൾക്കു മാത്രമേ അനുമതി ലഭിക്കൂ. ഇതിനു തടസം നിൽക്കില്ലെന്നു വനം വകുപ്പും വ്യക്തമാക്കി. നിർമാണ പ്രവർത്തനങ്ങൾ അടുത്ത തീർഥാടനകാലത്തിനു മുമ്പ് പൂർത്തിയാക്കാനാണു തീരുമാനം. കോൺക്രീറ്റ് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ നിർമാണത്തിനാണു മുൻഗണന.

പ്രളയത്തെ തുടർന്നു പമ്പയിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണൽ അടിയന്തരമായി നീക്കം ചെയ്യും. മണലിന്റെ ഉടമസ്ഥാവകാശം ബോർഡിനും വനംവകുപ്പിനുമായിരിക്കും. പമ്പയിലും നിലയ്ക്കലിലും നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ  മണൽ ദേവസ്വം ബോർഡിന് എടുക്കാം. ബാക്കി വരുന്നത് വനം വകുപ്പ് ലേലത്തിൽ വയ്ക്കും. മഴ വീണ്ടുമെത്തിയാൽ പമ്പയിൽ വീണ്ടും വെള്ളപ്പൊക്കമുണ്ടാകം എന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മണൽ പെട്ടന്നു നീക്കം ചെയ്യുന്നത്. മന്ത്രിമാർക്കു പുറമെ വനംവന്യജീവി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി, ദേവസ്വം സെക്രട്ടറി, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ദേവസ്വം ബോർ‍ഡ് അംഗങ്ങൾ, ദേവസ്വം കമ്മിഷണർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA