ബിഷപ് ഫ്രാങ്കോയ്ക്കെതിരായ സമരം: കന്യാസ്ത്രീയോട് വിശദീകരണം തേടി

kerala-nuns-protest
SHARE

ന്യൂഡൽഹി ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു നടത്തിയ സമരത്തിൽ പങ്കെടുത്ത കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ സിസ്റ്റർ നീന റോസിനോടു 26ന് ജലന്തറിലെ സഭാ ആസ്ഥാനത്തു ഹാജരായി വിശദീകരണം നൽകാനാവശ്യപ്പെട്ടു മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭ മദർ സുപ്പീരിയർ കത്ത് നൽകി.

ബിഷപ്പിനെതിരെയുള്ള സമരം അച്ചടക്ക ലംഘനമാണെന്നും സഭാ പരിപാടികളിൽ സിസ്റ്റർ നീന റോസ് സജീവമായി പങ്കെടുക്കുന്നില്ലന്നും സുപ്പീരിയർ ജനറലിന്റെ കത്തിൽ പറയുന്നു. ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീക്ക് അനുകൂലമായി നിലപാടെടുത്ത 5 സഹപ്രവർത്തകരിൽ ഒരാളാണ് സിസ്റ്റർ നീന റോസ്. 2016 ലാണ് സിസ്റ്റർ നീന കുറവിലങ്ങാട് മഠത്തിലെത്തിയത്.

2017 ൽ ചില മാറ്റങ്ങൾക്കു ശേഷം, മഠത്തിലെ മേലധികാരികളുമായി രമ്യതയിൽ പോകാനോ സഹകരിക്കാനോ സിസ്റ്റർ നീന തയാറാവുന്നില്ലെന്നു കത്തിൽ പറയുന്നു. ഇവർക്കൊപ്പം സമരത്തിലുണ്ടായിരുന്ന സിസ്റ്റർമാരായ അനുപമ, ജോസഫൈൻ, ആൽഫി, ആൻസിറ്റ എന്നിവരെ നേരത്തെ വിവിധയിടങ്ങളിലേക്കു മാറ്റി ഉത്തരവു നൽകിയിരുന്നു. സ്ഥലംമാറ്റ ഉത്തരവ് അംഗീകരിക്കില്ലെന്നും കേസ് തീരുന്നതു വരെ പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം നാടുകുന്ന് മഠത്തിൽ താമസിക്കുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

ജീവനു ഭീഷണിയുണ്ടെന്നറിയിച്ചു കന്യാസ്ത്രീകൾ നേരത്തെ മുഖ്യമന്ത്രിക്കും പൊലീസിനും അടക്കം പരാതി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ സിസ്റ്റർ നീന ജലന്തറിലേക്കു പോകുമോയെന്നതിൽ വ്യക്തതയില്ല. നേരിട്ടെത്തിയില്ലെങ്കിൽ അതു മനഃപൂർവമായ തിരസ്കാരമായി കാണുമെന്നും സഭാപരമായ ശിക്ഷാനടപടികൾക്ക് ഇടയാക്കുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്തു ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ലെന്നു സിസ്റ്റർ നീന റോസും സിസ്റ്റർ അനുപമയും പറഞ്ഞു. ജീവനു പോലും ഭീഷണിയുള്ള സാഹചര്യത്തിൽ ജലന്തറിലേക്കു പോകുന്നത് സുരക്ഷിതമല്ലന്ന നിലപാടിലാണിവർ. ബിഷപ് ഫ്രാങ്കോയ്ക്കെതിരായ കുറ്റപത്രം വൈകാതെ പാലാ കോടതിയിൽ സമർപ്പിക്കുമെന്നാണ് അറിയുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA