കേടായ അരി: ടെൻഡറിൽ നഷ്ടം കോടികൾ; ഉയർന്ന തുക വാഗ്ദാനം ചെയ്തയാളെ ഒഴിവാക്കി

cartoon
SHARE

തിരുവനന്തപുരം ∙ പ്രളയത്തിൽ നശിച്ച അരിയും നെല്ലും മില്ലുകളിൽനിന്നു നീക്കം ചെയ്യാൻ ഉയർന്ന തുക ക്വോട്ട് ചെയ്ത വ്യക്തിയെ ഒഴിവാക്കി ടെൻഡർ നൽകിയതു മൂലം സപ്ലൈകോയ്ക്കു നഷ്ടം 3.12 കോടി രൂപ. കരാർ എടുക്കുന്ന വ്യക്തി ഉപകരാർ നൽകാനോ അരി മില്ലുകൾക്കു കൈമാറാനോ പാടില്ലെന്ന ടെൻ‍ഡർ വ്യവസ്ഥയും ലംഘിക്കപ്പെട്ടു. 8.5 കോടി രൂപയുടെ ക്രമക്കേടിന്റെ മറ്റൊരു ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതിയിലുമുണ്ട്. ഈ അരി കാലിത്തീറ്റയായി പോലും ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധി ടെൻഡർ വ്യവസ്ഥയിൽ ഒഴിവാക്കിയതും ദുരൂഹം.

ഒക്ടോബറിലാണു ടെൻഡർ വിളിച്ചത്. സപ്ലൈകോ കരാറുകാരായ മില്ലുടമകളോ ഏജന്റുമാരോ പങ്കെടുക്കാൻ പാടില്ല, വീണ്ടും അരിയായോ അരിയുൽപന്നങ്ങളായോ വിൽക്കരുത്, വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം, കരാർ മറിച്ചു നൽകാനോ ഉപകരാർ നൽകാനോ പാടില്ല എന്നിവയായിരുന്നു വ്യവസ്ഥകൾ. മാനദണ്ഡങ്ങൾ പാലിക്കുന്ന 21 പേരുമായി നടപടികൾ പുരോഗമിക്കുന്നതിനിടെയാണ്, ടെൻഡർ കൂടാതെ ഇവ നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയെത്തിയത്. എന്നാൽ ടെൻഡറുമായി മുന്നോട്ടുപോകാമെന്നും അരിയും നെല്ലും മനുഷ്യരുടെയോ കന്നുകാലികളുടെയോ ഉപയോഗത്തിനു വീണ്ടും എത്തുന്നില്ലെന്നു സപ്ലൈകോ ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ടെൻഡറിൽ 14 പേർ വിവിധ മില്ലുകളിലെ കേടായ നെല്ലും അരിയും നീക്കാൻ ഉയർന്ന തുക വാഗ്ദാനം ചെയ്തു. വീണ്ടും നിരക്കുയർത്താൻ ഇവരുമായി 15നു ചർച്ച. പുതിയ നിരക്ക് 16നു സപ്ലൈകോ അംഗീകരിച്ചു. 19ന് ഇക്കാര്യം ഹൈക്കോടതിയെയും അറിയിച്ചു. അതിനു ശേഷമാണു കരാർ എടുത്ത ഒരു വ്യക്തിയിൽനിന്നു മാത്രം ഉയർന്ന നിരക്ക് ചോദിച്ചു വാങ്ങുകയും അതിലും കൂടുതൽ തുക നൽകാമെന്നറിയിച്ച കരാറുകാരനെ ഒഴിവാക്കിയതും. അതേസമയം, ടെൻഡർ നടപടി പൂർത്തിയായതിനാലാണ് ഉയർന്ന തുക പരിഗണിക്കാതിരുന്നതെന്ന വാദമാണു സപ്ലൈകോ സിഎംഡി എം.എസ്. ജയ ഉയർത്തുന്നത്.

ആ അരി ഇങ്ങോട്ടു വേണ്ട: എടപ്പാടിയോട് പിണറായി

തിരുവനന്തപുരം ∙ പ്രളയത്തിൽ നശിച്ച നെല്ലും അരിയും കഴുകി പോളിഷ്‌ ചെയ്‌തു വിപണിയിലെത്തിക്കാനുള്ള സാധ്യത തടയണമെന്ന് ആവശ്യപ്പെട്ടു തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. കേടായ അരിയും നെല്ലും തമിഴ്നാട്ടിലെ അരി മില്ലുകളിലേക്കും കാലിത്തീറ്റ ഫാക്ടറികളിലേക്കുമാണു കടത്തിയതെന്ന മനോരമ വാർത്തയെ തുടർന്നാണു കത്ത്.

അരിയും നെല്ലും ലേലം ചെയ്തു കൊടുത്തത് എറണാകുളം കാലടിയിലെ സൈറസ്‌ ട്രേഡേഴ്‌സിനാണെന്നു മുഖ്യമന്ത്രിയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇവ തിരുച്ചിറപ്പള്ളിയിലെ ഏജൻസിക്കു കൊടുത്തതായും അത്‌ അവിടെനിന്നു കോയമ്പത്തൂരിലേക്ക്‌ അയച്ചതായാണു വിവരം. ഇങ്ങനെ വീണ്ടും വിപണിയിലെത്താൻ സാധ്യത കണക്കിലെടുത്താണു മുഖ്യമന്ത്രിയുടെ ഇടപെടൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA