അസത്യ പ്രചാരണം നടത്തുന്നുവെന്ന് സ്വാമി ചിദാനന്ദപുരി

SHARE

തിരുവനന്തപുരം  ∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ സംസ്ഥാന സർക്കാർ അസത്യപ്രസ്താവനകൾ നടത്തുകയാണെന്നു കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. 1991 ലെ ഹൈക്കോടതി വിധിക്കു ശേഷമാണ് ശബരിമലയിൽ യുവതികൾക്കു പ്രവേശന വിലക്കുണ്ടായതെന്നും അതിനു മുൻപു  യുവതികൾ ധാരാളമായി പോയിരുന്നുവെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. അദ്ദേഹം കള്ളം പ്രചരിപ്പിക്കുകയാണ്. 1991 നു മുമ്പു ശബരിമലയിൽ യുവതികൾ കയറിയിട്ടുണ്ട്. അതു നിയമം പാലിച്ചു കൊണ്ടായിരുന്നില്ല. 

10 നും 55 നും ഇടയ്ക്കു പ്രായമുള്ള സ്ത്രീകൾക്കു പ്രവേശനം നിഷേധിച്ചു കൊണ്ട് 1955 ഒക്ടോബർ 21 നു തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിട്ടിരുന്നു. ആ ഉത്തരവിന്റെ ആദ്യവാചകം തന്നെ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന  ആചാരങ്ങൾ പരിരക്ഷിക്കണം എന്നതാണ്. ആ ഉത്തരവു നിലനിൽക്കെ ശബരിമലയിൽ യുവതികൾ കയറിയിട്ടുണ്ടെങ്കിൽ അത് അനധികൃതവും നിയമവിരുദ്ധവുമായ രീതിയിലാണ്. വനവാസികൾ, മലയരയർ, പാണർ, പുള്ളുവർ, ഈഴവർ, നായർ തുടങ്ങിയ വിഭാഗങ്ങൾക്കു ശബരിമലയിലുള്ള പാരമ്പര്യ അവകാശങ്ങൾ തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു.

ചിദാനന്ദപുരിയുടെ പ്രസംഗം മുറിച്ചുമാറ്റിയെന്ന് പരാതി

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശത്തെ സ്വാമി ചിദാനന്ദപുരി അനുകൂലിക്കുന്നുവെന്ന രീതിയിൽ അദ്ദേഹത്തിന്റെ പ്രസംഗം മുറിച്ചുമാറ്റി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി പരാതി.  ചിദാനന്ദപുരി നടത്തിയ 15 മിനിറ്റു ദൈർഘ്യമുള്ള പ്രഭാഷണത്തിലെ ഒരു ഭാഗം മുറിച്ചുമാറ്റി  സിപിഎം പ്രവർത്തകരാണ് വ്യാപകമായി ഈ വിഡിയോ പ്രചരിപ്പിക്കുന്നതെന്നു ഹൈന്ദവ സംഘടനാ നേതാക്കൾ‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരത്തു നടന്ന അയ്യപ്പഭക്ത സംഗമത്തിൽ  സ്വാമി നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ഇത തുടർന്നാണ് കർമസമിതിയുടെ രക്ഷാകർതൃപദവിയിലുള്ള ചിദാനന്ദപുരിയെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കാനുള്ള നീക്കം നടക്കുന്നതെന്നു കൺവീനർ ഇ.എസ്. ബിജു പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA