എംഎൽഎമാരെ ഇറക്കിക്കളിക്കാൻ യുഡിഎഫ്; ഉമ്മൻചാണ്ടി, ജോസഫ്, അടൂർ പ്രകാശ്, ഷാഫി?

oommen-chandy-pj-joseph-adoor-prakash-and-shafi-parambil
SHARE

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം കോട്ടകൾ പിടിക്കാൻ‍ എംഎൽഎമാരടക്കം വിജയസാധ്യതയുള്ള ആരെയും പരീക്ഷിക്കണമെന്ന അഭിപ്രായം കോൺഗ്രസിൽ ശക്തം. സിപിഎം ശക്തികേന്ദ്രമെന്നു കണക്കുകൂട്ടലിൽ ചില സീറ്റുകൾ  എഴുതിത്തള്ളുന്ന രീതിക്ക് ഇത്തവണ മാറ്റം കൂടിയേ തീരൂവെന്ന അഭിപ്രായമാണു പാർട്ടിയിൽ. 

തുടർച്ചയായി സിപിഎം ജയിച്ചുവരുന്ന ആറ്റിങ്ങലിൽ കോന്നി എംഎൽഎയും മുൻമന്ത്രിയുമായ അടൂർപ്രകാശിനെ ഇറക്കാനുള്ള നിർദ്ദേശം സജീവപരിഗണനയിലാണ്. ഡിസിസി മുൻകൈയെടുത്ത് അടൂർപ്രകാശിനെ ആറ്റിങ്ങൽ മേഖലയിലെ ചില പാർട്ടിപരിപാടികളിൽ പങ്കെടുപ്പിക്കുക കൂടി ചെയ്തതോടെ അഭ്യൂഹം ശക്തമായി. സമുദായവോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ പ്രകാശിന്റെ വ്യക്തിബന്ധങ്ങളും സ്വാധീനവും സിറ്റിങ് എംപി എ. സമ്പത്തിനു ശക്തമായ വെല്ലുവിളി ഉയർത്തുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.

തുടർച്ചയായി രണ്ടുതവണ ജയിച്ച സമ്പത്തിനു മൂന്നാമതും സീറ്റു നൽകണമോയെന്നതിൽ സിപിഎമ്മിന്റെ ഔദ്യോഗിക തീരുമാനമായില്ലെങ്കിലും അദ്ദേഹം തന്നെയായിരിക്കുമെന്നാണു സൂചന. മണ്ഡല പുനർനിർണയത്തിനു മുൻപ് ചിറയിൻകീഴായിരുന്നപ്പോൾ കോൺഗ്രസിനെ അനുഗ്രഹിച്ച ചരിത്രമുള്ള സീറ്റിൽ ഗൃഹപാഠമില്ലാതെ സ്ഥാനാർഥികളെ ഇറക്കുന്നതാണ് തോൽവിക്കു കാരണമെന്ന അഭിപ്രായമാണ് അടൂർ പ്രകാശിന്റെ സാധ്യത കൂട്ടുന്നത്. 

സിപിഎമ്മിന്റെ മറ്റൊരു കോട്ടയായ പാലക്കാട്ട് യുവനേതാവും എംഎൽഎയുമായ ഷാഫി പറമ്പിലിനെ കളത്തിലിറക്കണമെന്ന അഭിപ്രായവും നേതൃത്വത്തിനു മുന്നിലുണ്ട്. 2014 ൽ ഒരു ലക്ഷത്തോളം വോട്ടിന് എം.ബി. രാജേഷ് ജയിച്ച ഇവിടെ 2009 ൽ രണ്ടായിരത്തിൽ താഴെ മാത്രം വോട്ടിനാണ് രാജേഷ് കടന്നുകൂടിയത്. അന്ന് ആവേശകരമായ മത്സരം സമ്മാനിച്ചത് യുവനേതാവ് സതീശൻ പാച്ചേനിയാണെന്നതും ഷാഫിയെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠനെയും കോൺഗ്രസ് സജീവമായി പരിഗണിക്കുന്നു. 

ലോക്സഭാ തിരഞ്ഞെടുപ്പിനു എംഎൽഎമാരെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണെന്നുമാണ് അടൂർ പ്രകാശും ഷാഫി പറമ്പിലും ‘മനോരമ’യോടു പറഞ്ഞത്.

ഇടുക്കി ഇത്തവണ തിരിച്ചുപിടിക്കാനായി മുൻമന്ത്രിയും മുതിർന്ന നേതാവുമായ പി.ജെ.ജോസഫ് എംഎൽഎ മത്സരിക്കണമെന്നു വാദിക്കുന്നവരുമുണ്ട്. കോട്ടയത്ത് ഒടുവിൽ ഉമ്മൻചാണ്ടി മത്സരിക്കാൻ തയാറാകുകയും ഇടുക്കിയിൽ ജോസഫ് വരികയും ചെയ്താൽ ആ മേഖലയിൽ യുഡിഎഫ് വൻ ചലനം തന്നെ സൃഷ്ടിക്കുമെന്നാണു വാദം.

ആലത്തൂരിലോ തൃശൂരിലോ ? കിക്കെടുക്കുമോ ഐ.എം. വിജയൻ!

IM-Vijayan

തിരുവനന്തപുരം∙ സിപിഎം ശക്തിദുർഗമായ ആലത്തൂർ മണ്ഡലം പിടിക്കാൻ കോൺഗ്രസിലെ ചിലർ ഉയർത്തിക്കാട്ടുന്ന പേര് വൻചലനം സൃഷ്ടിക്കുന്നതാണ്: കേരളത്തിന്റെ ഫുട്ബോൾ ഇതിഹാസം ഐ.എം.വിജയൻ!

സിപിഎം അനായാസം ജയിച്ചുവരുന്ന ആലത്തൂരിൽ  വെല്ലുവിളി സമ്മാനിക്കാൻ പോന്ന ഒരു സ്ഥാനാർഥിയെ ഇനിയും കോൺഗ്രസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് വിജയന്റെ പേര് ചിലർ ‘ഫോർവേർഡ്’ ചെയ്യുന്നത്. വിജയനോടു ബന്ധപ്പെട്ടുവെന്നും അദ്ദേഹം സമ്മതം മൂളിയിട്ടില്ലെന്നും അവകാശപ്പെടുന്ന കോൺഗ്രസ് കേന്ദ്രങ്ങളുമുണ്ട്.

‘ലീഡർ’ കെ.കരുണാകരന്റെ വാത്സല്യഭാജനമായിരുന്ന വിജയൻ ഇടയ്ക്ക് കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ ആ പാർട്ടിയോടു ബന്ധപ്പെട്ടിരുന്ന കാര്യം ചിലർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ പൊലിസ് സേനയിലുള്ള അദ്ദേഹം അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്നു ചോദിക്കുന്നവരുണ്ട്. സംവരണ സീറ്റായ ആലത്തൂരല്ല, വിജയൻ മത്സരിച്ചാൽ അതു തൃശൂരിൽ തന്നെയാവണമെന്ന വാദവും ഉയരുന്നുണ്ട്.

ആലത്തൂരിൽ കെ.രാധാകൃഷ്ണന് സാധ്യത

K-Radhakrishnan-2

തൃശൂർ∙  ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായി സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുൻമന്ത്രിയും മുൻസ്പീക്കറുമായ കെ.രാധാകൃഷ്ണന്റെ പേര്  ജില്ലാകമ്മിറ്റി നിർദേശിക്കുമെന്നു സൂചന. സംസ്ഥാനകമ്മിറ്റി തലത്തിലും ഇക്കാര്യത്തിൽ ധാരണയുണ്ടായേക്കുമെന്നറിയുന്നു. രണ്ടു തവണ മത്സരിച്ച പി.കെ.ബിജുവിനെ മാറ്റണമെന്ന നിർദേശം പാർട്ടിയുടെ കീഴ് ഘടകങ്ങളിൽനിന്നുയരുണ്ട്. ഇതു നേരത്തെതന്നെ ജില്ലാ കമ്മറ്റിയുടെ ശ്രദ്ധയിലും പെട്ടിരുന്നു.

എസ്എഎഫ്ഐ ദേശീയസെക്രട്ടറി എന്ന നിലയിലാണു കോട്ടയം സ്വദേശിയായ പി.കെ.ബിജു ആലത്തൂരിലെത്തുന്നത്. രണ്ടു തിരഞ്ഞെടുപ്പുകളിൽ ജയിക്കുകയും 2014ൽ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇരട്ടിയാക്കുകയും ചെയ്തു. എന്നാൽ പാർട്ടിതലത്തിൽ വേണ്ടത്ര വേരോട്ടമുണ്ടാക്കാൻ ബിജുവിനായില്ലെന്നാണു സൂചന. കെ.രാധാകൃഷ്ണനെ തുണയ്ക്കുന്ന ഘടകം യുഡിഎഫ് ഭൂരിപക്ഷമുള്ള വടക്കാഞ്ചേരിയിൽ മുൻതൂക്കം നേടാനാകുമെന്ന പ്രതീക്ഷയാണ്. ചേലക്കരയിലും വടക്കാഞ്ചേരിയിലും കുന്നംകുളത്തും മുൻതൂക്കം നേടിയാൽ വിജയം സുരക്ഷിതമാകും.

സിപിഎമ്മിന്റെ പിന്നാക്ക വിഭാഗ സംഘടനായ ദലിത് ശോഷൻ മുക്തി മഞ്ചിന്റെ ദേശീയ പ്രസിഡന്റാണ് കെ.രാധാകൃഷ്ണൻ. സ്വാഭാവികമായും ഡൽഹി കേന്ദ്രീകരിച്ചാണു പ്രവർത്തനം. ലോക്സഭാസീറ്റിലെ വിജയം പ്രവർത്തനങ്ങൾക്കു സഹായകമാകുമെന്നു പാർട്ടി കരുതുന്നു. 2 തവണ ചേലക്കരയിൽനിന്ന് എംഎൽഎ ആയിരുന്നു രാധാകൃഷ്ണൻ. ജില്ലാസെക്രട്ടറി എന്ന നിലയിലും ശ്രദ്ധേയനായി. മറ്റു പേരുകൾ ഇല്ലാതെയാകും രാധാകൃഷ്ണന്റെ േപരു മുന്നോട്ടു വയ്ക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA