കെസി എന്ന ‘ട്രബിൾ ഷൂട്ടർ’ കൂടുതൽ ഉത്തരവാദിത്തങ്ങളിലേക്ക്

kc-venugopal-2
SHARE

ന്യൂഡൽഹി ∙ ‘താങ്കൾക്കായി ഒരു കാര്യം മാറ്റിവച്ചിട്ടുണ്ട്’- 2 ദിവസം മുൻപു കെസി. വേണുഗോപാലിനോടു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകൾ. കർണാടകയിലെ രാഷ്ട്രീയ നീക്കങ്ങൾ ചർച്ച ചെയ്യാൻ ഫോണിൽ വിളിച്ചപ്പോഴാണു രാഹുൽ ഇതു പറഞ്ഞത്. രാഹുൽ മാറ്റിവച്ച ആ കാര്യമാണ് ഇന്നലെ അശോക് ഗെലോട്ട് വാർത്തക്കുറിപ്പിലൂടെ പുറത്തുവിട്ടത് – സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി പദവി. ഗെലോട്ടിന്റെ പിൻഗാമിയായി ആ പദവിയിലെത്തുമ്പോൾ വേണുഗോപാലിൽ പാർട്ടി അർപ്പിക്കുന്നതു വിശ്വാസവും പ്രതീക്ഷയും.

കർണാടകയിൽ ജനതാദളി(എസ്)നൊപ്പം ചേർന്നു സർക്കാരുണ്ടാക്കുന്നതിലും രാജസ്ഥാനിൽ ഗെലോട്ട് – സച്ചിൻ പൈലറ്റ് തർക്കം പരിഹരിക്കുന്നതിലും വഹിച്ച പങ്കിനുള്ള അംഗീകാരമാണു പുതിയ ചുമതല. തർക്ക സംസ്ഥാനങ്ങളിൽ പാർട്ടിയുടെ ‘ട്രബിൾ ഷൂട്ടർ’ എന്ന മേൽവിലാസമാണു വേണുഗോപാലിനുള്ളത്. ആലപ്പുഴയിൽ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കുകളിൽ മുഴുകിയപ്പോഴും വിവിധ സംസ്ഥാനങ്ങളിൽ പ്രശ്നപരിഹാരത്തിനു വേണുഗോപാൽ തന്നെ വേണമെന്നു രാഹുൽ കർശന നിർദേശം നൽകി.

സമീപകാലത്ത്, സംഘടനാതലത്തിൽ ഏറ്റവുമധികം സംസ്ഥാനങ്ങളിൽ പാർട്ടിയുടെ മേൽനോട്ടച്ചുമതല വഹിച്ച വേണുഗോപാൽ 2 വർഷം മുൻപാണു ജനറൽ സെക്രട്ടറി പദവിയിലെത്തിയത്. പിന്നാലെ പ്രവർത്തകസമിതി അംഗമായി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇനി കൂടുതൽ തിരക്കിന്റെ ദിനങ്ങൾ. പാർട്ടിയിലെ എല്ലാ തീരുമാനങ്ങളും പുറംലോകത്തെ അറിയിക്കുക എന്ന ചുമതലയാണ് അതിൽ ആദ്യം.

സ്ഥാനാർഥി നിർണയം മുതൽ തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രം ഒരുക്കുന്നതു വരെയുള്ള കാര്യങ്ങളിൽ സജീവ പങ്കുമുണ്ടാകും. പോഷക സംഘടനകളുടെയും പാർട്ടിക്കു കീഴിലുള്ള വകുപ്പുകളുടെയും മേൽനോട്ടച്ചുമതലയും വഹിക്കും. ഉത്തർപ്രദേശിന്റെ ചുമതല പ്രിയങ്ക ഗാന്ധിക്കും ജ്യോതിരാദിത്യ സിന്ധ്യക്കും നൽകിയ കോൺഗ്രസ്, ഇതുവരെ സംസ്ഥാനത്തിന്റെ ചുമതല വഹിച്ചിരുന്ന മുതിർന്ന നേതാവ് ഗുലാം നബി ആസാദിനു ഹരിയാനയുടെ ചുമതല നൽകി. 

ബിഎസ്പിയോടും എസ്പിയോടും വിരോധമില്ല: രാഹുൽ

അഖിലേഷ് യാദവിനോടും (എസ്പി) മായാവതിയോടും (ബിഎസ്പി) വിരോധമില്ലെന്നും ബിജെപിയെ താഴെയിറക്കുക എന്ന ഏക ലക്ഷ്യത്തോടെ ഒറ്റക്കെട്ടായി നിൽക്കുമെന്നും വ്യക്തമാക്കിയ രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പിനു ശേഷം ഇരുകക്ഷികളോടും കൈകോർക്കുന്നതിനുള്ള സാധ്യതകൾ തുറന്നിട്ടു. തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യ ചർച്ചകളിൽ പ്രിയങ്കയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA