വാക്പോരിനു ചൂടേറും; നിയമസഭാ സമ്മേളനത്തിനു നാളെ തുടക്കം

Kerala-Legislative-Assembly-11
SHARE

തിരുവനന്തപുരം∙ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പുള്ള വാക്പോരിലേക്കു നിയമസഭയിൽ ഇടതു–വലതു മുന്നണികൾ കടക്കുന്നു. ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കം. ഒൻപതു ദിവസം മാത്രം നീണ്ടു നിൽക്കുന്ന സമ്മേളനമാണു തീരുമാനിച്ചിരിക്കുന്നത്. നാളെ നയപ്രഖ്യാപനം, 31ന് ബജറ്റ്, ഏഴിനു സഭ പിരിയും. ഇതിനിടയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കേരളത്തിലെത്തുന്ന 29നു സഭാ സമ്മേളനം ഒഴിവാക്കണമെന്ന പ്രതിപക്ഷത്തിന്റെ അഭ്യർഥന ചെവിക്കൊണ്ടാൽ സഭ എട്ടുദിവസത്തേക്കു ചുരുങ്ങും.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിൽ തുടർച്ചയായി സഭ സ്തംഭിച്ച കഴിഞ്ഞ സഭാ സമ്മേളനത്തിന്റെ ‘ഹാങ് ഓവർ’ ഈ സമ്മേളനത്തെയും ബാധിക്കാനാണിട. ശബരിമല നട അടച്ചത് അന്തരീക്ഷത്തിന്റെ പിരിമുറുക്കം കുറച്ചുവെങ്കിലും ആ വിവാദങ്ങളുടെ അലയൊലികൾ സഭയിൽ മുഴങ്ങും. വിശ്വാസികൾക്കായി പ്രതിപക്ഷത്തിന്റെ ശബ്ദം ഉയരുമ്പോൾ അവരുടെ വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നു സർക്കാരിനു സ്ഥാപിക്കേണ്ടിവരും.

പ്രളയാനന്തര പുനർനിർമാണം എങ്ങുമെത്തിയില്ലെന്നു പ്രതിപക്ഷം വാദിക്കുന്നതു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആ പ്രദേശങ്ങൾ നേരിട്ടു സന്ദർശിച്ചതിന്റെ അനുഭവ ബോധ്യത്തിലായിരിക്കും. സിപിഎം–ബിജെപി സംഘർഷം കേരളത്തെ കലാപഭൂമിയാക്കുന്നുവെന്ന ആരോപണത്തിനു വനിതാമതിൽ ചൂണ്ടിക്കാട്ടി മറുപടി പറയാനാകും ഭരണപക്ഷത്തിന്റെ ശ്രമം. മതിലും നവോത്ഥാനവും ചർച്ചകളിൽ നിറയുമെന്നുറപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേന്ദ്രവിരുദ്ധതയുടെ ചാംപ്യൻപട്ടം അണിയാനും ഭരണ–പ്രതിപക്ഷ പോരുണ്ടാകും.

സഭാ സമ്മേളനത്തിനിടെയാണു തൃശൂരിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവമോർച്ചയുടെ റാലി. കെഎഎസ് സംവരണത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കുമില്ലെന്നു കഴി‍ഞ്ഞ സമ്മേളനത്തിൽ തീർത്തു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ സഭ കൂടുന്നതിനു മുമ്പ് ഇക്കാര്യത്തിൽ പിന്നോട്ടുപോയതു തങ്ങളുടെ വിജയമായി ചിത്രീകരിക്കാനാകും പ്രതിപക്ഷത്തിനു താൽപര്യം.

ഇരുകൂട്ടരും മോദിക്കും കേന്ദ്രത്തിനുമെതിരെ തിളയ്ക്കുമ്പോൾ പ്രതിരോധിക്കാൻ വീണ്ടും ഒ.രാജഗോപാൽ തനിച്ചാകും. കഴിഞ്ഞ സഭാ സമ്മേളനത്തിൽ നമ്മുക്കൊരുമിച്ചു നിൽക്കാമെന്നു പറഞ്ഞു ചേർന്നുനിന്ന പി.സി. ജോർജ് പൊടുന്നനെ കോൺഗ്രസുകാരനായി മാറുന്നതിന്റെ അന്ധാളിപ്പിൽ കൂടിയാകും രാജഗോപാൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA