കൈക്കൂലി, മാസപ്പടി: അഞ്ച് സിഐമാർക്ക് എതിരെ നടപടി വരും

bribe
SHARE

തിരുവനന്തപുരം∙ പൊലീസ് സ്റ്റേഷനുകളിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് അഞ്ച് സിഐമാർക്കെതിരെ നടപടിയുണ്ടായേക്കും. പലയിടത്തും കൈക്കൂലി വാങ്ങി പരാതികൾ തീർപ്പാക്കാതെയിട്ടിരിക്കുന്നതും , വിവിധ മാഫിയകളുടെ ഇടനിലക്കാരായി പൊലീസ് പ്രവർത്തിക്കുന്നതും വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

പരിശോധനയെക്കുറിച്ചുള്ള വിശദ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വിജിലൻസ് ഡയറക്ടറോട് ആവശ്യപ്പെട്ടു. മണൽ കടത്തു നടക്കുന്ന പുലർച്ചെ സമയങ്ങളിൽ മാഫിയകളുമായി ബന്ധമുള്ളവരെയാണ് പലയിടത്തും ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്ന് പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു. പൊലീസിൽ ക്രമക്കേടുകളും അഴിമതിയും വർധിക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നാണ് ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ സംസ്ഥാനമൊട്ടാകെ 53 പൊലീസ് സ്റ്റേഷനുകളിൽ കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടത്തിയത്.

ഭൂരിഭാഗം സ്റ്റേഷനുകളും നിയന്ത്രിക്കുന്നത് മണ്ണ്, മണൽ, ക്വാറി, ബാർ മാഫിയകളാണെന്നാണ് കണ്ടെത്തൽ. പരിശോധനയുടെ വിവരങ്ങൾ മുൻകൂട്ടി ചോർത്തി നൽകാറുണ്ടെന്നും റിപ്പോർട്ടിലുണ്ട്. എറണാകുളം, കൊല്ലം, കാസർകോട് അടക്കമുള്ള സ്ഥലങ്ങളിലെ വലിയ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിർത്തി സിഐമാർ മാസപ്പടി പറ്റുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്ന് ബെഹ്റ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA