ബിജെപി പ്രതീക്ഷ വയ്ക്കുന്നത് 5 മണ്ഡലങ്ങളിൽ; കുമ്മനം മുതൽ നിർമല വരെ പട്ടികയിൽ

Kummanam-Rajasekharan-Nirmala-Sitharaman-and-TP-Senkumar
SHARE

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രമുഖരെ ഇറക്കിക്കളിക്കാൻ ഒരുങ്ങി ബിജെപി. ശബരിമല യുവതീപ്രവേശത്തിനെതിരായ സമരവും അതിനുള്ള ആർഎസ്എസിന്റെ ഉറച്ച പിന്തുണയും തിരഞ്ഞെടുപ്പിൽ ഗുണഫലം തരുമെന്ന പ്രതീക്ഷയിലുമാണു പാർട്ടി. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കാസർകോട് എന്നിവയാണു പാർട്ടി ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങൾ. തിരുവനന്തപുരം ഏതു വിധേനയും പിടിച്ചെടുത്തേ തീരൂവെന്നാണു കേന്ദ്ര നിർദേശം. ഏറ്റവും മികച്ച സ്ഥാനാർഥി തിരുവനന്തപുരത്ത് എന്നാണു ചിന്ത.

മിസോറം ഗവർണറായ കുമ്മനം രാജശേഖരനെ രാജിവയ്പ്പിച്ചു തിരുവനന്തപുരത്തു സ്ഥാനാർഥിയാക്കണമെന്ന സമ്മർദം ഒരു വിഭാഗത്തിൽ നിന്നുണ്ട്. കേന്ദ്രനേതൃത്വത്തിന്റെയാകും അന്തിമ തീരുമാനം. കുമ്മനമില്ലെങ്കിൽ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള മത്സരിച്ചേക്കാം. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരുമുണ്ട്.

പാർട്ടി നേതാക്കളല്ലെങ്കിൽ പിന്നെ രാജ്യസഭാംഗമായ നടൻ സുരേഷ് ഗോപിക്കാണു സാധ്യത. കേരളത്തിൽ തരംഗം തന്നെ സൃഷ്ടിക്കാനായി ദേശീയ നേതാക്കളാരെങ്കിലും തിരുവനന്തപുരത്തു മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവർ മധുര സ്വദേശിയായ കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ പേരു മുന്നോട്ടുവയ്ക്കുന്നു. എന്നാൽ രാജ്യസഭാംഗമായ അവർ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലെന്നാണു നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

പത്തനംതിട്ടയിലും ശ്രീധരൻപിള്ളയുടെ പേരുണ്ട്. നേരത്തേ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെയാണ് അവിടെ കണ്ടുവച്ചത്. ഇപ്പോൾ ചിത്രത്തിൽ അദ്ദേഹമില്ല. കഴിഞ്ഞ തവണ മത്സരിച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിന്റെ പേര് വീണ്ടും കേൾക്കുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭാ സീറ്റിനു കീഴിലുള്ള മണ്ഡലങ്ങളിലെ ബിജെപി മുന്നേറ്റമാണു തൃശൂരിനെക്കുറിച്ചുള്ള പ്രതീക്ഷയ്ക്ക് അടിസ്ഥാനം. പ്രധാനമന്ത്രി 27ന് പങ്കെടുക്കുന്ന യുവമോർച്ചാ റാലിക്കു തിരഞ്ഞെടുത്തതും തൃശൂരാണ്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.എൻ രാധാകൃഷ്ണനോ കെ. സുരേന്ദ്രനോ സ്ഥാനാർഥിയാകാനാണു സാധ്യത. ബിജെപി മികച്ച പ്രകടനം കാഴ്ച വയ്ക്കാറുള്ള പാലക്കാട്ട് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ പേരാണു മുന്നിൽ. സംസ്ഥാന സെക്രട്ടറിയും നഗരസഭാ ഉപാധ്യക്ഷനുമായ സി.കൃഷ്ണകുമാറിന്റെ പേരാണ് സംഘടനക്കുളളിൽ ഉയർന്നു കേൾക്കുന്നത്. മണ്ഡലത്തിൽ നടത്തിയ സ്വകാര്യസർവേയിൽ മുന്നിലെത്തിയതും കൃഷ്ണകുമാറാണ്.

കാസർകോട്ടും കെ. സുരേന്ദ്രന്റെ പേരു പ്രചരിക്കുന്നുവെങ്കിലും അദ്ദേഹത്തിന് അവിടെ താൽപര്യമില്ലെന്ന സൂചനയുണ്ട്. ജില്ലയിലെ ഒരു വിഭാഗത്തിനു സുരേന്ദ്രനോടുള്ള അതൃപ്തി പരസ്യമായ രഹസ്യമാണ്. സുരേഷ് ഗോപി കാസർകോടായാലോ എന്ന് അഭിപ്രായപ്പെടുന്നുവരുണ്ട്. സംസ്ഥാന കൗൺസിൽ അംഗം രവീശ തന്ത്രി കുണ്ടാറിനും സാധ്യതയുണ്ട്. പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭൻ എന്നിവരും മത്സരരംഗത്തുണ്ടാകുമെന്ന സൂചനകളാണു ശക്തം.

സെൻകുമാർ കൊല്ലത്തോ ആറ്റിങ്ങലോ

ശബരിമല കർ‍മസമിതിയുടെ നേതൃത്വത്തിൽ സജീവമായ മുൻ ഡിജിപി: ടി.പി. സെൻകുമാർ ആറ്റിങ്ങലിൽ സ്ഥാനാർഥിയായേക്കുമെന്ന സൂചന ശക്തമാണ്. കൊല്ലത്തും പേര് പറഞ്ഞു കേൾ‍ക്കുന്നു. ബിഡിജെഎസിന് ഈ 2 സീറ്റുകളും താൽപര്യമുള്ളതിനാൽ സീറ്റ് വിഭജനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തീരുമാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA