കൈക്കൂലി വാങ്ങുന്നതിനിടെ ചാലക്കുടിയിൽ സെൻട്രൽ ജിഎസ്ടി സൂപ്രണ്ട് പിടിയിൽ

kannan
SHARE

ചാലക്കുടി ∙ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്ടി ചാലക്കുടി റേഞ്ച് ഓഫിസിലെ സൂപ്രണ്ട് തൃശൂർ നടത്തറ മൂർക്കതിൽ എം.കെ. കണ്ണൻ (50) പിടിയിൽ. ഒരു ഹോട്ടലിലെ പാർക്കിങ് ഏരിയയിൽ കണ്ണൻ കൈക്കൂലിപ്പണം കൈപ്പറ്റുന്നതിനിടെ ഇന്നലെ അഞ്ചോടെ സിബിഐ കൊച്ചി ഓഫിസിലെ ഡിവൈഎസ്പി വി. ദേവരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. 

ഗോകുലം കാറ്ററേഴ്സ് സ്ഥാപന ഉടമ സത്യദാസിനെ ഏതാനും ദിവസം മുൻപ് വിളിച്ച് ജിഎസ്ടി ഇനത്തിൽ 12 ലക്ഷം രൂപ അടയ്ക്കാൻ സൂപ്രണ്ട് ആവശ്യപ്പെടുകയായിരുന്നു. ഓഫിസിലെത്തി അപേക്ഷിച്ചെങ്കിലും തുക ഒഴിവാക്കാൻ തയാറായില്ല. പ്രളയത്തിൽ നഷ്ടമുണ്ടായ സ്ഥാപനമാണെന്ന് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥൻ അയഞ്ഞില്ല. 2 ലക്ഷം രൂപ കൈക്കൂലി നൽകുകയാണെങ്കിൽ പ്രശ്നം ഒത്തുതീർക്കാമെന്ന് കണ്ണൻ പറഞ്ഞ വിവരം സത്യദാസ് വിജിലൻസ് ഉദ്യോഗസ്ഥരെ അറിയിച്ചു. വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം സിബിഐയെയും അറിയിക്കുകയായിരുന്നു. 

ഇന്നലെ രാവിലെ ചാലക്കുടിയിൽ പല ഭാഗങ്ങളിലായി സിബിഐ സംഘം തമ്പടിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് നാഫ്തലിൻ പുരട്ടിയ ഒരു ലക്ഷം രൂപയുടെ നോട്ടുകൾ സിബിഐ സത്യദാസിനു കൈമാറി. 4 മണിയോടെ സത്യദാസിനോടു പണവുമായി ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ എത്താൻ കണ്ണൻ ആവശ്യപ്പെട്ടു. ഇക്കാര്യം സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചു. കൈപ്പറ്റുന്നതിനിടെ പണം സഹിതം പിടികൂടുകയായിരുന്നു. ഹോട്ടലിൽ തന്നെ കണ്ണനെ ചോദ്യം ചെയ്തു. സിബിഐ കോടതിയിലേക്കു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA