ടൂറിസ്റ്റ് ബസിലെ തകര്‍പ്പിന് റെഡ് സിഗ്നല്‍: തട്ടുപൊളിപ്പൻ ശബ്ദവും കിടിലൻ ലൈറ്റും വേണ്ട

Tourist-Bus
SHARE

കൊച്ചി ∙ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുളള കോൺട്രാക്ട് കാര്യേജുകളിൽ ചട്ടപ്രകാരമല്ലാത്ത എൽഇഡി ലൈറ്റുകളും ബോഡിയിൽ കൂറ്റൻ ചിത്രങ്ങളും എഴുത്തുകളും ഇനി വേണ്ട. ബസിനുള്ളിൽ ലൈറ്റ് സംവിധാനങ്ങൾക്കൊപ്പം കരോക്കെ സിസ്റ്റവും മറ്റുമുൾപ്പെട്ട ഡിജെ സൗണ്ട് സിസ്റ്റങ്ങൾക്കും പിടിവീഴും. ശ്രദ്ധ തിരിക്കുന്ന ഇത്തരം സംവിധാനങ്ങൾ മറ്റു വാഹനങ്ങൾക്കും റോഡ് യാത്രക്കാർക്കും ശല്യവും അപകടവും അസൗകര്യവും ഉണ്ടാക്കുന്നതാണെന്നു കോടതി വ്യക്തമാക്കി.

മോട്ടോർ വാഹന നിയമവും ചട്ടവും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ നടപടിയെടുക്കണമെന്നു കോടതി നിർദേശിച്ചു. തീവ്രതയേറിയ ദൃശ്യ, ശ്രാവ്യ സംവിധാനം ഘടിപ്പിച്ചതിനു റോഡ് ട്രാൻസ്പോർട്ട് അധികൃതർ നോട്ടിസ് നൽകിയതിനെതിരെ വാഹന ഉടമകൾ നൽകിയ ഹർജിയിലാണു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രന്റെ ഉത്തരവ്.

വാഹനങ്ങളിൽ ഘടിപ്പിക്കാവുന്നവ, പാടില്ലാത്തവ:

1. വാഹന ബോഡിയിൽ ഫ്ലെക്സിബിൾ എൽഇഡി ലൈറ്റുകളും ഹാലജൻ ലൈറ്റുകളും ഘടിപ്പിച്ചിട്ടുള്ളതു നീക്കണം. ചട്ടപ്രകാരമുള്ള ലാംപുകളും ഇൻ‍ഡിക്കേറ്ററുകളും റിഫ്ലക്ടറുകളും മാത്രമേ ഉപയോഗിക്കാവൂ. 

2. വാഹനത്തിനുള്ളിലെ പാസഞ്ചർ കംപാർട്ട്മെന്റിൽ ഡിജെ റൊട്ടേട്ടിങ് എൽഇഡി ലൈറ്റുകളും തുടർച്ചയായി കെടുകയും മിന്നുകയും ചെയ്യുന്ന എൽഇഡി ലൈറ്റുകളും ലേസർ ലൈറ്റുകളും ഉപയോഗിക്കരുത്. യാത്രക്കാരുടെ ഭാഗത്ത് ന്യായമായ കാഴ്ചയ്ക്ക് ആവശ്യമായ വെളിച്ചം മാത്രമേ ഉപയോഗിക്കാവൂ.

3. ഉയർന്ന ശബ്ദമുണ്ടാക്കുന്ന പവർ ആംപ്ലിഫയർ/ ബൂസ്റ്റർ, സ്പീക്കർ സംവിധാനങ്ങളോടു കൂടിയ ഹെ–പവർ ഓഡിയോ സിസ്റ്റം ഒഴിവാക്കണം. ന്യായമായ ശബ്ദം യാത്രക്കാരിലെത്തിക്കാൻ ആവശ്യമായ നാലോ ആറോ സ്പീക്കറുകൾ മാത്രമേ ഉപയോഗിക്കാനാവൂ.

4. വാഹനത്തിലേക്കു പൊതുജനശ്രദ്ധ ആകർഷിക്കാനും വാഹനസർവീസിനു പ്രചാരണം കിട്ടാനും ഉദ്ദേശിച്ചുള്ള കൂറ്റൻ വരകളും എഴുത്തുകളും ഗ്രാഫിക്സും പാടില്ല. ഫീസ് ഈടാക്കി പോലും ഇതനുവദിക്കരുത്. മോട്ടോർ വാഹന ചട്ടങ്ങളിൽ‍ നിഷ്കർഷിച്ചിട്ടുള്ള പ്രകാരം വെടിപ്പായ പെയ്ന്റിങ് മാത്രമേ പാടുള്ളൂ. സർവീസ് ഓപ്പറേറ്ററുടെ പേരും വിവരങ്ങളും ചട്ടപ്രകാരം പ്രദർശിപ്പിക്കണം.

5. സുരക്ഷാ ഗ്ലാസുകൾ മറച്ചുള്ള എഴുത്തുകളും വരകളും ടിന്റഡ് ഫിലിമുകളും തുണികൊണ്ടുള്ള കർട്ടനുകളും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ നീക്കണം.

6. റജിസ്ട്രേഷൻ നമ്പർ/ റജിസ്ട്രേഷൻ മാർക്ക് അതിനായി നിഷ്കർഷിച്ച സ്ഥലത്ത്, വ്യക്തമായി കാണാവുന്ന തരത്തിൽ കേന്ദ്ര മോട്ടോർവാഹന ചട്ടവും മോട്ടോർവാഹന (ഡ്രൈവിങ്) ചട്ടവും പ്രകാരം പ്രദർശിപ്പിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA