ഹാരിസൺ ഭൂമി: കരം വാങ്ങുന്നത് റവന്യു മന്ത്രി തടഞ്ഞു

SHARE

തിരുവനന്തപുരം ∙ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കൈവശമുള്ളതും വിൽപന നടത്തിയതുമായ ഭൂമിയിൽ നിന്നു കോടതി ഉത്തരവിന്റെ മറവിൽ കരം ഈടാക്കാൻ നടത്തിയ നീക്കം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഇടപെട്ടു തടഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ നൽകിയ ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടണ്ടെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. നിയമവശങ്ങൾ പഠിച്ചിട്ടു തുടർനടപടി സ്വീകരിച്ചാൽ മതിയെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

കരം ഈടാക്കാൻ അനുവദിക്കാമെന്നു നിർദേശിച്ചു ചീഫ് സെക്രട്ടറിയും റവന്യു അഡീഷനൽ ചീഫ് സെക്രട്ടറിയും നിയമ സെക്രട്ടറിയും അംഗീകരിച്ച 20 പേജുള്ള കുറിപ്പ് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു സമർപ്പിക്കാനായി ബുധനാഴ്ച രാത്രിയിലാണു റവന്യു മന്ത്രിയുടെ ഓഫിസിലെത്തിച്ചത്. മുഖ്യമന്ത്രിയുമായി സംസാരിച്ചു ധാരണയിലെത്തിയ തീരുമാനം മറികടന്നു തന്റെ മുന്നിലെത്തിയ നിർദേശം മന്ത്രി തടയുകയായിരുന്നു.  റവന്യു മന്ത്രിയുടെ നിലപാടിനെ തുടർന്ന് ഇന്നലത്തെ മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിച്ചില്ല. രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുന്ന തീരുമാനം ആയതിനാൽ വിശദമായി പഠിക്കണമെന്നും രാഷ്ട്രീയ തീരുമാനം വേണമെന്നുമാണ് മന്ത്രിയുടെ നിലപാട്.

ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കൈവശമുണ്ടായിരുന്നതും പിന്നീടു വിറ്റതുമായ 38,000 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ നേരത്തേ എം.ജി.രാജമാണിക്യം ശുപാർശ ചെയ്തിരുന്നു. ഇതിനെതിരെ അവർ ഹൈക്കോടതിയെ സമീപിച്ചു. രാജമാണിക്യത്തിന് ഇതിൽ തീരുമാനമെടുക്കാൻ അധികാരമില്ലെന്നും ഭൂമിയേറ്റെടുക്കൽ സംബന്ധിച്ചു നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും ഹൈക്കോടതി വിധിച്ചു. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം ഹാരിസണിനു കോടതി നൽകിയില്ല. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ പോയപ്പോഴും സമാന നിലപാടാണുണ്ടായത്. തർക്കം സിവിൽ കേസ് വഴി തീർപ്പാക്കാനും നിർദേശിച്ചു.

ഈ വിധിയനുസരിച്ചാണു സിവിൽ കേസിലേക്കു നീങ്ങാമെന്ന തീരുമാനത്തിൽ റവന്യു വകുപ്പ് എത്തിയത്. നികുതി സ്വീകരിക്കണമെങ്കിൽ ഉപാധികളോടെയാവണം, സിവിൽ കേസിന്റെ അന്തിമതീർപ്പിനു വിധേയമായിരിക്കണം, തർക്കഭൂമിയിൽ നിന്നു മരം മുറിച്ചാൽ ദേശസാൽകൃത ബാങ്കിൽ പണം കെട്ടി വയ്ക്കണം, റബർബോർഡ് അനുവദിച്ചാൽ മാത്രം റീപ്ലാന്റേഷൻ തുക പിൻവലിക്കാം എന്നീ വ്യവസ്ഥകളോടെയായിരുന്നു റവന്യു വകുപ്പിന്റെ ഫയൽ. റവന്യുമന്ത്രി ഇതേക്കുറിച്ചു മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ധാരണയിലുമെത്തിയിരുന്നു. എന്നാൽ അതിനു ശേഷമാണു പുതിയ നീക്കം.

താനറിയാതെ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചതിലും നിയമവശം പരിഗണിക്കാതെ ഫയൽ തയാറാക്കിയതിലും ചന്ദ്രശേഖരനു കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യം അദ്ദേഹം ഉദ്യോഗസ്ഥരോടു പറയുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA