51-ല്‍ തെറ്റി; ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ 17 മാത്രം; 34 പേരെ ഒഴിവാക്കി

sabarimala...
SHARE

തിരുവനന്തപുരം ∙ ശബരിമലയിൽ ദർശനം നടത്തിയ യുവതികളെന്ന് അവകാശപ്പെട്ടു സർക്കാർ സുപ്രീം കോടതിയിൽ നൽകിയ പട്ടിക തിരുത്തി. തിരുത്തലുകൾക്കു ശേഷം പട്ടികയിലുള്ളതു 17 യുവതികൾ മാത്രം. 50നു മുകളിൽ പ്രായമുണ്ടെന്നു കണ്ടെത്തിയ 34 പേരെ ഒഴിവാക്കി. ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ള സമിതിയുടേതാണു നടപടി.

നേരത്തേ സർക്കാർ സമർപ്പിച്ച പട്ടികയിലെ 51 പേരിൽ പുരുഷന്മാരും 50 വയസു പിന്നിട്ടവരും ഉൾപ്പെട്ടതു വിവാദമായിരുന്നു. പിന്നാലെയാണു പട്ടിക പുനഃപരിശോധിക്കാൻ തീരുമാനിച്ചത്. പട്ടികയിൽ നാലു പുരുഷന്മാരും 50നു മേൽ പ്രായമുള്ള 30 പേരും ഉൾപ്പെട്ടതായി ചീഫ് സെക്രട്ടറിക്കു പുറമെ ആഭ്യന്തര അഡിഷനൽ ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരുൾപ്പെട്ട സമിതി കണ്ടെത്തി. കോടതിയിൽ നൽകുന്നതിനു പട്ടിക തയാറാക്കാൻ കാട്ടിയ തിടുക്കവും ജാഗ്രതക്കുറവുമാണ് അബദ്ധം പിണയാൻ കാരണമെന്നും ഇവർ വിലയിരുത്തി.

ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു, കനകദുർഗ എന്നിവർ മുഴുവൻ സമയ സുരക്ഷ ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് 51 യുവതികൾ കയറിയെന്ന് അവകാശപ്പെട്ടു സർക്കാർ പട്ടിക കൊടുത്തത്. വിർച്വൽ ക്യൂ വഴി റജിസ്റ്റർ ചെയ്തവരാണ് ഇവരെന്നും സർക്കാർ അറിയിച്ചിരുന്നു. ആധാർ നമ്പറും ഫോൺ നമ്പറും ഉൾപ്പെട്ട പട്ടികയെക്കുറിച്ച് മാധ്യമങ്ങൾ അന്വേഷിച്ചപ്പോഴായിരുന്നു 50 നു മേൽ പ്രായമുള്ളവരും പുരുഷന്മാരും ലിസ്റ്റിൽ ഉൾപ്പെട്ടതായി കണ്ടത്.

അടിസ്ഥാന സൗകര്യം ഒരുക്കാൻ ഒരു വർഷം വേണമെന്നു സമിതി

കൊച്ചി ∙സുപ്രീം കോടതി വിധിയെത്തുടർന്നു ശബരിമലയിൽ യുവതികൾ ദർശനത്തിനെത്തുന്ന സാഹചര്യത്തിൽ മതിയായ അടിസ്ഥാന സൗകര്യം ഒരുക്കാൻ കുറഞ്ഞത് ഒരു വർഷം വേണ്ടിവരുമെന്നു ശബരിമല നിരീക്ഷണ സമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

ശബരിമല ദർശനത്തിനു സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടു രേഷ്മ നിശാന്തുൾപ്പെടെയുള്ളവർ നൽകിയ ഹർജികളിലാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. മണ്ഡലകാലത്തിനു മുൻപും ശേഷവും യുവതികൾ ദർശനത്തിനെത്തിയിട്ടും പ്രതിഷേധത്തെത്തുടർന്നു മടങ്ങേണ്ടി വന്നു. സുപ്രീംകോടതി വിധിയെത്തുടർന്നു ദർശനത്തിനെത്തുന്ന യുവതികളുടെ എണ്ണം എത്രയാകുമെന്നു കൃത്യമായി പറയാനാകില്ലെന്നും റിപ്പോർട്ടിലുണ്ട്.

പമ്പയിൽ നിന്നു സന്നിധാനത്തേക്ക് എത്താൻ പരമ്പരാഗത പാതയും സ്വാമി അയ്യപ്പൻ റോഡുമാണു ഭക്തർ ഉപയോഗിക്കുന്നത്. ഇതു കുത്തനെയുള്ള കയറ്റമാണ്. യുവതികൾ ദർശനത്തിന് എത്തുന്നതോടെ കൂടുതൽ പ്രാഥമിക സൗകര്യങ്ങളും കുടിവെള്ളവും ലഭ്യമാക്കണം. അധിക പൊലീസ് സംരക്ഷണവും വേണ്ടി വരും. പമ്പയിലും നിലയ്ക്കലിലുമായി സ്ഥിരം സൗകര്യങ്ങൾ ഒരുക്കുന്നതിനും സമയം വേണം.

ശബരിമല വികസനത്തിനായി കേന്ദ്രസർക്കാർ തയാറാക്കി സംസ്ഥാന സർക്കാർ അംഗീകരിച്ച മാസ്റ്റർ പ്ലാനിൽ മാറ്റം വേണ്ടിവരും. സുപ്രീം കോടതി വിധിയെത്തുടർന്നുണ്ടായ സംഭവങ്ങൾ ശബരിമലയുടെ വരുമാനത്തിൽ ഇടിവുണ്ടാക്കിയതായി ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.പ്രളയത്തിൽ തകർന്ന പമ്പ പുനർനിർമിക്കാൻ വൻതുക വേണ്ടിവരും – റിപ്പോർട്ടിൽ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA