അപകടം: സമയത്തിനു സഹായം കി‍ട്ടിയില്ല; എസ്ഐയ്ക്കും യുവാവിനും ദാരുണാന്ത്യം

accident-death
SHARE

ആലപ്പുഴ ∙ ആലപ്പുഴ–ചങ്ങനാശേരി റോഡിൽ രണ്ടിടങ്ങളിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് സഹായം ലഭിക്കാതെ ഏറെ നേരം കിടന്ന എസ്ഐയ്ക്കും യുവാവിനും ദാരുണാന്ത്യം. 

മുൻപ് അപകടങ്ങളിൽ ഏറെ ജീവനുകൾ രക്ഷിച്ച ഹൈവേ പെട്രോളിങ് സംഘത്തിലെ ഗ്രേഡ് എസ്ഐ ബൈക്ക് മറിഞ്ഞ് അര മണിക്കൂറോളം സഹായം ലഭിക്കാതെ റോഡിൽ കിടന്നു. മറ്റൊരു സംഭവത്തിൽ, സ്കൂട്ടറിൽ ലോറിയിടിച്ച് 10 മിനിറ്റിലേറെ റോഡിൽ കിടന്ന റിസോർട്ട് ഷെഫിനും സഹായം വൈകി. കൈനടി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആലപ്പുഴ വാടയ്ക്കൽ ആഞ്ഞിലിപ്പറമ്പിൽ എ.ജെ.ജോസഫ് (55), ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ്സ് സ്ട്രീറ്റ് ശ്യാം നിവാസിൽ പരേതനായ ഷാജി ഫ്രാൻസിസിന്റെ മകൻ ശ്യാം ഷാജി (21) എന്നിവരാണു മരണത്തിനു കീഴടങ്ങിയത്. 

ഉച്ചയ്ക്കു രണ്ടരയോടെ ആലപ്പുഴ–ചങ്ങനാശേരി റോഡിൽ പള്ളിക്കൂട്ടുമ്മ ജംക്‌ഷനു സമീപത്തായിരുന്നു അപകടം. ബൈക്ക് മറിഞ്ഞു റോഡിൽ കിടന്ന ജോസഫിന്റെ ഹെൽമെറ്റ് ഊരിമാറ്റാൻ പോലും തയാറാകാതെ സ്ഥലത്തുണ്ടായിരുന്നവർ കാഴ്ചക്കാരായി. അര മണിക്കൂറിനുശേഷം അതുവഴി വന്ന കൈനടി സ്റ്റേഷനിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനാണു ജോസഫിനെ ആശുപത്രിയിലെത്തിച്ചത്. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നു ഡോക്ടർമാർ പറഞ്ഞു. ആലപ്പുഴ–ചങ്ങനാശേരി റോഡിലെ ഹൈവേ പെട്രോളിങ് സംഘത്തിലെ അംഗമായിരുന്നു ജോസഫ്.

ഭാര്യ: റിനി ജോസഫ്. മക്കൾ: കൃപ ജോസഫ്, സ്നേഹ ജോസഫ്, ജീവൻ ജോസഫ് (മൂവരും വിദ്യാർഥികൾ). സംസ്കാരം ഇന്നു മൂന്നിന് വട്ടയാൽ സെൻറ് പീറ്റേഴ്സ് പള്ളിയിൽ. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. 

ആലപ്പുഴ–ചങ്ങനാശേരി റോഡിൽത്തന്നെ കഴിഞ്ഞ ദിവസം പുലർച്ചെ 1.30 നു കൈതന ജംക്‌ഷനിലായിരുന്നു ശ്യാമിന്റെ മരണകാരണമായ അപക‌ടം. പുന്നമടയിലെ റിസോർട്ടിലെ ഷെഫുമാരായ ശ്യാമും പൂച്ചാക്കൽ സ്വദേശി മിഥുനും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു. ഗൾഫിലേക്കു പോകുന്ന മറ്റൊരു സുഹൃത്തിനെ യാത്രയാക്കാൻ കളർകോടുള്ള വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. മിഥുൻ (19) പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ശ്യാമാണു സ്കൂട്ടർ ഓടിച്ചത്. വഴിവിളക്കില്ലാത്ത ജംക്‌ഷനിൽ തിരിയുന്നതിനിടെ ദേശീയപാതയിലേക്കു വന്ന ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കടന്നുപോയ വാഹനങ്ങളൊന്നും നിർത്താതിരുന്നതിനാൽ ചോരയിൽ കുളിച്ച് 10 മിനിറ്റിലേറെ ശ്യാം റോഡിൽക്കിടന്നു. പിന്നാലെ വന്ന സുഹൃത്തുക്കൾ കാർ തടഞ്ഞുനിർത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാവിലെ 7 നു മരിച്ചു. അമ്മ: ലത. സഹോദരി: ഗീതു. നിർത്താതെ പോയ ലോറിയും ഡ്രൈവറും പൊലീസ് സ്​റ്റേഷനിൽ കീഴ‌ടങ്ങി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA