ഫെയ്സ്ബുക് പോസ്റ്റ്: യൂത്ത് ലീഗ് നേതാവിനെതിരെ കേസെടുത്തു

SHARE

കോഴിക്കോട്∙ പേരാമ്പ്ര ടൗൺ ജുമാ മസ്ജിദിനു നേരെ നടന്ന ആക്രമണത്തെത്തുടർന്ന് കലാപം ആഹ്വാനം ചെയ്യുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ വ്യാജ പ്രചാരണം നടത്തി എന്നാരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. സമൂഹമാധ്യമം വഴി വ്യാജ പ്രചാരണം നടത്തിയതിന് 153 വകുപ്പ് പ്രകാരവും ഇലക്ട്രോണിക് മാധ്യമം ദുരുപയോഗം ചെയ്തതിന് കേരള പൊലീസ് ആക്ട് 120–ഒ പ്രകാരവുമാണ് കേസെടുത്തതെന്ന് പേരാമ്പ്ര സി.ഐ കെ.പി.സുനിൽകുമാർ പറഞ്ഞു. ഡിവൈഎഫ്ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

നജീബ് കാന്തപുരം ജനുവരി അഞ്ചിന് ഫെയ്സ്ബുക്കിൽ തന്റെ ഔദ്യോഗിക പേജിലിട്ട കുറിപ്പിനെതിരെയാണ് നടപടി. മൂന്നിനു നടന്ന ഹർത്താലിനിടെ പേരാമ്പ്രയിലെ പള്ളിക്ക് നേരെ കല്ലേറുണ്ടായിരുന്നു. പ്രകടനത്തിനിടെ പള്ളിക്കു നേരെ കല്ലേറുണ്ടായ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് നജീബ് കാന്തപുരം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. 

നജീബിനെതിരെയുള്ളത് കള്ളക്കേസ്: മുസ്‌ലിം യൂത്ത് ലീഗ്

കോഴിക്കോട്∙ പള്ളിക്കുനേരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കല്ലെറിഞ്ഞ സംഭവത്തിൽ പാർട്ടിക്കെതിരെയുണ്ടായ ജനവികാരം തിരിച്ചു വിടാനാണ് യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ വ്യാജക്കേസ് എടുത്തതെന്ന് സംസ്ഥാന ജന.സെക്രട്ടറി പി.കെ. ഫിറോസ്. പിണറായി വിജയനെതിരെ സമൂഹമാധ്യമത്തിൽ എന്തുപറഞ്ഞാലും കേസെടുക്കുന്നത് ഫാഷിസ്റ്റ് സമീപനമാണ്. വകുപ്പില്ലാതിരുന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് നേരിട്ട് ഇടപെട്ടാണ് കേസെടുത്തത്.

എന്നാൽ‍ നിരവധി കേസുകളിൽ പ്രതിയായ പരാതിക്കാരൻ ഇതുവരെ എം.എം. ജിതേഷ് ജാമ്യമെടുത്തിട്ടില്ല. ‌ പേരാമ്പ്ര പൊലീസ് സ്റ്റേഷൻ മുതൽ ഡിജിപിയുടെ ഓഫിസിൽ വരെ കയറിയിറങ്ങിയിട്ടും എന്തുകൊണ്ട് അറസ്റ്റു ചെയ്തില്ലെന്നത് പൊലീസ് വ്യക്തമാക്കണമെന്നും പി.കെ.ഫിറോസ് പറഞ്ഞു. നടപടിയിൽ പ്രതിഷേധിച്ച് നാളെ 10ന് യൂത്ത് ലീഗ് പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA