സിപിഎം ഓഫിസിലെ റെയ്ഡ്: വനിതാ എസ്പിയെ പിന്തുണച്ച് എഡിജിപി, തള്ളി മുഖ്യമന്ത്രി

Chaithra-teresa-John
SHARE

തിരുവനന്തപുരം ∙ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് രാത്രി റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസ ജോണിന്റെ നടപടിയിൽ നിയമപരമായി തെറ്റില്ലെന്ന് എഡിജിപി മനോജ് ഏബ്രഹാമിന്റെ അന്വേഷണ റിപ്പോർട്ട്. അതേസമയം, എസ്പിയുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ തള്ളിപ്പറഞ്ഞു. നടന്ന കാര്യങ്ങൾ ചൈത്ര കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചൈത്രയെ വിമർശിച്ചു.

നിയമപരമായ മുൻകരുതൽ എടുത്ത ശേഷമായിരുന്നു റെയ്ഡ് എന്നതിനാൽ അച്ചടക്കനടപടിക്കു പഴുതില്ല. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് എഡിജിപി നൽകിയ റിപ്പോർട്ടിൽ ചൈത്രയ്ക്കെതിരെ ഒരു നടപടിയും ശുപാർശ ചെയ്തിട്ടില്ലെന്നും റെയ്ഡിനെ ന്യായീകരിച്ചിട്ടുണ്ടെന്നുമാണു സൂചന.

അതേസമയം, പാർട്ടി ഓഫിസിൽ രാത്രി കയറുമ്പോൾ ക്രമസമാധാന പ്രശ്നത്തിനു സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത പുലർത്താമായിരുന്നുവെന്നും കമ്മിഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണമായിരുന്നുവെന്നും പരാമർശമുണ്ട്.

റെയ്ഡിനെ നിയമസഭയിൽ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, പാ‍ർട്ടി ഓഫിസുകളെ സംരക്ഷിക്കുകയാണു പൊലീസിന്റെ ചുമതലയെന്നും അതിനു ഭംഗം വരുത്തുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. ചൈത്രയുടെ പേരോ തസ്തികയോ പരാമർശിച്ചില്ല.

പ്രതികൾ അവിടെ ഉണ്ടായിരുന്നില്ലെന്നു പരിശോധനയിൽ വ്യക്തമായില്ലേയെന്നു മുഖ്യമന്ത്രി ചോദിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അടക്കമുളള ചില നേതാക്കളും ജീവനക്കാരും മാത്രമാണ് ഉണ്ടായിരുന്നത്. രാഷ്ട്രീയ പാർട്ടി ഓഫിസുകൾ സാധാരണരീതിയിൽ ഇത്തരം പരിശോധനയ്ക്കു വിധേയമാക്കാറില്ല. രാഷ്ട്രീയ പാർട്ടികൾക്കു സ്വതന്ത്രമായ പ്രവർത്തനം അനുവദിക്കുകയെന്നതു ജനാധിപത്യസമൂഹത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പാർട്ടികളുടെ അവകാശത്തിൽ ആരു കൈ കടത്തിയാലും...

രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരെ ഇകഴ്ത്തിക്കാണിക്കുന്ന പ്രവണതയുണ്ട്. അതിൽ ചിലർ പെട്ടുപോകുന്ന സാഹചര്യവുമുണ്ട്. അതു തിരുത്തിയേ തീരൂ. പാർട്ടികളുടെ അവകാശത്തിൽ ആരു കൈ കടത്തിയാലും ഇതു തന്നെ സർക്കാർ നയം.

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA