പൊലീസിന് എസ്എഫ്ഐക്കാരുടെ ആക്രമണം: മുഖ്യപ്രതി മന്ത്രിമാർ പങ്കെടുത്ത പരിപാടിയിൽ

sfi-attack-on-police-1
SHARE

തിരുവനന്തപുരം ∙ പാളയത്ത് പൊലീസിനെ നടുറോഡിൽ വളഞ്ഞിട്ടു മർദിച്ച കേസിൽ ഒളിവിലാണെന്നു പൊലീസ് പറയുന്ന മുഖ്യ പ്രതിയും എസ്എഫ്ഐ നേതാവുമായ നസീം മന്ത്രിമാർ പങ്കെടുത്ത പൊതുപരിപാടിയിൽ ഇരിക്കുന്ന ദ്യശ്യങ്ങൾ പുറത്തായി. തിങ്കളാഴ്ച വൈകിട്ട് യൂണിവേഴ്സിറ്റി കോളജിൽ നടന്ന പരിപാടിയിലാണ് ജാമ്യമില്ലാ കേസിലെ പിടികിട്ടാപ്പുള്ളിയായ നസീം മന്ത്രി എ.കെ. ബാലനും ജലീലും പങ്കെടുത്ത പരിപാടിയുടെ സദസ്സിൽ ആദ്യാവസാനം ഉണ്ടായിരുന്നത്.

മന്ത്രിമാർക്കു സുരക്ഷയുമായി പൊലീസ് കോളജിൽ എത്തിയെങ്കിലും നസീമിനെ കണ്ടതായി ഭാവിച്ചില്ല. പരിപാടി അവസാനിച്ചതോടെ നസീം മടങ്ങുകയും ചെയ്തു. മനോരമ ന്യൂസാണ് ദ്യശ്യങ്ങൾ പുറത്തു വിട്ടത്. സിപിഎമ്മിന്റെ ജില്ലയിലെ പ്രധാന നേതാക്കളുടെ ഇടപെടൽ മൂലമാണ് ഇയാളെ പിടികൂടാത്തതെന്ന ആരോപണം ശരി വയ്ക്കുന്നതായി പുറത്ത് വന്ന ദ്യശ്യങ്ങൾ. നേരത്തേ വനിതാ മതിലിൽ അടക്കം നസീം പങ്കെടുത്തതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടും അറസ്റ്റ് ഉണ്ടായില്ല. മർദനത്തിൽ പരുക്കേറ്റ പൊലീസുകാരന്റെ മാതാപിതാക്കൾ നസീമിനെ പിടികൂടണമെന്നാവശ്യപ്പെട്ടു നൽകിയ പരാതിയും പൂഴ്ത്തിയിരിക്കുകയാണ്.

ഡിസംബർ 12 നാണ് പാളയം യുദ്ധസ്മാരകത്തിനു സമീപം ട്രാഫിക് നിയമലംഘനം ചോദ്യം ചെയ്ത പൊലീസുകാരെ ഇരുപതോളം എസ്എഫ്ഐക്കാർ വളഞ്ഞിട്ട് ആക്രമിച്ചത്. സംഘം അറസ്റ്റ് ചെയ്തവരെ സംഘം ബലമായി പിടിച്ചിറക്കി കൊണ്ടു പോവുകയും ചെയ്തിരുന്നു. സിസിടിവി ദ്യശ്യങ്ങളിൽ നിന്നും നസീമിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമമെന്നു കണ്ടെത്തിയിരുന്നു.

ആറു പേരെ പ്രധാന പ്രതികളാക്കിയാണു കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ആദ്യം മുതൽ തന്നെ പ്രതികളെ രക്ഷിക്കാനായി സിപിഎം ശ്രമിക്കുന്നതായി ആരോപണമുണ്ടായിരുന്നു. സംഭവം വിവാദമായതോടെ എസ്എഫ്ഐ പ്രവർത്തകരായ ആരോമൽ, ശ്രീജിത്ത്, അഖിൽ, ഹൈദർ എന്നിവർ കീഴടങ്ങി. ഇതിൽ ഹൈദർ നെയ്യാറ്റിൻകര എംഎൽഎ ആൻസലന്റെ പിഎയുടെ മകനാണ്.

അന്വേഷണം മരവിപ്പിച്ച പൊലീസ് നസീമിനെയും മറ്റൊരാളെയും ഒഴിവാക്കി. നസീമിനെ കൂടാതെയുള്ള ആളിനെ ദ്യശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നില്ലെന്നു പറഞ്ഞാണ് ഒഴിവാക്കിയത്. നസീം ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. ഇതിനു ശേഷവും സിപിഎമ്മിന്റെ വിവിധ പരിപാടികളിൽ ജില്ലയിൽ ഇയാൾ പങ്കെടുത്തു. പിന്നാലെയാണ് തിങ്കളാഴ്ച മന്ത്രിമാർ പങ്കെടുത്ത പരിപാടിയിൽ ഇയാൾ ഇരിക്കുന്ന ദ്യശ്യങ്ങൾ പുറത്ത് വന്നത്. ഇതിനു ശേഷവും ഇയാൾ ഒളിവിലാണെന്ന പല്ലവിയാണ് പൊലീസ് ആവർത്തിക്കുന്നത്.

മുൻപ് പല കേസുകളിലും പങ്കാളിത്തമുള്ള ഇയാൾക്കെതിരെ വാറന്റുകളും നിലവിലുണ്ട്. ഇക്കാരണത്താലാണ് നസീമിന്റെ അറസ്റ്റ് ഒഴിവാക്കാനായി സിപിഎം സമ്മർദം ചെലുത്തുന്നത്. പ്രതി വീട്ടിലുള്ളതായും പരിപാടികളിൽ സജീവമാണെന്നും കാണിച്ച് സ്പെഷൽ ബ്രാഞ്ച് പല തവണ റിപ്പോർട്ട് നൽകിയെങ്കിലും എല്ലാം അവഗണിച്ചു.

പ്രതി പൊലീസ് റാങ്ക് ലിസ്റ്റിൽ; രക്ഷിക്കാൻ തിടുക്കം

പൊലീസിനെ മർദിച്ച കേസിൽ അകപ്പെട്ട ഒരാൾ പൊലീസ് റാങ്ക് ലിസ്റ്റിലുള്ള ആൾ. ഇയാൾക്ക് മുൻപുണ്ടായിരുന്ന കേസുകൾ മുഴുവൻ ഉന്നതർ ഇടപെട്ട് ഒഴിവാക്കി നൽകിയിരുന്നു. മർദിച്ച കേസിൽ ഈ വ്യക്തിയെ ഒഴിവാക്കണമെന്നു സിപിഎമ്മിലെ  ഉന്നതൻ തന്നെ പൊലീസിനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസ് വഴങ്ങിയില്ല .ഇതിനുശേഷവും ഇദ്ദേഹത്തെ രക്ഷിച്ചെടുക്കാനായി ശ്രമം നടക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA