ടിക്കറ്റിങ് യന്ത്രംവാങ്ങൽ കരാറിൽ മന്ത്രി ഇടപെട്ടോ എന്നു െഹെക്കോടതി

AK-Sasindran
SHARE

കൊച്ചി ∙ കെഎസ്ആർടിസിയിൽ ഇലക്ട്രോണിക് ടിക്കറ്റിങ് യന്ത്രം വാങ്ങുന്ന കരാർ നടപടിയിൽ ഗതാഗത മന്ത്രി ഇടപെട്ടോ എന്നു വാദത്തിനിടെ ഹൈക്കോടതിയുടെ ചോദ്യം. ടെൻഡർ അനുവദിച്ചു നൽകുന്നതു ഹർജിയിലെ തീർപ്പിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

തങ്ങളെ ഒഴിവാക്കുന്ന തരത്തിൽ ടെൻഡർ വ്യവസ്ഥകൾ തിരുത്തിയെന്ന് ആരോപിച്ച് ബെംഗ്ളൂരു ആസ്ഥാനമായ മൈക്രോഫിക്സ് കമ്പനി സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, കെഎസ്ആർടിസിയുടെ സത്യവാങ്മൂലം തേടി. ടെൻഡർ വിഷയത്തിൽ ആക്ഷേപമുന്നയിച്ച് തങ്ങൾ മന്ത്രിക്കു നൽകിയ നിവേദനം ‘വ്യക്തിപരമായി പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണ’മെന്ന കുറിപ്പോടെ എംഡിക്കു വിട്ടതായി ഹർജിയിൽ പറഞ്ഞിരുന്നു. വാദത്തിനിടെ ഇക്കാര്യം ശ്രദ്ധയിൽപെട്ടപ്പോൾ മന്ത്രി ഇക്കാര്യത്തിൽ പ്രത്യേക താൽപര്യം കാണിച്ചിട്ടുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

ടെൻഡർ ക്ഷണിച്ച് 2018 ഡിസംബർ 21നായിരുന്നു നോട്ടിസ്. പിന്നീടു ടെൻഡർ വ്യവസ്ഥ തിരുത്തി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏതെങ്കിലും സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനു ജിപിആർഎസ് ഘടിപ്പിച്ച 3,000 ഇലക്ട്രോണിക് ടിക്കറ്റിങ് യന്ത്രങ്ങൾ വിതരണം ചെയ്തിട്ടുണ്ടാകണമെന്നും നിശ്ചിത വിറ്റുവരവ് ഉണ്ടാകണമെന്നുമുള്ള വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയത്. മറ്റൊരു കമ്പനിയെ സഹായിക്കാൻ വ്യവസ്ഥകൾ മാറ്റിയെന്നാണു ഹർജിക്കാരുടെ ആക്ഷേപം.

തീരുമാനം തങ്ങൾക്കു പ്രതികൂലമാകുമെന്നറിഞ്ഞ് ജനുവരി 27നു മന്ത്രിക്കു നിവേദനം നൽകിയതായി ഹർജിക്കാർ ബോധിപ്പിച്ചു. പരിഗണിക്കണമെന്നു കുറിച്ച് മന്ത്രി നിവേദനം സിഎംഡിക്കു വിട്ടു. മന്ത്രി പരിഗണനയ്ക്കു വിട്ടശേഷവും കെഎസ്ആർടിസി തിടുക്കപ്പെട്ട് ടെൻഡർ അന്തിമമാക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണു ഹർജി. സ്വേച്ഛാപരവും നിയമവിരുദ്ധവുമായ നടപടിയിൽ കോടതി ഇടപെടണം. വിവാദ വ്യവസ്ഥകൾ റദ്ദാക്കണമെന്നും മതിയായ നോട്ടിസ് നൽകി റീ–ടെൻഡർ നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA