Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിൽ തകർന്ന വീടിന് പണം ലഭിച്ചില്ല; വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

നെടുങ്കണ്ടം ∙ പ്രളയക്കെടുതിയിൽ തകർന്ന വീട് പുതുക്കിപ്പണിയാൻ ധനസഹായം തേടി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ച അതേ ദിവസം തന്നെ വീടു വയ്ക്കാൻ അവർക്ക് നാലുലക്ഷം രൂപ അനുവദിച്ച് അധികൃതരുടെ ഉദാര മനസ്കത. മാവടി ചീനിപ്പാറ വെള്ളാപ്പള്ളിൽ രഘുവിന്റെ ഭാര്യ ബിന്ദുവിനെയാണ് (42) ബുധൻ രാവിലെ വിഷം ഉള്ളിൽ ചെന്നു ഗുരുതര നിലയിൽ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . വൈകിട്ട് കലക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് ഇവർക്ക് തുക അനുവദിച്ചത്. ഓഗസ്റ്റിൽ മലവെള്ളപ്പാച്ചിലിലാണ് ഇവരുടെ വീടു തകർന്നത്. ഷെഡ് നിർമിച്ചാണ് രഘുവും ഭാര്യ ബിന്ദുവും മാതാവ് ഭവാനിയും സ്കൂൾ വിദ്യാർഥികളായ രണ്ടു മക്കളും കഴിയുന്നത്.

സർക്കാർ സഹായമായ 10,000 രൂപയും പഞ്ചായത്തിൽ നിന്നു വിതരണം ചെയ്ത കിറ്റുകളും ഇവർക്കു ലഭിച്ചു. എന്നാൽ, ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും 27 സെന്റ് സ്ഥലമുള്ളതിനാൽ പുറത്തായി. ആദ്യം വീട് നിന്ന സ്ഥലം പുതിയ വീട് പണിയാനാകാത്ത വിധം താറുമാറായി. വേറൊരു സ്ഥലം വാങ്ങി പലരിൽ നിന്നുമായി കടം വാങ്ങി വീടിന്റെ തറ കെട്ടി. സർക്കാർ സഹായത്തിനായി പല തവണ ഓഫിസുകളിൽ കയറി പരാജയപ്പെട്ടതോടെയാണ് ബിന്ദു ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ഭർത്താവ് രഘു പറയുന്നു. ആശുപത്രിയിൽ ബിൽ അടയ്ക്കുന്നതിനു പോലും പറ്റാത്ത അവസ്ഥയിലാണ് കുടുംബം.

അതേസമയം, ബിന്ദുവിന്റെ കുടുംബത്തിനു 10,000 രൂപ ആദ്യ ഗഡു നൽകിയതായും, രണ്ടാം ഗഡുവായി 4 ലക്ഷം രൂപ അനുവദിച്ചതായും ഉടുമ്പൻചോല തഹസിൽദാർ പി.എസ്.ഭാനുകുമാർ പറഞ്ഞു. ആദ്യം തയാറാക്കിയ ജിയോ ടാഗ് കണക്കെടുപ്പിൽ ഇവരുടെ വിവരം ഉൾപ്പെട്ടിരുന്നില്ല. രണ്ടാം ഘട്ടത്തിലാണ് പേര് ഉൾപ്പെടുത്തിയത്. ജനുവരി 18നു തയാറാക്കിയ ലിസ്റ്റിൽ പേര് ഉൾപ്പെട്ടിരുന്നു. ഇന്നലെ രാവിലെ എഡിഎം നിർദേശത്തെ തുടർന്ന് ബിന്ദുവിന് തുക അനുവദിച്ചതായും തഹസിൽദാർ അറിയിച്ചു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.