Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്പി ചൈത്രയ്ക്ക് എതിരെ നടപടി തടയണമെന്നു ഹർജി

chaitra-teresa-john-3 ചൈത്ര തെരേസ ജോൺ

കൊച്ചി ∙ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. അന്വേഷണ ആവശ്യത്തിനായി പൊലീസ് പ്രവേശിക്കുന്നതു തടയുന്ന തരത്തിൽ പാർട്ടി ഓഫിസുകൾക്കു പ്രത്യേക പദവി ഇല്ലെന്നു പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചിയിലെ സംഘടനയായ ‘പബ്ലിക് ഐ’ സമർപ്പിച്ച ഹർജി കോടതി പിന്നീടു പരിഗണിക്കും.

പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിനു 28 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. പ്രതികൾ സിപിഎം ഓഫിസിലുണ്ടെന്നു കരുതി ജനുവരി 24നു ചൈത്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്ഡ് ചെയ്തെങ്കിലും റെയ്ഡ് വിവരം ചോർന്നതിനാൽ അറസ്റ്റ് നടന്നില്ലെന്നു ഹർജിയിൽ പറയുന്നു. പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും റെയ്ഡ് വിവരം ചോർത്തിയ പൊലീസുകാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഉദ്യോഗസ്ഥയുടെ നടപടിയിൽ തെറ്റില്ലെന്ന് എഡിജിപി റിപ്പോർട്ട് നൽകിയിട്ടും മുഖ്യമന്ത്രിയും സിപിഎമ്മും വേട്ടയാടുകയാണ്. പാർട്ടി ഓഫിസിൽ പൊലീസ് കയറരുതെന്ന പരസ്യപ്രഖ്യാപനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും അതൃപ്തി ഭയന്ന് ഐപിഎസ് ഓഫിസർമാരുടെ സംഘടനയും മുതിർന്ന ഉദ്യോഗസ്ഥരും ചൈത്രയെ സംരക്ഷിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.