Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈത്രയ്ക്കെതിരെ അച്ചടക്ക നടപടി തടയണമെന്ന ഹർജി പിൻവലിച്ചു

Chaitra Theresa John ചൈത്ര തെരേസ ജോൺ

കൊച്ചി ∙ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതു തടയണമെന്ന ഹർജി ഹൈക്കോടതിയിൽനിന്നു പിൻവലിച്ചു. കോടതി നിലപാട് അനുകൂലമല്ലെന്നു കണ്ടാണു കൊച്ചിയിലെ ‘പബ്ലിക് ഐ’ നൽകിയ ഹർജി പിൻവലിച്ചത്.

ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു കേസ് പരിഗണിച്ചത്. ചൈത്രയ്ക്കെതിരെ സർക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നു കോടതി വാദത്തിനിടെ ചോദിച്ചു. നടപടിയുണ്ടാകുമെന്നു പറയുന്ന ഉദ്യോഗസ്ഥ പരാതി നൽകിയിട്ടില്ലെന്നും പറഞ്ഞു. റെയ്ഡ് ശരിയായില്ലെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതായി ഹർജിഭാഗം ശ്രദ്ധയിൽപെടുത്തി. മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞതിന് എന്തിനാണു ഹർജിയെന്നും അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്ര്യമില്ലേ എന്നും കോടതി ചോദിച്ചു.

ചൈത്രയുടെ നടപടിയിൽ അന്വേഷണത്തിനു രണ്ട് ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നുവെന്ന മാധ്യമവാർത്ത ഹർജിഭാഗം ശ്രദ്ധയിൽപെടുത്തി. റെയ്ഡ് നിയമപ്രകാരമാണോ എന്നു പരിശോധിക്കുന്നതിൽ തെറ്റുണ്ടോ എന്നു കോടതി ചോദിച്ചു. റെയ്ഡ് നടപടിയിൽ തെറ്റില്ലെന്നു മേലുദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയെങ്കിലും മുഖ്യമന്ത്രി മറിച്ചു തീരുമാനമെടുക്കാൻ സാധ്യതയുണ്ടെന്നു ഹർജിഭാഗം ആരോപിച്ചു.

റെയ്ഡ് നിയമപ്രകാരമാണെന്നു മേലുദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയെങ്കിൽ സംസ്ഥാനത്തു നിയമവാഴ്ചയില്ലെന്ന് എങ്ങനെ പറയുമെന്നു കോടതി പ്രതികരിച്ചു. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഓഫിസിൽ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥയ്ക്കു ക്ലീൻ ചിറ്റ് നൽകാൻ മേലുദ്യോഗസ്ഥർക്കു സാധിച്ചെങ്കിൽ നിയമവാഴ്ച ഭദ്രമെന്നല്ലേ അർഥം? തെറ്റിദ്ധാരണയുടെ പുറത്താണു ഹർജി. ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഹർജികൊണ്ട് എന്താണു കാര്യമെന്നും കോടതി ചോദിച്ചു.