Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഡോസൾഫാൻ: എല്ലാവർക്കും സഹായം കി‌ട്ടിയില്ലെന്ന് പ്രതിപക്ഷം; പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

endosulfan

തിരുവനന്തപുരം∙ എൻഡോസൾഫാൻ ദുരിതബാധിതരിൽ അർഹരായ എല്ലാവർക്കും സർക്കാർ സഹായം നൽകുന്നില്ലെന്ന് ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. സമാശ്വാസ നടപടികൾ എല്ലാവരിലും എത്തിക്കുന്നതിലുള്ള കുറവുകൾ പരിഹരിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹിക പ്രവർത്തകയായ ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ എൻഡോസൾഫാൻ ദുരിതബാധിതർ സമരം ആരംഭിച്ചതു കൂടി ചൂണ്ടിക്കാട്ടി എൻ.എ. നെല്ലിക്കുന്നാണു സബ്മിഷൻ അവതരിപ്പിച്ചത്.

ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേർന്നാണു ദുരിതബാധിതരെ കണ്ടെത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പ്രത്യേക മെഡിക്കൽ സംഘം റിപ്പോർട്ടുകൾ സൂക്ഷ്മമായി പരിശോധിച്ചാണ് അർഹരുടെ പട്ടിക തയാറാക്കുന്നത്. അതിൽ പെടാത്തവ വീണ്ടും പരിശോധിച്ച് ആവശ്യമെങ്കിൽ കൂട്ടിച്ചേർക്കൽ വരുത്തുന്നുമുണ്ട്. ഈ സർക്കാർ 363 പേരുടെ പട്ടിക അംഗീകരിച്ചു. പുനഃപരിശോധനയിൽ 11 പേരെ കൂട്ടിച്ചേർത്തു. ആകെ 6212 പേരാണ് അംഗീകരിച്ച പട്ടിക പ്രകാരം ദുരിതബാധിതർ. കേന്ദ്രസഹായം ലഭിക്കുന്നതിലെ പോരായ്മ പരിഹരിക്കാൻ സർക്കാർ ശ്രദ്ധിക്കാറുണ്ട്. 50,000 രൂപ വരെയുള്ള വായ്പ എഴുതിത്തള്ളാൻ 2.17 കോടി രൂപ അനുവദിച്ചു. മൂന്നു ലക്ഷം വരെയുള്ള കടബാധ്യത എഴുതിത്തള്ളാൻ 4.63 കോടി രൂപ അനുവദിച്ചു ബാങ്ക് അക്കൗണ്ടുകളിലേക്കു നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂവായിരത്തോളം ദുരിതബാധിതർ ആനുകൂല്യത്തിനായി അപേക്ഷിച്ചതിൽ 200 പേർക്കു മാത്രമാണു ലഭിച്ചതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമരപ്പന്തൽ സന്ദർശിച്ചപ്പോൾ സർക്കാരിന്റെ ഭാഗത്തെ വീഴ്ചകൾ അവർ ചൂണ്ടിക്കാട്ടിയതു ചെന്നിത്തല വിവരിച്ചു.

മുഖ്യമന്ത്രിയുടെ കാലു പിടിക്കാമെന്ന് എംഎൽഎ

എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരം തീർക്കാനായി മുഖ്യമന്ത്രിയുടെ കാലുപിടിക്കാൻ തയാറാണെന്നു എൻ.എ. നെല്ലിക്കുന്ന്. അതുകൊണ്ട് തന്റെ അഭിമാനത്തിനും അന്തസ്സിനും ഒന്നും സംഭവിക്കില്ല. പല സമരങ്ങളോടും മുഖ്യമന്ത്രിയുടെ മനോഭാവം കണ്ടതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നതെന്നും നെല്ലിക്കുന്ന് പറഞ്ഞു. പ്രദേശവാസിയായ നെല്ലിക്കുന്നിന്റെ വികാരം മനസിലാക്കുന്നുവെന്നു മുഖ്യമന്ത്രി മറുപടി നൽകി. ദയാബായിയെപ്പോലൊരു സാമൂഹികപ്രവർത്തക നേതൃത്വം കൊടുക്കുന്ന സമരത്തെ ഗൗരവത്തോടെ തന്നെയാണു കാണുന്നത്. അവരോട് ഒരു അനാദരവുമില്ല. സമരം തീർക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ചർച്ച പരാജയം; സമരം തുടരും

എൻഡോസൾഫാൻ ദുരിതബാധിതർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന പട്ടിണിസമരം അവസാനിപ്പിക്കാൻ സർക്കാർ നടത്തിയ ചർച്ച പരാജയം. സമരം തുടരുമെന്നും മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്കു നാളെ സങ്കടയാത്ര നടത്തുമെന്നും എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി അറിയിച്ചു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും കെ.കെ. ശൈലജയുമാണു മുന്നണി പ്രതിനിധികളുമായി ചർച്ച നടത്തിയത്. സമരം നാലാം ദിവസത്തിലേക്കു കടക്കുകയാണ്. എൻഡോസൾഫാൻ ബാധിതരായ എട്ടു കുട്ടികളും രക്ഷിതാക്കളുമടക്കം മുപ്പതംഗ സംഘമാണു സമരത്തിൽ. ഇവർക്ക് ഐക്യദാർഢ്യവുമായി സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാരവും തുടരും.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.