Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിസന്ധിയിലും ചെലവു കൂട്ടൽ: കണ്ടുതന്നെ അറിയണം

money

തിരുവനന്തപുരം ∙ കൂടുതൽ കടം വാങ്ങി കൂടുതൽ ചെലവാക്കുമെന്നും ചെലവു കുറയ്ക്കുന്നത് ആത്മഹത്യാപരമെന്നും ധനമന്ത്രി. കടം വീട്ടാൻ, നികുതിവർധന 10 ശതമാനത്തിൽനിന്ന് 30 ശതമാനത്തിൽ എത്തിക്കുമെന്നും അദ്ദേഹം പറയുന്നു. ഇത് രണ്ടു തരത്തിൽ അപ്രായോഗികമെന്നു സാമ്പത്തിക വിദഗ്ധർ. ഒന്ന്: നികുതി ഒറ്റയടിക്ക് 30% ആക്കി ഉയർത്താനാവില്ല. രണ്ട്: നികുതി 30% കൂട്ടി 14 ശമാനത്തിലധികം വളർച്ചാനിരക്കുണ്ടായാൽ ജിഎസ്ടി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ ഇപ്പോൾ നൽകുന്ന സഹായം ഇല്ലാതാകും. ചുരുക്കത്തിൽ നികുതികൂട്ടി കേരളത്തിലെ നികുതിദായകർക്ക് ഇരട്ടി പ്രഹരം.

ഇത് അടിമുടി പ്രളയബജറ്റ്; മൽസ്യത്തൊഴിലാളികൾക്കു നന്ദി, വിഡിയോ സ്റ്റോറി കാണാം

കേന്ദ്രസർക്കാർ 14% നികുതിവർധന മാത്രം ആവശ്യപ്പെടുന്നിടത്താണ് ഐസക്കിന്റെ 30% ലക്ഷ്യം. ആ ലക്ഷ്യം കൈവരിച്ചാൽ കേന്ദ്രത്തിന്റെ പാക്കേജിനു പുറത്താകും. ഫലത്തിൽ സംസ്ഥാനത്തെ ജനങ്ങളുടെ നികുതിഭാരം കൂടും. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ചെലവു ചുരുക്കലല്ല, വർധിപ്പിക്കലാണു വേണ്ടതെന്ന തന്റെ സാമ്പത്തിക സിദ്ധാന്തമാണ് തോമസ് ഐസക് ബജറ്റിൽ ആവർത്തിക്കുന്നത്. എന്നാൽ, അതു പ്രായോഗികമല്ലെന്നു പ്രസംഗത്തിൽ മന്ത്രിതന്നെ ഭംഗ്യന്തരേണ സമ്മതിക്കുന്നുണ്ട്. പ്രയോഗികമല്ലാത്ത 30% ശതമാനം വർധനയിലെത്താൻ മന്ത്രി നിരത്തുന്ന മാർഗങ്ങളും വിശ്വസനീയമല്ല.

ചെലവുകൾ വെട്ടിച്ചുരുക്കിയാൽ സാമ്പത്തിക മുരടിപ്പുണ്ടാകുമെന്ന് ഐസക് വാദിക്കുന്നു. റബറിന്റെ വിലയിടിവ്, ഗൾഫ് മേഖലയിൽ നിന്നുള്ള വരുമാനക്കുറവ് എന്നിവ മൂലം പ്രതിസന്ധിയിലായ സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്തെ പുനരുജ്ജീവിപ്പിക്കാൻ കടമെടുത്തും ചെലവു വർധിപ്പിച്ചേ മതിയാകൂ. നികുതിക്കു പുറമേ, പ്രളയ സെസ് ആണ് അദ്ദേഹത്തിന്റെ മറ്റൊരു സ്രോതസ്സ്. പ്രളയ സെസിൽ നിന്നു ചെറുകിട വ്യാപാരികളെ ഒഴിവാക്കുമെന്നും 12 ശതമാനത്തിൽ കൂടുതൽ ജിഎസ്ടി ഉള്ള സാധനങ്ങൾക്കേ ചുമത്തൂവെന്നും വിലവർധന ഉണ്ടാകില്ലെന്നും പറയുന്നു. എന്നാൽ, 12 ശതമാനത്തിനുമേൽ ജിഎസ്ടി ഉള്ള സർവീസ് വിഭാഗത്തെയും മരുന്നുകളെയും ഇവ ബാധിക്കുമെന്നത് മന്ത്രി മറച്ചുവയ്ക്കുന്നു.

സെസ് ചുമത്തുന്നതിനുപകരം, നികുതിവെട്ടിപ്പു തടഞ്ഞാൽത്തന്നെ സെസ് വഴി നേടുന്നതിന്റെ പല മടങ്ങ് സ്വരൂപിക്കാനാവുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രളയ സെസ് കൂടി ചേർത്താലും മന്ത്രി പ്രതീക്ഷിക്കുന്ന 30% നികുതിവർധന പ്രായോഗികമല്ലതന്നെ. റവന്യൂ കമ്മി കഴിഞ്ഞ 5 വർഷത്തെ 2.21% ൽ നിന്ന് 1% ആകുമെന്ന പ്രതീക്ഷയും അതിരുകടന്നതാണ്. ധനകമ്മി 5 വർഷത്തെ ശരാശരിയായ 3.61 ൽനിന്നു 3 ശതമാനം കുറയ്ക്കുമെന്ന വാദവും എത്രത്തോളം നടപ്പാകുന്നുവെന്നു കണ്ടറിയണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.