Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയഭാരം വീണ്ടും ജനങ്ങളുടെ ചുമലിൽ; 928 ഉൽപന്നങ്ങൾക്ക് സെസ്

budget-cartoon

തിരുവനന്തപുരം ∙ പ്രളയാനന്തര കേരളം പുനർനിർമിക്കാൻ ഉൗന്നൽ‌ നൽകുന്ന സംസ്ഥാന ബജറ്റിൽ സാധാരണക്കാർക്കു മേൽ അധികഭാരം ചുമത്തി പ്രളയസെസും നിരക്കു വർധനകളും.

തിരഞ്ഞെടുപ്പു വർഷം ബജറ്റിൽനിന്നു പ്രതീക്ഷിച്ചതു തലോടലാണെങ്കിൽ 928 ഉൽപന്നങ്ങൾക്ക് 1% പ്രളയ സെസ് ചുമത്തിയതോടെ വ്യാപക വിലക്കയറ്റത്തിനു വഴിതുറന്നു.

പുനർനിർമാണ പാക്കേജിൽ 25 പദ്ധതികൾ‌ എണ്ണിപ്പറഞ്ഞ മന്ത്രി ടി.എം. തോമസ് ഐസക് 42 ലക്ഷം പേർക്കു ഗുണം ചെയ്യുന്ന ക്ഷേമ പെൻഷൻ 100 രൂപ വീതം വർധിപ്പിച്ചു. പ്രളയ ദുരിതം മറികടക്കാൻ 4700 കോടി രൂപയുടെ ജീവനോപാധി പാക്കേജ്, എല്ലാവർക്കും എൽഇഡി ബൾബ്, വിദേശത്തു നിന്നു മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം, ഓഖി പാക്കേജ് നടപ്പാക്കാൻ 1000 കോടി എന്നിവയും പ്രഖ്യാപിച്ചു.

വാഹനങ്ങൾക്ക് സെസിനു പുറമെ റോഡ് നികുതിയിലും വർധന പ്രഖ്യാപിച്ചത് ഉപഭോക്താവിനു അധിക ഭാരം വരുത്തിവയ്ക്കും. കഴിഞ്ഞ ബജറ്റിന്റെ തനിയാവർത്തനമെന്നോണം ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനവും സർക്കാർ സേവനങ്ങൾക്കുള്ള ഫീസിൽ 5 ശതമാനവും വർധന പ്രഖ്യാപിച്ചു. 3000 ചതുരശ്രയടിക്കു മുകളിലുള്ള വീടുകൾക്ക് ആഡംബര നികുതി വർധിപ്പിച്ചു. മദ്യനികുതി വർധിപ്പിക്കില്ലെന്ന ഉറപ്പിൽനിന്നു പിൻമാറിയ മന്ത്രി 2% അധിക നികുതി ചുമത്തി.

ആരോഗ്യ ഇൻഷുറൻസ് 42 ലക്ഷം പേർക്ക്

സാർവത്രിക ആരോഗ്യ ഇൻഷുറൻസ് പദ്ധതി മേയ് മുതൽ ന‍‍ടപ്പാക്കും.  ഒരു ലക്ഷം രൂപയുടെ പരിരക്ഷ ഇൻഷുറൻസ് കമ്പനിയും ഇതിനു മുകളിൽ ചെലവു വരുന്ന ഹൃദ്രോഗ, അർബുദ ചികിൽസകൾക്ക് 5 ലക്ഷം രൂപവരെ സർക്കാർ നേരിട്ടും നൽകും. 

സിനിമാനിരക്ക് കൂടും

സിനിമാ ടിക്കറ്റിന് അധിക നികുതി 11 %. നൂറു രൂപ വരെയുള്ള ടിക്കറ്റിനു ജിഎസ്ടി ഉൾപ്പെടെ ഇനി 23 % നികുതി; നൂറു രൂപയ്ക്കു മേൽ 29 %.

പ്രളയസെസ് വില ഉയരും 1%; ഏപ്രിൽ 1ന് പ്രാബല്യത്തിലാകും

12%, 18%, 28% ജിഎസ്ടി നിരക്കുകൾക്കു കീഴിൽ വരുന്ന 928 ഉൽപന്നങ്ങൾക്ക് 1% പ്രളയ സെസ് ഏർപ്പെടുത്തിയതോടെ ഏപ്രിൽ ഒന്നു മുതൽ ഇവയ്ക്കു വില ഉയരാം. 100 രൂപയ്ക്കു മേൽ വിലയുള്ള ഉൽപന്നങ്ങൾക്കാണു നികുതി സെസ് ബാധ്യത ഒരു രൂപ മുതൽ വന്നു തുടങ്ങുക. സ്വർണത്തിനും വെളളിക്കും മാത്രം 0.25 % എന്ന കുറഞ്ഞ സെസ് നിരക്ക് ഏർപ്പെടുത്തി. 

വില കൂടിയ ഉൽപന്നങ്ങൾക്കു മേൽ കാര്യമായ അധികബാധ്യത ഉപഭോക്താവിനു വരും. ഏപ്രിൽ 1 മുതൽ 2 വർഷത്തേക്കാണ് സെസ് പ്രാബല്യത്തിലുണ്ടാകുക.

വേഗറെയിലിന് 55,000 കോടി, റബറിന് 500 കോടി

∙ തിരുവനന്തപുരം മുതൽ കാസർകോടുവരെ 4 മണിക്കൂർ കൊണ്ട് എത്താവുന്ന വേഗട്രെയിൻ സർവീസിന് 55,000 കോടി രൂപ ചെലവിട്ട് എലിവേറ്റഡ് ഇരട്ടപ്പാത.

∙ റബറിനു താങ്ങുവിലയ്ക്ക് 500 കോടി.

∙ രണ്ടാം കുട്ടനാട് പാക്കേജിന് 1000 കോടി. വയനാടിനും തീരദേശത്തിനും പ്രത്യേക പരിപാടികൾ

∙ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 4% പലിശനിരക്കിൽ 3500 കോടി രൂപ വായ്പ.

∙ കെഎസ്ആർടിസിക്കും കുടുംബശ്രീക്കും 1000 കോടി വീതം.

∙ കൃഷിമേഖലയ്ക്ക് 1250 കോടി

∙ കോവളം- ബേക്കൽ വെസ്റ്റ് കോസ്റ്റ് ജലപാത 2020 ൽ പൂർത്തിയാക്കും.

ശബരിമലയെ കൈവിടാതെ പിണറായി സർക്കാർ, വിഡിയോ സ്റ്റോറി കാണാം

∙ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള പരിഷ്കരണം തുടങ്ങും. ഇവർക്കുള്ള ഇൻഷുറൻസ് പദ്ധതി മേയിൽ.

∙ എല്ലാ തുറമുഖങ്ങളെയും ബന്ധിപ്പിച്ച് സൈക്കിൾ ട്രാക്കോടുകൂടിയ തീരദേശ 

ഹൈവേയ്ക്ക് 6000 കോടി.

∙ റബർ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ  കോട്ടയത്തെ 200 ഏക്കറിൽ സിയാൽ മാതൃകയിൽ കമ്പനി.

∙ കിഫ്ബിക്കു കീഴിൽ ഇൗ വർഷം 20,000 കോടിയുടെ പദ്ധതികൾ.

∙ ആശ വർക്കേഴ്സിന്റെ ഓണറേറിയം 500 രൂപ വർധിപ്പിച്ചു. നിലവിൽ 7000 രൂപ. 

വില കൂടുന്ന ഉൽപന്നങ്ങളിൽ ചിലത്:

മരുന്നുകൾ, മാർബിൾ, ഗ്രാനൈറ്റ്, ടൂത്ത് പേസ്റ്റ്, ബാഗ്, തടി ഉൽപന്നങ്ങൾ, 1000 രൂപയ്ക്കു മേലുള്ള തുണിത്തരങ്ങൾ, മൊബൈൽ ഫോൺ, കംപ്യൂട്ടർ, ലാപ്ടോപ്, എൽഇഡി ബൾബ്, വാഹനങ്ങൾ, സൈക്കിൾ, കളിപ്പാട്ടങ്ങൾ, ഗ്രൈൻഡർ, ചെരുപ്പ്, സിമന്റ്, മൈക്ക, ഫ്ലോർ ടൈൽ, ഫാൻ, റഫ്രിജറേറ്റർ, ഇലക്ട്രിക് മോട്ടോർ, എൽഇഡി ടിവി, എൽസിഡി ടിവി, ഇലക്ട്രിക് സ്വിച്ച്, വാച്ച്, പെയിന്റ്, സോപ്പ്, പൈപ്പ്, ബാത്റൂം ഉപകരണങ്ങൾ, ടയർ, വാഹന ഭാഗങ്ങൾ, എയർ കണ്ടിഷനർ, വാഷിങ് മെഷീൻ, ഡിഷ് വാഷർ, മൈക്രോവേവ് അവ്ൻ, ഡിജിറ്റൽ ക്യാമറ, കണ്ടൻസ്ഡ് പാൽ, സോസ്, ജാം, കാർപെറ്റ്, സ്റ്റീൽ പാത്രങ്ങൾ, ലോട്ടറി, ചോക്കലേറ്റ്, കേക്ക്, ഐസ്ക്രീം, റബർ ഉൽപന്നങ്ങൾ, സിഗരറ്റ്, പ്ലൈവുഡ്, ഗ്ലാസ്, തറയോട്, വാട്ടർ ടാങ്ക്, സ്റ്റൗ, സംഗീത ഉപകരണങ്ങൾ, മെത്ത, ശീതള പാനീയങ്ങൾ.

‘മിനുങ്ങാൻ’ മുടക്കണമേറെ

ബീയർ, വൈൻ, വിദേശമദ്യം എന്നിവയ്ക്കു 2% നികുതി കൂട്ടി. ഇതിലൂടെ 180 കോടിയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. മദ്യത്തിനു നേരത്തെ പ്രളയസെസ് ഈടാക്കിയതിലൂടെ സർക്കാരിന് 310 കോടി രൂപ ലഭിച്ചിരുന്നു.  

റോഡിൽ തീപാറും

ബൈക്കുകളും കാറുകളും ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾക്ക് ഞെട്ടിക്കുന്ന വിലക്കയറ്റത്തിനു വഴിയൊരുക്കി ബജറ്റിൽ ഇരട്ടി നികുതി. പൊതുവെ ചുമത്തിയ 1% സെസ് ഏറ്റവുമധികം ബാധിക്കുന്നത് വാഹന വിപണിയെയാണ്. ഇതിനു പുറമെയാണ് 15 വർഷത്തേക്കുള്ള ഒറ്റത്തവണ റോഡ് നികുതിയിലെ 1% വർധന. ഒരു ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് 2000 രൂപ മുതൽ 40,000 രൂപ വരെ വില വർധിക്കുന്ന തരത്തിലാണ് നികുതിയും സെസും. 

2 ഗഡു ഡിഎ ഏപ്രിലിലെ ശമ്പളത്തോടൊപ്പം

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള 2 ഗഡു ക്ഷാമബത്ത ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകും. 2018 ജനുവരി ഒന്നു മുതലുള്ള 2 ശതമാനവും ജൂലൈ മുതലുള്ള 3 ശതമാനവും ക്ഷാമബത്തയാണു നൽകുന്നത്. ഇതോടെ ക്ഷാമബത്ത 20 ശതമാനത്തിൽ എത്തും. 

മരുന്നിന് കയ്പേറും

12 % ജിഎസ്ടി സ്ലാബിൽ ഉള്ള ഇനങ്ങൾക്കെല്ലാം സെസ് ചുമത്തുന്നതോടെ മരുന്നുകൾക്കും വില കൂടും. ഇൻസുലിൻ ഉൾപ്പെടെ 23 % മരുന്നുകൾ മാത്രമാണ് 5 % ജിഎസ്ടി സ്ലാബിലുള്ളത്. കേരളത്തിലാകട്ടെ, വിപണിയിലുള്ള 90 % മരുന്നുകളും 12 % സ്ലാബിലാണ്.