Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയം പിന്നിൽ; സാമ്പത്തികം മുന്നിൽ

kerala-budget-assembly-thomas-issac

ഇടതുമുന്നണിയുടെ രാഷ്ട്രീയ നയപരിപാടിയുടെ രേഖയായിക്കൂടി ബജറ്റിനെ കണ്ടിരുന്ന മന്ത്രി തോമസ് ഐസക് ഇക്കുറി കളം മാറ്റി. തന്റെ പത്താം ബജറ്റിനെ സാമ്പത്തിക കെട്ടുറപ്പിനുള്ള നയരേഖയായാണ് ഐസക് വിലയിരുത്തുന്നത്. സാമ്പത്തിക പരാധീനതകളുടെ ചുറ്റുവട്ടത്തു നിന്നു നവകേരളം കെട്ടിപ്പടുക്കുകയെന്ന എടുത്താൽ പൊങ്ങാത്ത ഭാരം താങ്ങുന്നതിന്റെ ആയാസം ബജറ്റിൽ പ്രകടം. അതുകൊണ്ടു തന്നെ ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടു വാരിക്കോരിയുള്ള പ്രഖ്യാപനങ്ങളില്ല.

കേരളത്തോട് എന്തിനീ ക്രൂരത–തോമസ് ഐസക്, വിഡിയോ സ്റ്റോറി കാണാം

പ്രളയ സെസ് പ്രതീക്ഷിച്ചതാണെങ്കിലും അതു ചർച്ചകളുടെ കേന്ദ്രബിന്ദുവായി. വിലക്കയറ്റമെന്ന മുറവിളി തിരഞ്ഞെടുപ്പു പടിവാതിൽക്കൽ നിൽക്കെ ഇടതുമുന്നണി കേൾക്കാനാഗ്രഹിക്കില്ല. പ്രളയത്തിന്റെ ആഘാതം നേരിട്ട് ഏറ്റുവാങ്ങിയ ജനങ്ങളിൽനിന്ന് അതു കൂടുതൽ പ്രതിഷേധം വിളിച്ചുവരുത്തിയേക്കാം. നികുതിവർധന അടിസ്ഥാനപരമായി ഇടതിന്റെ നയമല്ല; ഇക്കുറി ഗത്യന്തരമില്ലെന്ന ന്യായമാണു മന്ത്രി നിരത്തുന്നതെങ്കിലും സഭയിലും പുറത്തും പ്രതിപക്ഷത്തിന്റെ ആക്രമണം നേരിടേണ്ടിവരും. പതിവു വിട്ടു പ്രതിപക്ഷ നേതാവിനെതിരെ തിരിഞ്ഞതിലൂടെ, പ്രതിരോധമല്ല തന്റെ വഴിയെന്ന് ഐസക് വ്യക്തമാക്കുകയും ചെയ്തു.

കടക്കെണിക്കു മേലെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാൻ കഴിയാത്തതിന്റെ ക്ഷീണം മറികടക്കാൻ നിലവിലുള്ളവയെ നവകേരളവുമായി ഘടിപ്പിക്കുകയെന്ന കൗശലമാണ് 25 പദ്ധതികളിലൂടെ മന്ത്രി പയറ്റിയത്. ഒപ്പം റവന്യു കമ്മി 1% ആയി താഴ്ത്തിയും ധനക്കമ്മി 3 ശതമാനത്തിൽ നിർത്തുമെന്ന ആത്മവിശ്വാസം പങ്കുവച്ചും സംസ്ഥാനത്തിന്റെ സാമ്പത്തിക വിശ്വാസ്യത നിലനിർത്താൻ ശ്രമിക്കുന്നു. കേന്ദ്രം വടിയെടുത്താലും ഒന്നുമില്ലെന്ന പഴയ ലാഘവബുദ്ധി ഉപേക്ഷിച്ചിരിക്കുന്നു. റവന്യു വരുമാനമായി 15,348 കോടി രൂപ നികുതി പിരിച്ചും മറ്റും കണ്ടെത്തുമെന്ന പ്രതീക്ഷയാണു പുറമേ പ്രകടിപ്പിക്കുന്നതെങ്കിലും ലോകബാങ്ക് അടക്കമുള്ള ഏജൻസികളുടെ സഹായത്തിൽ തന്നെയാണു കണ്ണ്.

ശബരിമലയെ കൈവിടാതെ പിണറായി സർക്കാർ, വിഡിയോ സ്റ്റോറി കാണാം

കോർപറേറ്റ് നിക്ഷേപം കേരളത്തിലേക്കു വഴിമാറിയൊഴുകുന്നതിന്റെ ആഹ്ലാദം സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ ഐസക് ബജറ്റിൽ പ്രകടിപ്പിക്കുന്നു. ബഹുരാഷ്ട്ര കുത്തകളുടെ വരവിലും ശുഭപ്രതീക്ഷയാണ്. നിലനിൽക്കാനും വളരാനും സാധ്യമായ വഴികൾ, ഇടതിനെ പിന്തുണയ്ക്കുന്ന അടിസ്ഥാന വിഭാഗങ്ങൾക്കു തലോടൽ, ഒപ്പം നവോത്ഥാനവും അൽപം കേന്ദ്രവിരുദ്ധതയും. ശബരിമല പ്രഖ്യാപനങ്ങൾ കൂടിയായപ്പോൾ പ്രതീക്ഷിച്ച ചേരുവയായി. എല്ലാം കിഫ്ബിയിൽ അർപ്പിക്കുമ്പോൾ കിഫ്ബിയെ ആരു സഹായിക്കുമെന്ന പ്രതിപക്ഷത്തിന്റെ ചോദ്യം ബാക്കി.

രണ്ടു ദിവസമായി പനിയുള്ള ഐസക്കിന്റെ മുഖത്തെ അസുഖഭാവം കണ്ടിട്ടുള്ള കുശലത്തിനു കൂടിയാണ് ബജറ്റ് അവതരണത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മുതിർന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക രോഗത്തിനുള്ള ഒറ്റമൂലിയാകുമോ ഈ ബജറ്റ് എന്നതിൽ അപ്പോഴും മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ഉറപ്പുണ്ടാകാനിടയില്ല.