Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനമഹായാത്ര: ലക്ഷ്യം ഏകാധിപത്യത്തിൽ നിന്നുള്ള മോചനമെന്ന് മുല്ലപ്പള്ളി

Mullappally-Ramachandran

തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏകാധിപത്യ ഭരണത്തിൽ നിന്നുള്ള മോചനം ലക്ഷ്യമിട്ടാണ് ഇന്നു തുടങ്ങുന്ന ജനമഹായാത്രയെന്നു കെപിസിസി പ്രസിഡന്റ്് മുല്ലപ്പള്ളി രാമചന്ദ്രൻ. വർഷം 2 കോടി യുവാക്കൾക്കു തൊഴിൽ നൽകുമെന്നു പറഞ്ഞ്് അധികാരത്തിലേറിയ മോദി, ഉള്ള തൊഴിലുകൾ കൂടി ഇല്ലാതാക്കി.

തൊഴിലില്ലായ്്മ 45 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കിലെത്തി. റഫാൽ ഇടപാടിൽ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി നടത്തി. ശതകോടികൾ വെട്ടിച്ച വിജയ് മല്യ, ലളിത് മോദി, നീരവ് മോദി തുടങ്ങിയവർ ഭരണകക്ഷിയുടെ സംരക്ഷണത്തിൽ വിദേശത്തേക്ക്് കടന്നു.15 വമ്പൻ വ്യവസായികളുടെ മൂന്നരലക്ഷം കോടി രൂപ മോദി എഴുതിത്തള്ളി. അയോധ്യയിലെ ക്ഷേത്രനിർമാണം പൊടിതട്ടിയെടുത്തു വർഗീയത ആളിക്കത്തിക്കാനാണു സംഘപരിവാർ ശ്രമം. പെട്രോൾ വില റെക്കോർഡിട്ടു.

മോദി ഇന്ത്യയെ വിഭജിച്ചപ്പോൾ, പിണറായി കേരളത്തെ വിഭജിച്ചു. ശബരിമല ഒരു നിമിത്തമായെന്നു മാത്രം. വിശ്വാസ സംരക്ഷണത്തിനുവേണ്ടി യുഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം സുപ്രീംകോടതിയിൽ തിരുത്തി നൽകിയാണ് ഇടതുസർക്കാർ വിശ്വാസികളെ അടിച്ചത്. സ്ത്രീകളെ സന്നിധാനത്ത്് എത്തിക്കാനുള്ള മുഖ്യമന്ത്രിയുടെ അത്യുത്സാഹം കേരളത്തെ കലാപഭൂമിയാക്കി. മോദിക്കും പിണറായിക്കുമെതിരെയുള്ള അതിശക്തമായ മുന്നേറ്റം ജനമഹായാത്രയിലൂടെ ഉണ്ടാകുമെന്നു മുല്ലപ്പള്ളി പറഞ്ഞു.

ജനമഹായാത്ര ഇന്നു തുടങ്ങും

കാസർകോട് ∙ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കും സാമൂഹിക തിന്മകൾക്കുമെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഇന്നു 3നു കാസർകോട് നായന്മാർമൂലയിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5നു കുമ്പളയിൽ യാത്രയ്ക്ക് ആദ്യ സ്വീകരണം നൽകും.

‘നമ്മൾ ഇന്ത്യയെ കണ്ടെത്തി, നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും’ എന്നതാണു യാത്രയുടെ സന്ദേശം. യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ ആണു സംസ്ഥാനതല ഏകോപനം. കെപിസിസി സെക്രട്ടറിമാരായ അബ്ദുൽ മുത്തലിബ്, ഐ.കെ.രാജു എന്നിവരാണു ജാഥ മാനേജർമാർ. സംസ്ഥാനത്തൊട്ടാകെ 139 സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം 28നു തിരുവനന്തപുരത്തു സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.