ADVERTISEMENT

തിരുവനന്തപുരം∙ ടോമിൻ തച്ചങ്കരിയെ കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നീക്കി രണ്ടാം ദിവസം തന്നെ 'തച്ചങ്കരി പരിഷ്കാരങ്ങൾ അട്ടിമറിക്കാൻ യൂണിയനുകൾ. തച്ചങ്കരി കൊണ്ടു വന്ന 'ഡ്രൈവർ കം കണ്ടക്ടർ' പരിഷ്കാരം അട്ടിമറിക്കാനാണ് യൂണിയനുകളുടെ ശ്രമം. ഡ്രൈവർ‌ കം കണ്ടക്ടറായി (ഡിസി) ഡ്യൂട്ടിക്ക് പോകാൻ ഇന്നലെ പുലർച്ചെ തമ്പാനൂർ കെഎസ്ആർടിസി ടെർമിനിലിൽ എത്തിയ കണ്ടക്ടറെ ഇറക്കി വിട്ടു. പകരം കണ്ടക്ടർ റാങ്കിലുള്ളയാളെ അയച്ചു.

കണ്ടക്ടർമാരുടെ കുറവ് പരിഹരിക്കാൻ സ്ഥിരം കണ്ടക്ടർമാർ ഇനി അധിക ഡ്യൂട്ടി ചെയ്യേണ്ടതില്ലെന്നും യൂണിയനുകൾ നിർദേശിച്ചു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് യൂണിയനുകൾ പ്രതികരിച്ചു. ഡ്രൈവർമാർ തുടർച്ചയായി വിശ്രമമില്ലാതെ ബസോടിക്കുന്ന അവസ്ഥയ്ക്കു മാറ്റം വരുത്താനാണ് 2017ൽ കർണാടക മാതൃകയിൽ ഡ്രൈവറും ‍ഡ്രൈവർ കം കണ്ടക്ടറുമായി ദീർഘദൂരബസുകളിൽ പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ഇതിനെതിരെ യൂണിയനുകൾ അന്നു മുതലേ പ്രതിഷേധമുയർത്തിയിരുന്നു.

തച്ചങ്കരിയെ മാറ്റിയതിനു പിന്നാലെയാണ് പാലക്കാട്, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള നാലു സർവീസുകളിലെ ‘ഡ്രൈവർ കം കണ്ടക്ടർ’ സംവിധാനം മാറ്റി പകരം കണ്ടക്ടറെ നിയോഗിച്ചത്. എന്നാൽ ഇത് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് ഇന്നലെ രാവിലെ ഡ്യൂട്ടിക്കെത്തിയ ഡിസിയായ ജിനോ പറഞ്ഞു. അതേസമയം തച്ചങ്കരിയുടെ ഉത്തരവ് ലംഘിക്കപ്പെട്ടില്ലെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടി. എട്ടു മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള ഷെഡ്യൂളുകളിലാണ് ഡിസി സംവിധാനം ആവശ്യമുള്ളത്.

എന്നാൽ പാലക്കാട്, കോഴിക്കോട് സർവീസുകളിൽ സമയം ഇതിൽ കുറവായതിനാലാണ് ഡിസിയെ ഒഴിവാക്കി പകരം കണ്ടക്ടർമാരെ നിയോഗിച്ചതെന്നും ഇവർ പറയുന്നു. മറ്റ് ദീർഘദൂര സർവീസുകളിൽ തൽസ്ഥിതി തുടരുമെന്നും അധികൃതർ പറഞ്ഞു. മുകളിൽ നിന്നുള്ള നിർദേശത്തിന്റെ പേരിലാണ് പരിഷ്കാരമെങ്കിലും മുകളിൽ നിന്ന് ആരാണ് ഉത്തരവ് നൽകിയതെന്ന് പറയാൻ അധികൃതർ തയ്യാറല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com