Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റേഷൻകട മേഖലയിൽ സിപിഎമ്മിന്റെ പുതിയ സംഘടന: സമ്മേളനം നാളെ

ആലപ്പുഴ ∙ റേഷൻകട മേഖലയെയും കൈപ്പിടിയിലാക്കി സിപിഎം. നിലവിലുള്ള സ്വതന്ത്ര സംഘടനകളിൽ പ്രവർത്തിക്കുന്നവരെ സംഘടിപ്പിച്ചാണ് സിപിഎം പുതിയ യൂണിയന് രൂപം നൽകുന്നത്. ലൈസൻസികളെയും സെയ്ൽസ്മാൻമാരെയും ഉൾപ്പെടുത്തി രുപീകരിക്കുന്ന യൂണിയന്റെ പ്രഥമ സംസ്ഥാന സമ്മേളനം നാളെ 10ന് ആലപ്പുഴ അഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കൺവീനർ സി.ബി.ഷാജികുമാർ അറിയിച്ചു.

എല്ലാ ജില്ലകളിൽ നിന്നുമായി 800 പ്രതിനിധികൾ പങ്കെടുക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെ‌യ്യും. മന്ത്രിമാരായ ടി.എം.തോമസ് ഐസക്ക്, ജി.സുധാകരൻ, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാനത്ത് 1324 റേഷൻ കടയുടമകളും അത്രതന്നെ സെയിൽസ്മാൻമാരും ഉണ്ടെങ്കിലും കടയുടമയ്ക്ക് മാത്രമാണ് സർക്കാർ 18,000 രൂപ ശമ്പളം നൽകുന്നതെന്ന് സിപിഎം യൂണിയൻ സംഘാടക സമിതി ചെയർമാൻ പി.പി.ചിത്തരഞ്ജൻ പറഞ്ഞു. ഇതിൽനിന്നു വേണം സെയിൽസ്മാന്റെ ശമ്പളവും കടവാടകയും കറന്റ് ചാർജും നൽകേണ്ടത്. അതിനാൽ ഉടമയ്ക്ക് കട നടത്തിക്കൊണ്ടുപോകാൻ കഴിയുന്നില്ല. യൂണിയൻ സ്ഥാപിക്കാൻ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണെന്നും ചിത്തരഞ്ജൻ പറഞ്ഞു.

റേഷൻ സാധനങ്ങൾ സർക്കാർ ചെലവിൽ വാതിൽപ്പടി വിതരണം നടത്തണമെന്നും ലൈസൻസിക്കും ജീവനക്കാർക്കും ശമ്പളം ഏർപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ച് നടത്തിയ സമരങ്ങൾക്ക് ഫലം കണ്ടതോടെയാണ് സിപിഎം സംസ്ഥാനതലത്തിൽ യൂണിയൻ സ്ഥാപിക്കാൻ തീരുമാനിച്ചതെന്നും മറ്റ് സംഘടനകളിൽ പെട്ടവർ പറയുന്നു.