Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്നത്തെ നവോത്ഥാന നായകനാക്കാനുള്ള സർക്കാർ നീക്കം പൊള്ളത്തരമെന്ന് ജി. സുകുമാരൻ നായർ

g-sukumaran-nair

ചങ്ങനാശേരി ∙ മന്നംജയന്തി നെഗോഷ്യബിൾ ഇൻസ്ട്രമെൻറ്സ് ആക്ട് പ്രകാരമുള്ള അവധിയായാക്കണമെന്ന ആവശ്യം നിരസിച്ച സംസ്ഥാന സർക്കാർ മന്നത്തു പത്മനാഭനെ നവോത്ഥാന നായകനാക്കാൻ ശ്രമിക്കുന്നതിലെ പൊള്ളത്തരം മനസിലാക്കണമെന്നു എൻഎസ്എസ്. സംസ്ഥാന സർക്കാരുകളിൽ നിന്ന് പലതും നേടിയെടുത്ത ശേഷം എൻഎസ്എസ് ചുവടുമാറ്റുന്നുവെന്നു തെറ്റായ പ്രചാരണം നടക്കുന്നതായും എൻഎസ്എസ് മുഖപ്രത്രമായ സർവീസിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.

എൻഎസ്എസിന്റെ ആവശ്യ പ്രകാരം മന്നം ജയന്തി പൊതു അവധിയായി  യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ചു. ഇത്  നെഗോഷ്യബിൾ ഇൻസ്ട്രമെൻറ്സ് ആക്ട് പ്രകാരമുള്ള അവധിയായാക്കണമെന്നു മാത്രമാണ് ഇടതു സർക്കാരിനോട് ആവശ്യപ്പെട്ടത്. നായർ സമുദായത്തിന്റെ വൈകാരികമായ ഈ ആവശ്യം  ഈ സർക്കാർ അവഗണിച്ചു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനുള്ള ദൗത്യം ഏറ്റെടുത്ത മത സാമുദായിക സംഘടനകൾക്ക് സർക്കാർ കുത്തക പാട്ടത്തിനു സ്ഥലം നൽകിയിരുന്നു.  മറ്റുള്ളവർക്കൊപ്പം സ്ഥലം പതിച്ചു  വാങ്ങുകയാണ് എൻ എസ്എസും ചെയ്തത്.

കോളജുകളിൽ നിന്നു പ്രീഡിഗ്രി വേർപെടുത്തി ഹയർ സെക്കൻഡറി നടപ്പാക്കിയപ്പോൾ നഷ്ടമായ സീറ്റുകൾ ഉൾപ്പെടുത്തി ഹയർ സെക്കൻഡറി സ്കൂളുകൾ അനുവദിച്ചു തരുമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ അനുസരിച്ചുള്ള സ്കൂളുകൾക്ക് അനുമതി നേടാനാണ് എൻഎസ്എസ് ശ്രമിച്ചത്. അർഹതയിൽ കവിഞ്ഞൊന്നും പിടിച്ചുപറ്റാൻ അന്നും ഇന്നും എൻഎസ്എസ് ശ്രമിച്ചിട്ടില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

സാമൂഹികമായി അവഗണിക്കപ്പെട്ട എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയാണ് എൻഎസ്എസ് നിലകൊണ്ടത്. ഇത് ബോധ്യപ്പെട്ടപ്പോഴാണ്  യുഡിഎഫ് സർക്കാർ സംവരണം ഒഴികെയുളള ആവശ്യങ്ങൾ നടപ്പാക്കിയത്.  ഇതിന്റെ തുടർച്ചയാണ്  ഇപ്പോഴത്തെ ഇടതു മുന്നണി സർക്കാരും ചെയ്തുവരുന്നത്. എൻഎസ്എസിന്റെ  സമദൂര നിലപാടാണ്  ഇതിനു കാരണമെന്നും സർവീസിലെ ലേഖനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിശദീകരിക്കുന്നു.

യുഡിഎഫ് സർക്കാർ പറക്കുളത്ത് അനുവദിച്ച എയ്ഡഡ് കോളജിന് ഇപ്പോഴത്തെ സർക്കാരിൽ നിന്നു പ്രവർത്തനാനുമതി വാങ്ങാനായി ഹൈക്കോടതിയിൽ പോകേണ്ടി വന്നതു വിസ്മരിക്കരുതെന്നും ലേഖനത്തിൽ പറയുന്നു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.