Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിവേഗ റെയിൽ കോർപറേഷനു ചെലവാക്കിയത് 30 കോടി; പിന്നാലെ വേഗപാതയ്ക്കായി വീണ്ടും സാധ്യതാപഠനം

മഹേഷ് ഗുപ്തൻ
government of kerala

തിരുവനന്തപുരം∙ സംസ്ഥാനബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനമായി സർക്കാർ അവതരിപ്പിച്ച വേഗറെയിൽപ്പാതയ്ക്കു മുൻപു രൂപവൽക്കരിച്ച അതിവേഗ റെയിൽ കോർപറേഷനു വേണ്ടി ചെലവാക്കിയത് 30 കോടിയിലേറെ രൂപ.  ഇതിനു പുറമെയാണ് വേഗപാതയ്ക്കായി വീണ്ടും സാധ്യതാപഠനം നടത്താനും രൂപരേഖ തയാറാക്കാനും ഏജൻസിയെ ചുമതലപ്പെടുത്തിയത്. അതേസമയം, അതിവേഗ കോർപറേഷൻ സമർപ്പിച്ച രൂപരേഖയുടെ അടിസ്ഥാനത്തിൽ തന്നെയാണ് വേഗറെയിൽപ്പാതയുടെ സാധ്യതാപഠനവും നടത്തുന്നത്. അലൈൻമെന്റിലും കാര്യമായ മാറ്റമുണ്ടാകാൻ ഇടയില്ല.

നിർമാണ സാങ്കേതിക വിദ്യയിൽ മാത്രമേ വ്യത്യാസമുണ്ടാകൂ. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗപാതയ്ക്കായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ തയാറാക്കിയ രൂപരേഖ 2016ൽ അതിവേഗ റെയിൽ കോർപറേഷൻ പുതിയ പാതയുടെ മേൽനോട്ടം വഹിക്കുന്ന കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനു കൈമാറിയിരുന്നു. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, കൊച്ചി, തൃശൂർ, വളാഞ്ചേരി, കോഴിക്കോട് കണ്ണൂർ വഴി നിലവിലെ റെയിൽപാതയ്ക്കു സമാന്തരമായാണ് അലൈൻമെന്റ് നിശ്ചയിച്ചിരുന്നത്. 190 കിലോമീറ്റർ തൂണുകൾക്കു മുകളിലൂടെയും 146 കിലോമീറ്റർ ഭൂമിക്കടിയിൽക്കൂടിയും നിർമിക്കാനാണ് നിർദേശിച്ചിരുന്നത്. 20 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കണം. ആകെ 790 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നും 3868 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്നുമാണ് ഡിഎംആർസിയുടെ റിപ്പോർട്ടിലുള്ളത്.

പദ്ധതിക്കായി 2011ൽ 50 കോടി രൂപയും 2012ൽ ഒരു കോടി രൂപയും അനുവദിച്ചിരുന്നു. കോർപറേഷൻ ഉദ്യോഗസ്ഥരുടെ വേതനം ഉൾപ്പെടെ 25 കോടിയോളം രൂപയാണ് ചെലവഴിച്ചത്. ഡിഎംആർസിക്കുള്ള തുക രണ്ടുവർഷം കഴിഞ്ഞിട്ടും നൽകിയിട്ടില്ല. 

നിർമാണം തുടങ്ങാൻ വൈകും

ഒരു വർഷത്തിനുള്ളിൽ പാതയുടെ നിർമാണം തുടങ്ങുമെന്ന ബജറ്റ് പ്രഖ്യാപനം പ്രായോഗികമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. സാധ്യതാപഠന റിപ്പോർട്ടും രൂപരേഖയും തയാറാക്കി റെയിൽവേ ബോർഡിന്റെയും കേന്ദ്രസർക്കാരിന്റെയും അനുമതി നേടാൻ തന്നെ ഏറെ സമയമെടുക്കും. ഏറ്റവും ചുരുങ്ങിയത് 1000 ഹെക്ടർ എങ്കിലും ഭൂമി ഏറ്റെടുക്കേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.