Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനകദുർഗയ്‌ക്ക് ഊമക്കത്തുവഴി വധഭീഷണി

പെരിന്തൽമണ്ണ∙ ശബരിമലയിൽ സന്ദർശനം ന‌ടത്തിയ കനകദുർഗയ്‌ക്ക് വധഭീഷണിയുമായി ഊമക്കത്ത്. ഇവരെ താമസിപ്പിച്ചി‌ട്ടുള്ള സംരക്ഷണ കേന്ദ്രത്തിലെ അഡ്‌മിനിസ്‌ട്രേറ്റർക്കാണ് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിയുംവരെ കനകദുർഗയ്‌ക്കും ബിന്ദുവിനും എവിടെയും ഇരിക്കാം, നടക്കാം. എന്നാൽ വിധി ഞങ്ങൾ നടപ്പാക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. കൈപ്പടയിലെഴുതിയ കത്ത് പെരിന്തൽമണ്ണയിൽ നിന്നുതന്നെയാണ് പോസ്‌റ്റ് ചെയ്‌തിട്ടുള്ളത്.

അഡ്‌മിനിസ്‌ട്രേറ്ററുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ശബരിമല സന്ദർശനത്തിനു ശേഷം അങ്ങാ‌ടിപ്പുറത്തെ ഭർതൃവീട്ടിൽ പ്രവേശിപ്പിക്കാതെ വന്നതോടെയാണ് ഇവരെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയത്. ഇതു സംബന്ധിച്ച ഹർജി നാളെ പുലാമന്തോൾ ഗ്രാമകോ‌ടതി പരിഗണിക്കും. സുപ്രീം കോ‌ടതി നിർദേശപ്രകാരം കനകദുർഗയ്‌ക്ക് ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുതൽ ഇവർ സപ്ലൈകോയുടെ അങ്ങാടിപ്പുറം ഡിപ്പോയിൽ ജോലിക്കു പോകുന്നുണ്ട്. ആനമങ്ങാട് മാവേലി സ്‌റ്റോറിൽ അസി.സെയിൽസ് ഗേൾ ആയി ജോലി ചെയ്‌തിരുന്ന ഇവരെ സുരക്ഷാ കാരണങ്ങളാലാണ് അങ്ങാടിപ്പുറത്തേക്കു മാറ്റിയത്. ശബരിമല കയറിയതിനു ശേഷം ആനമങ്ങാട് മാവേലി സ്‌റ്റോറിലും മുൻപ് കത്തിലൂടെയും ഫോൺ മുഖേനയും ഭീഷണി ഉണ്ടായിട്ടുണ്ട്.

തൃശൂർ തേക്കിൻകോട് മൈതാനിയിൽ നടക്കുന്ന നവോത്ഥാന കൂട്ടായ്‌മാ സംഗമത്തിനായി കനകദുർഗ ഇന്നലെ തൃശൂരിലേക്കു പോയി. രാവിലെ കെഎസ്‌ആർ‌ടിസി ബസിൽ പൊലീസ് സുരക്ഷയിലാണു പോയത്. ബസിന് പൊലീസ് വാഹനത്തിന്റെ അകമ്പടിയും ഉണ്ടായിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.