Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം: പുതിയ സർക്കുലർ

kerala-secretariat.jpg.image.784.410

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിലും പുറത്തും മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര വകുപ്പ് കഴിഞ്ഞ നവംബറിൽ ഇറക്കിയ സർക്കുലർ വിവാദമായ സാഹചര്യത്തിൽ ഭേദഗതി വരുത്തി പുതിയത് ഇറക്കി. പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാധ്യമങ്ങളോടു പ്രതികരിക്കുന്നുണ്ടോയെന്ന കാര്യം പബ്ലിക് റിലേഷൻസ് വകുപ്പു(പിആർഡി) വഴി മുൻകൂട്ടി അറിയിക്കുമെന്നു സർക്കുലറിൽ പറയുന്നു.

പൊതു സ്ഥലങ്ങളിൽ പിആർഡി അനുമതിയോടെ മാത്രമേ മാധ്യമങ്ങൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാവൂ എന്നായിരുന്നു പഴയ സർക്കുലറിൽ പറഞ്ഞിരുന്നത്. സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകരുടെ പ്രവേശനം സന്ദർശന സമയത്ത് അല്ലെങ്കിൽ അക്രഡിറ്റേഷൻ, എൻട്രി പാസ് വഴി നിയന്ത്രിക്കുമെന്ന വ്യവസ്ഥയിൽ ഇപ്പോഴും മാറ്റം വരുത്തിയിട്ടില്ല. സന്ദർശന സമയമല്ലെങ്കിൽ സെക്രട്ടേറിയറ്റിലെ ഓഫിസർമാരെ കാണുന്നതിനു അക്രഡിറ്റേഷൻ, പ്രവേശന പാസ് എന്നിവ വേണം.

മുഖ്യമന്ത്രിയുടെയും മറ്റും പ്രതികരണത്തിനു മാധ്യമങ്ങൾ തിരക്കു കൂട്ടുന്നതു സുരക്ഷാ പ്രശ്നം സൃഷ്ടിക്കുന്നുവെന്ന പേരിലാണു നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയത്. പിആർഡിയുടെ അനുമതി ഇല്ലാതെയാണ് ഇപ്പോൾ മാധ്യമങ്ങൾ പ്രതികരണം ആരായുന്നത്. ഇത് അവസാനിപ്പിക്കുമോയെന്ന കാര്യത്തിൽ സർക്കുലറിൽ വ്യക്തതയില്ല. സെക്രട്ടേറിയറ്റിന്റെ വിവിധ ബ്ലോക്കുകളിൽ വിഐപികളുടെ പ്രതികരണം എടുക്കാൻ പ്രത്യേക സൗകര്യം പിആർഡി ഒരുക്കണം. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, സർക്കാർ ഗെസ്റ്റ് ഹൗസ്, റെസ്റ്റ് ഹൗസ് തുടങ്ങിയ സ്ഥലങ്ങളിലും മീഡിയ കോർണറുകൾ തയാറാക്കണം. സർക്കാരും മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിനു പിആർഡിക്കു  കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുന്നതാണു പുതിയ സർക്കുലർ.

മന്ത്രിസഭാ തീരുമാനങ്ങൾ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാർത്താസമ്മേളനങ്ങൾ എന്നിവ മാധ്യമപ്രവർത്തകരെ മുൻകൂട്ടി അറിയിക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കോൺഫറൻസ് ഹാളിലെ യോഗങ്ങൾ,ഫൊട്ടോ സെഷനുകൾ എന്നിവ പിആർഡി മുഖേന മുൻകൂട്ടി അറിയിക്കും. യാദൃച്ഛികമായ പരിപാടികൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകളിൽ നിന്നു നേരിട്ട് അറിയിക്കാം.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രത്യേക അഭിമുഖങ്ങൾക്ക് അവരുടെ ഓഫിസിൽ നിന്നോ പിആർഡിയിൽ നിന്നോ മുൻകൂട്ടി അനുമതി വാങ്ങണം. ഗെസ്റ്റ് ഹൗസ്, റസ്റ്റ് ഹൗസ്, ഹോട്ടലുകൾ എന്നിവിടങ്ങളിലെ പൊതുപരിപാടികളും മുൻകൂട്ടി അറിയിക്കും. തൽസമയ സംപ്രേഷണത്തിനു ലൈവ് യു ബാഗ് പോലുള്ള സംവിധാനം ഉപയോഗിക്കാൻ പരമാവധി ശ്രമിക്കണം.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.