Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകരവിളക്ക് തെളിക്കാനുള്ള മലയരയന്മാരുടെ അവകാശം പുനഃസ്ഥാപിക്കണം: രാജഗോപാ‍ൽ

ഒ. രാജഗോപാൽ ഒ. രാജഗോപാൽ

തിരുവനന്തപുരം ∙ ശബരിമലയിൽ മകരവിളക്കു തെളിക്കുന്നതിനു മലയരയന്മാർക്ക് ഉണ്ടായിരുന്ന അവകാശം പുനഃസ്ഥാപിക്കണമെന്ന് നിയമസഭയിൽ ബിജെപി അംഗം ഒ. രാജഗോപാൽ. ഇക്കാര്യത്തിൽ രേഖകളുള്ളതിനാൽ ഉചിതമായ തീരുമാനമെടുക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി.

മകരജ്യോതി തെളിക്കുന്നതുമായി ബന്ധപ്പെട്ടു പല സങ്കൽപങ്ങളുണ്ടെങ്കിലും അതു ചിലർ കൊളുത്തുന്നതാണെന്നതു വസ്തുതയാണെന്നു രാജഗോപാൽ പറഞ്ഞപ്പോൾ ഭരണപക്ഷം കയ്യടിച്ചു. പരമ്പരാഗതമായി വനങ്ങളിൽ ജീവിച്ചിരുന്ന മലയരയന്മാരാണ് ഇതു ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ കുറേ ആൾക്കാരും സർക്കാരും ദേവസ്വവുമെല്ലാം ചേർന്നാണു കൊളുത്തുന്നതെന്നും രാജഗോപാൽ പറഞ്ഞു.

പൊന്നമ്പലമേട്ടിലെ മകരവിളക്ക് തെളിക്കൽ, അയ്യപ്പപ്രതിഷ്ഠയിലെ തേനഭിഷേകം എന്നീ ആചാരങ്ങളിൽ നേരത്തെ മലയരയ സമുദായക്കാർ പൂജാരിമാരായിരുന്നുവെന്ന് ഐക്യ മലയരയസഭ, അയ്യപ്പധർമസംഘം, അഖിലകേരള മലയരയ മഹാസഭ എന്നിവർ നിവേദനത്തിൽ അറിയിച്ചിട്ടുണ്ടെന്നു കടകംപള്ളി പറഞ്ഞു. പിന്നീടു പരിഷ്കാരങ്ങളുടെ പേരിൽ ഈ ആചാരങ്ങൾ ഒഴിവാക്കപ്പെട്ടുവെന്നും അവകാശം പുനഃസ്ഥാപിക്കണമെന്നുമാണു നിവേദനം.

പൊന്നമ്പലമേട്ടിൽ പണ്ടു നിത്യപൂജ ഉണ്ടായിരുന്നെന്നും കാലക്രമേണ ആദിവാസികൾ അവിടെ നിന്ന് ഒഴിക്കപ്പെട്ടുവെന്നും ഹൈക്കോടതി ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. അതിനാൽ വിഷയത്തിന്റെ എല്ലാ വശവും പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അതു രഹസ്യമല്ലേയെന്ന് ബാലൻ, പുറത്തുവരട്ടെയെന്ന് സ്പീക്കർ

മകരവിളക്കു തെളിക്കുന്നതു സംബന്ധിച്ച രഹസ്യം പുറത്തുവിടുന്ന സബ്മിഷനാണെന്നു മനസ്സിലാക്കിയാണോ സ്പീക്കർ അനുവദിച്ചതെന്ന് സഭയിൽ മന്ത്രി എ.കെ. ബാലൻ. ഇക്കാര്യത്തിൽ പൊതുവേ എടുക്കുന്ന നിലപാടിനു വിരുദ്ധമാണു സബ്മിഷൻ. കൊളുത്തുന്നതാണ് എന്നെല്ലാം പ്രചാരമുണ്ടെങ്കിലും അക്കാര്യം ഔദ്യോഗികമായി പുറത്തുവിടാറില്ലല്ലോയെന്നും ബാലൻ ചൂണ്ടിക്കാട്ടിയെങ്കിലും ആ ക്രമപ്രശ്നം സ്പീക്കർ തള്ളി.

ഇതു ചരിത്രനിമിഷവും നാഴികക്കല്ലുമാണെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സബ്മിഷൻ അവതരിപ്പിച്ച രാജഗോപാലിനെ അഭിനന്ദിക്കുന്നുവെന്നും സ്പീക്കർ പറഞ്ഞപ്പോൾ, സത്യം പുറത്തുവരണമെന്നു തന്നെയാണു താനും ആഗ്രഹിക്കുന്നതെന്നു ബാലൻ തിരുത്തി. മകരജ്യോതിയും വിളക്കും രണ്ടാണെന്ന് ആദ്യം മനസ്സിലാക്കണമെന്നു പി.സി. ജോർജ് ചൂണ്ടിക്കാട്ടി. ജ്യോതി തെളിയുന്നതാണു വിശ്വാസത്തിന്റെ ഭാഗം. മകരവിളക്കു തെളിക്കുന്നത് ആചാരത്തിന്റെ ഭാഗവും – ജോർജ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.