Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരം പിടിക്കാൻ ബിജെപിയുടെ ഒരുക്കം

BJP Flag

തിരുവനന്തപുരം∙ ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വിലയിരുത്താൻ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രാംലാൽ തലസ്ഥാനത്തെത്തും. പിന്നാലെ ഈ മാസം തന്നെ ദേശീയ നേതാക്കൾ കൂട്ടത്തോടെ കേരളം സന്ദർശിക്കും. ബുധനാഴ്ച തിരുവനന്തപുരത്തു ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ രാംലാൽ പങ്കെടുക്കും. തുടർന്നു തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ ‘ശക്തികേന്ദ്ര’ ചുമതലക്കാരുടെ യോഗത്തിലും സംബന്ധിക്കും.

തിരുവനന്തപുരം മണ്ഡലത്തിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനവും രാംലാലിന്റെ വരവിനു പിന്നിലുണ്ട്. കേരളത്തിൽ ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലമായിട്ടാണു ദേശീയനേതൃത്വം തിരുവനന്തപുരത്തെ കണക്കാക്കുന്നത്. ഏറ്റവും മികച്ച സ്ഥാനാർഥിയെയും ഇവിടെ തേടുന്നു. പ്രതിരോധ മന്ത്രി നിർമല സീതാരാമനെ മൽസരിപ്പിക്കണമെന്ന ആഗ്രഹം ദേശീയ നേതൃത്വത്തെ നേതാക്കൾ അറിയിച്ചിട്ടുണ്ട്. നടൻ മോഹൻലാലിനു വേണ്ടി ശ്രമമുണ്ടെങ്കിലും അദ്ദേഹം മനസ്സു തുറന്നിട്ടില്ല. ഇവർ രണ്ടുപേരുമില്ലെങ്കിൽ നടൻ സുരേഷ് ഗോപിയെ പരിഗണിച്ചേക്കും.

ഈ മണ്ഡലത്തിന്റെ കാര്യത്തിൽ കേന്ദ്ര നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 14 നു പത്തനംതിട്ടയിലെത്തും. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട എന്നീ പാർലമെന്റ് മണ്ഡലങ്ങളടങ്ങുന്ന ക്ലസ്റ്റിലെ ‘ശക്തികേന്ദ്ര’ സംവിധാനത്തിന്റെ ചുമതലക്കാരുടെ യോഗത്തിലും വോട്ടർ പട്ടികയിലെ പേജ് തിരിച്ചുള്ള ചുമതല ഏൽപിച്ചിരിക്കുന്ന പത്തനംതിട്ട മണ്ഡലത്തിലെ ‘പേജ് പ്രമുഖു’മാരുടെയും യോഗത്തിലും പങ്കെടുക്കും.

അമിത് ഷാ, നിർമല സീതാരാമൻ, രവിശങ്കർപ്രസാദ് എന്നിവരും ഈ മാസം ഇത്തരം യോഗങ്ങൾക്കായി എത്തും. സംഘടനാപരമായ തയാറെടുപ്പിനാണ് ഇപ്പോൾ മുൻതൂക്കം. എൻഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കിയാലുടൻ കോർ കമ്മിറ്റി ചേർന്നു സ്ഥാനാർഥി ചർച്ചകൾ നടത്തും. മാർച്ച് ആദ്യത്തോടെ ചർച്ചകൾ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.