Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽഡിഎഫ് ചർച്ചകൾ മാർച്ച് ആദ്യം വരെ നീളും

LDF

തിരുവനന്തപുരം∙ സീറ്റ് വിഭജനവും സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എൽഡിഎഫിന്റെ കേരളത്തിലുള്ള ചർച്ചകൾ മാർച്ച് ആദ്യത്തേക്കു നീളും. 11 ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ ഘടകകക്ഷികൾ സീറ്റിനായി അവകാശവാദങ്ങൾ ഉന്നയിക്കാനിടയുണ്ട്. എന്നാൽ 14 മുതൽ ഇടതു നേതാക്കൾ മേഖലാ ജാഥകളുടെ തിരക്കിലായതിനാൽ മാർച്ച് 2ന് അത് അവസാനിച്ചശേഷമേ തുടർനടപടികൾക്കു സാധ്യതയുള്ളൂ.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണു രണ്ടു ജാഥകൾ നയിക്കുന്നത്. ഇവർ രണ്ടു പേരുമില്ലാതെ മുന്നണിക്കു കൂടിയാലോചനകൾക്കു പരിമിതിയുണ്ട്. മാർച്ച് 2നാണ് ഇരുജാഥകളും സമാപിക്കുന്നത്. കോൺഗ്രസിന്റെ പട്ടിക ഫെബ്രുവരി അവസാനം വരുമെന്ന പ്രഖ്യാപനമുണ്ടെങ്കിലും മുഴുവൻ സ്ഥാനാർഥികളെയും അവർക്ക് ഇതിനിടയിൽ രംഗത്തിറക്കാൻ കഴിയുമെന്നു സിപിഎം കരുതുന്നില്ല. ‘ ഞങ്ങൾക്ക് ഇക്കാര്യത്തിലൊന്നും വേവലാതിയില്ല. ചർച്ചയിലേക്കു കടന്നാൽ ആവശ്യമെങ്കിൽ ഒറ്റദിവസം കൊണ്ടു തന്നെ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കാൻ സാധിക്കും’– സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ മാത്രമാണു ചർച്ചയ്ക്കു വന്നത്. സിപിഐയുടെ സംസ്ഥാന നിർവാഹക സമിതി ഇന്നു ചേരുന്നുണ്ട്. കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാകമ്മിറ്റി തള്ളിയതിനെത്തുടർന്ന് എന്തു വേണമെന്നതും എൽഡിഎഫ് ജാഥകളുടെ തയാറെടുപ്പും യോഗം പരിഗണിക്കും.

ഈ മാസം 8, 9 തീയതികളിൽ നടക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്കു കൂടുതൽ ഗൗരവത്തോടെ കടക്കും. പിബിയിൽ നിന്നു മത്സരിക്കേണ്ടതാരൊക്കെയെന്ന കാര്യവും അവിടെ പരിഗണിച്ചേക്കാം. ഭൂരിപക്ഷം സീറ്റുകളും നേടാനാകുമെന്ന് സിപിഎം കേരളത്തിലെ ഭൂരിപക്ഷം സീറ്റുകളിലും ജയിക്കാൻ കഴിയുന്ന സാഹചര്യമാണു നിലവിലുള്ളതെന്നു സിപിഎം സംസ്ഥാനകമ്മിറ്റി യോഗം വിലയിരുത്തി. 2004 ൽ നേടിയ 20 ൽ 18 സീറ്റ് എന്ന ലക്ഷ്യമാണു പാർട്ടി മുന്നോട്ടു വയ്ക്കുന്നത്.

നേരത്തെ ശക്തമായ മുൻതൂക്കം തന്നെ സിപിഎമ്മിനും എൽഡിഎഫിനും ഉണ്ടായിരുന്നുവെങ്കിൽ ശബരിമല വിവാദത്തിനു ശേഷമുള്ള സാഹചര്യം അതിൽ മാറ്റം വരുത്തിയിട്ടുണ്ടോയെന്ന അഭിപ്രായം യോഗത്തിലുണ്ടായി. എങ്കിൽപോലും ഏറിയ പങ്ക് സീറ്റിലും ജയിക്കാൻ കഴിയുമെന്ന വിശ്വാസമാണു യോഗത്തിൽ ഉയർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.