Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലീഗ് വഴങ്ങുമെന്ന് പ്രതീക്ഷ; മാണി–ജോസഫ് വടം‌വലിയിൽ ആകാംക്ഷ

pj-joseph-mani

തിരുവനന്തപുരം∙ ലോക്സഭാ സീറ്റിന്റെ കാര്യത്തിൽ മുസ്‍ലീം ലീഗും കേരള കോൺഗ്രസും കടുംപിടിത്തം കാണിക്കില്ലെന്ന കണക്കുകൂട്ടലിൽ കോൺഗ്രസ്. ലീഗ് നേതൃത്വവുമായി സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ശുഭപ്രതീക്ഷയിലാണ്. കേരള കോൺഗ്രസിന്റേത് ആ പാർട്ടിക്കകത്തെ തർക്കവുമായിക്കൂടി ബന്ധപ്പെട്ട അവകാശവാദമായതിനാൽ അതെങ്ങനെ പരിണമിക്കുമെന്ന ആകാംക്ഷയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്.

യുഡിഎഫിൽ മിക്കപ്പോഴും പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങാറുള്ള ലീഗ് 3–ാം സീറ്റിന്റെ പേരിൽ പ്രശ്നമുണ്ടാക്കില്ലെന്നു കോൺഗ്രസ് കരുതുന്നു. 5–ാം മന്ത്രി സ്ഥാനത്തിന്റെ കാര്യമൊഴിച്ചാൽ ഒത്തുതീർപ്പിന്റെ നയതന്ത്രമാണു പൊതുവേ ലീഗിന്റേത്. അതേസമയം യൂത്ത് ലീഗ് അടക്കമുള്ള വിഭാഗങ്ങളിൽ നിന്നുമുള്ള സമ്മർദം തള്ളാനുമാകില്ല. ദേശീയതലത്തിൽ കോൺഗ്രസിനു പരമാവധി സീറ്റ് അനിവാര്യമെന്നു ചൂണ്ടിക്കാട്ടി ലീഗിനെ പിന്തിരിപ്പിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണു കോൺഗ്രസ് നേതൃത്വം.

കോൺഗ്രസിനു ലഭിക്കുമായിരുന്ന രാജ്യസഭാ സീറ്റ് യുഡിഎഫിലേക്കു കേരള കോൺഗ്രസിനെ തിരികെ കൊണ്ടുവരുന്നതിനായി അവർക്കു കൈമാറിയതിന്റെ വിമർശനം കെട്ടടങ്ങിയിട്ടില്ല. അതിനിടെ കോൺഗ്രസിന്റെ ഒരു ലോക്സഭാ സീറ്റ് കൂടി അവർക്കു നൽകാനുള്ള സാധ്യത പാർട്ടി നേതൃത്വം തള്ളുന്നു. സാധാരണ കെ.എം. മാണിയാണ് അധികസീറ്റിനായി വാദിക്കാറെങ്കിൽ ഇത്തവണ പി.ജെ. ജോസഫ് ആ ജോലി ഏറ്റെടുക്കുകയും മാണി പിന്തുണയ്ക്കുകയുമാണു ചെയ്തത്. മാണിഗ്രൂപ്പിനു ലഭിക്കുന്ന പാർലമെന്റ് സീറ്റ് തങ്ങൾക്കു വേണമെന്ന ജോസഫിന്റെ ആവശ്യമാണ് ഈ നീക്കത്തിനു പിന്നിൽ കോൺഗ്രസ് കാണുന്നത്. 2–ാം സീറ്റിനായി പരമാവധി ശ്രമിക്കുക, മുന്നണി അതു തള്ളുമ്പോൾ പാർട്ടിക്കകത്തേക്ക് അവകാശവാദം മാറ്റുക എന്ന തന്ത്രം പയറ്റാനാണു ജോസഫിന്റെ നീക്കം.

കേരളയാത്ര നടത്തുന്ന ജോസ് കെ.മാണിയെ പാർട്ടി ചെയർമാനാക്കാൻ തിരക്കിട്ടു നോക്കുന്നുവെന്ന നീരസവും അദ്ദേഹത്തിനുണ്ട്. കേരള കോൺഗ്രസിലെ പ്രശ്നം രമ്യമായി തീരണമെന്നു കോൺഗ്രസിനു നിർബന്ധമുണ്ട്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു പൊട്ടിത്തെറി ഉണ്ടായാൽ അത് ഇടുക്കി, കോട്ടയം, പത്തനംതിട്ട സീറ്റുകളിൽ ഇടതുമുന്നണി മുതലെടുക്കാനും സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.